‘ബീഫിനൊപ്പം പൊറോട്ട വിളമ്പിയാൽ മതി, ആരെയും നിർബന്ധിക്കേണ്ടി വരില്ല’; ‘കേരള സ്റ്റോറി 2’ വിനെ പരിഹസിച്ച് നടി വിജി വെങ്കടേഷ്

വിവാദങ്ങൾക്കിടെ ‘കേരള സ്റ്റോറി 2’ വിന്റെ ട്രെയിലറിനെതിരെ രൂക്ഷമായ പരിഹാസവുമായി നടി വിജി വെങ്കടേഷ് രംഗത്ത്. ചിത്രത്തിലെ ഒരു രംഗത്തിൽ യുവതിയെ ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിക്കുന്നത് കാണിക്കുന്നുണ്ട്. ഇതിനെ മുൻനിർത്തിയാണ് താരം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. ബീഫിനൊപ്പം നല്ല പൊറോട്ട കൂടി വിളമ്പിയാൽ മലയാളികളെ ആരെയും അത് കഴിപ്പിക്കാൻ ബലം പ്രയോഗിക്കേണ്ടി വരില്ലെന്നാണ് വിജി വെങ്കടേഷ് ഫേസ്ബുക്കിൽ കുറിച്ചത്.

ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് കേരളത്തിൽ നിന്നും ഉയരുന്നത്. വിദ്വേഷം പടർത്തുന്ന രീതിയിലുള്ള സംഭാഷണങ്ങളും വസ്തുതാവിരുദ്ധമായ കാര്യങ്ങളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രധാന ആക്ഷേപം. ഇതിനോടകം തന്നെ സിനിമയ്ക്കെതിരെ രാഷ്ട്രീയ-സാംസ്കാരിക മേഖലയിലുള്ള നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. വിജി വെങ്കടേഷിന്റെ പോസ്റ്റിന് താഴെയും നിരവധി പേർ പിന്തുണയുമായി എത്തുന്നുണ്ട്.

സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘കേരള സ്റ്റോറി’യുടെ ഒന്നാം ഭാഗവും വലിയ വിവാദങ്ങൾക്ക് വഴിമാറിയിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത് കാമാഖ്യ നാരായണ സിംഗാണ്. ചിത്രം കേരളത്തെയും ഒരു പ്രത്യേക മതവിഭാഗത്തെയും മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഫെബ്രുവരി 27-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.