
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാത്തിരിപ്പുകളിലൊന്നായ ‘ദൃശ്യം 3’യുടെ റിലീസ് തീയതിയിൽ മാറ്റം. ഏപ്രിൽ രണ്ടിന് നിശ്ചയിച്ചിരുന്ന റിലീസാണ് ഇപ്പോൾ മാറ്റിവച്ചിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ ജന്മദിനമായ മേയ് 21-ന് ചിത്രം ആഗോളതലത്തിൽ തിയറ്ററുകളിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. നിർമ്മാതാക്കളായ ആശിർവാദ് സിനിമാസാണ് ഈ മാറ്റം ഔദ്യോഗികമായി അറിയിച്ചത്.
“ഭൂതകാലം ഒരിക്കലും നിശബ്ദമാവുന്നില്ല, അത് കാത്തിരിക്കുക മാത്രം ചെയ്യുന്നു” എന്ന നിഗൂഢത നിറഞ്ഞ അടിക്കുറിപ്പോടെയാണ് പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും പുതിയ നീക്കങ്ങൾക്കായി കാത്തിരിക്കുന്ന ആരാധകർക്ക് പുതിയ തീയതി ഇരട്ടി മധുരമാണ് നൽകുന്നത്. റിലീസ് മാറ്റിയെങ്കിലും ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ ഒട്ടും ചോരാതെ നിലനിർത്താൻ ഈ പ്രഖ്യാപനത്തിന് സാധിച്ചിട്ടുണ്ട്.
അതേസമയം, സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷകളുമായി എത്തുന്ന പ്രേക്ഷകർക്ക് സംവിധായകൻ ജീത്തു ജോസഫ് ചില മുൻകൂർ ജാമ്യങ്ങളും നൽകുന്നുണ്ട്. വലിയ ഹൈപ്പുകളോ മുൻവിധികളോ ഇല്ലാതെ വേണം തിയറ്ററുകളിൽ വരാനെന്നും ഇതൊരു നല്ല ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യം രണ്ടാം ഭാഗത്തിൽ നിന്ന് വ്യത്യസ്തമായി ഒന്നാം ഭാഗത്തിന്റെ ശൈലിയിലായിരിക്കും മൂന്നാം ഭാഗത്തിന്റെ മേക്കിംഗ് എന്നും അദ്ദേഹം സൂചിപ്പിച്ചു.
മലയാളം പതിപ്പിന് പുറമെ ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെക്കുറിച്ചുള്ള വാർത്തകളും സജീവമാണ്. അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി പതിപ്പ് ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ റിലീസ് ചെയ്യാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. മലയാളത്തിൽ മുരളി ഗോപി കൈകാര്യം ചെയ്ത വേഷത്തിലേക്ക് ഹിന്ദിയിൽ അക്ഷയ് ഖന്നയെ പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം പ്രോജക്റ്റിൽ നിന്ന് പിന്മാറിയത് വാർത്തയായിരുന്നു.











