
പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര സംവിധായകൻ ഗൗതം വാസുദേവ് മേനോന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. നിർമ്മാണ കമ്പനിയായ ആർ.എസ്. ഇൻഫോടെയ്ൻമെന്റിന് 4.25 കോടി രൂപയും പലിശയും നൽകണമെന്ന ഏകാംഗ ബെഞ്ചിന്റെ ഉത്തരവ് കോടതി ശരിവെച്ചു. ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കരാർ ലംഘനത്തെത്തുടർന്നാണ് കോടതിയുടെ ഈ നിർണ്ണായക വിധി.
2008-ൽ ആർ.എസ്. ഇൻഫോടെയ്ൻമെന്റും ഗൗതം മേനോന്റെ ഫോട്ടോൺ ഫാക്ടറിയും ചേർന്ന് ‘പ്രൊഡക്ഷൻ നമ്പർ 6’ എന്ന പേരിൽ ഒരു സിനിമ നിർമ്മിക്കാൻ ധാരണയായിരുന്നു. ഇതിനായി 4.25 കോടി രൂപ ഗൗതം മേനോൻ മുൻകൂറായി കൈപ്പറ്റിയിരുന്നു. എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ സിനിമ പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നിർമ്മാതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.
ഈ തുക 2010 മെയ് മാസം മുതലുള്ള 12 ശതമാനം പലിശ സഹിതം തിരിച്ചുനൽകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. തന്റെ ‘നീതാനേ എൻ പൊൻവസന്തം’ എന്ന ചിത്രം ഈ കരാറിന്റെ ഭാഗമായി നിർമ്മിച്ചതാണെന്ന ഗൗതം മേനോന്റെ വാദം കോടതി തള്ളി. രണ്ട് ചിത്രങ്ങളും വ്യത്യസ്തമായ കരാറുകളുടെ അടിസ്ഥാനത്തിലാണ് നിർമ്മിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ പി. വേൽമുരുകൻ, കെ. ഗോവിന്ദരാജൻ തിലകവതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. പലിശയും കോടതി ചെലവും ഉൾപ്പെടെ വലിയൊരു തുക ഗൗതം മേനോൻ നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.











