മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾക്ക് തിരിച്ചടി; തട്ടിപ്പ് കേസ് റദ്ദാക്കില്ലെന്ന് സുപ്രീം കോടതി; അന്വേഷണം തുടരാൻ ഉത്തരവ്

ന്യൂഡൽഹി: ആഗോളതലത്തിൽ വൻ വിജയം നേടിയ ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളായ ബാബു ഷാഹിർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. തങ്ങൾക്കെതിരെ മരട് പോലീസ് രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യമാണ് കോടതി നിരാകരിച്ചത്. കേസിൽ കൃത്യമായ അന്വേഷണം ആവശ്യമാണെന്നും തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ പോലീസ് നടപടികൾ തുടരണമെന്നും ജസ്റ്റിസ് വിക്രം നാഥ് ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഇതോടെ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ള നിർമ്മാതാക്കൾക്ക് നിയമപോരാട്ടം തുടരേണ്ടി വരും.

സിനിമയിൽ ഏഴ് കോടി രൂപ നിക്ഷേപിച്ചാൽ ലാഭത്തിന്റെ 40 ശതമാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന അരൂർ സ്വദേശി സിറാജ് വലിയത്തറയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സിനിമ 240 കോടിയിലധികം രൂപ കളക്ഷൻ നേടിയിട്ടും തനിക്ക് വാഗ്ദാനം ചെയ്ത വിഹിതം നൽകിയില്ലെന്ന് സിറാജ് ആരോപിച്ചിരുന്നു. എന്നാൽ നിക്ഷേപകൻ കൃത്യസമയത്ത് പണം നൽകിയില്ലെന്നും ഇത് ഷൂട്ടിംഗ് തടസ്സപ്പെടുത്തിയെന്നുമാണ് നിർമ്മാതാക്കളുടെ വാദം. ഈ തർക്കം കേവലം സിവിൽ സ്വഭാവമുള്ളതാണെന്നും അതിനാൽ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നിർമ്മാതാക്കൾ കോടതിയെ സമീപിച്ചത്.

നേരത്തെ കേരള ഹൈക്കോടതിയും ഈ കേസ് റദ്ദാക്കാൻ വിസമ്മതിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാക്കിയ റിപ്പോർട്ടുകളിൽ ഗൂഢാലോചനയും വിശ്വാസവഞ്ചനയും നടന്നതായി സൂചനകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നിക്ഷേപ തുകയുടെ ഒരു ഭാഗം പ്രതികളുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് മാറ്റിയതായും ആരോപണമുണ്ട്. സുപ്രീം കോടതിയുടെ പുതിയ ഉത്തരവോടെ, സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ലാഭവിഹിതം സംബന്ധിച്ചും പോലീസിന് വിശദമായ അന്വേഷണം നടത്താൻ വഴിതുറന്നിരിക്കുകയാണ്.