‘ദുൽഖറുമായി പിണക്കമോ? വാട്ട്‌സാപ്പ് ചാറ്റ് കാണിച്ചു തരണോ?’; തമിഴ് മാധ്യമപ്രവർത്തകന് ടൊവിനോയുടെ മാസ് മറുപടി

നടൻ ദുൽഖർ സൽമാനും ‘ലോക’ (Lokah) സിനിമയുടെ അണിയറപ്രവർത്തകരും ചേർന്ന് ടൊവിനോ തോമസിനെ ഒതുക്കാൻ ശ്രമിക്കുന്നു എന്ന തരത്തിലുള്ള തമിഴ് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി ടൊവിനോ. ‘പള്ളിച്ചട്ടമ്പി’ എന്ന ചിത്രത്തിന്റെ തമിഴ് പ്രൊമോഷനായി ചെന്നൈയിൽ എത്തിയതായിരുന്നു താരം. ‘ലോക’ ഒന്നാം ഭാഗത്തിൽ അഭിനയിച്ചിട്ടും രണ്ടാം ഭാഗത്തിന്റെ ചർച്ചകളിൽ ടൊവിനോയുടെ പേര് വരാത്തതും ദുൽഖർ മൗനം പാലിക്കുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.

ചോദ്യം കേട്ട് പൊട്ടിച്ചിരിച്ച ടൊവിനോ, താനും ദുൽഖറും തമ്മിലുള്ള ദീർഘകാലത്തെ സൗഹൃദത്തെക്കുറിച്ച് വാചാലനായി. ദുൽഖർ സൽമാൻ നായകനായ ‘തീവ്രം’ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് താൻ സിനിമയിൽ തുടങ്ങിയതെന്നും പിന്നീട് ‘എബിസിഡി’യിൽ അദ്ദേഹത്തിന്റെ വില്ലനായി അഭിനയിച്ചുവെന്നും ടൊവിനോ ഓർമ്മിപ്പിച്ചു. അന്നുമുതൽ ഇന്നുവരെ ദുൽഖർ തന്നോട് വളരെ മാന്യമായും സ്നേഹത്തോടെയുമാണ് പെരുമാറുന്നതെന്നും താരം വ്യക്തമാക്കി.

തങ്ങൾക്കിടയിൽ ഒരു പ്രശ്നവുമില്ലെന്നും വേണമെങ്കിൽ തങ്ങളുടെ വാട്ട്‌സാപ്പ് ചാറ്റുകൾ പരിശോധിക്കാമെന്നും ടൊവിനോ തമാശരൂപേണ പറഞ്ഞു. ‘ലോക’ സിനിമയുടെ സംവിധായകൻ അരുൺ തന്റെ ആദ്യ ചിത്രമായ ‘തരംഗ’ത്തിന്റെ സംവിധായകനാണെന്നും ചിത്രത്തിലെ മറ്റ് താരങ്ങളായ കല്യാണി പ്രിയദർശൻ, നസ്ലിൻ എന്നിവർ അടുത്ത സുഹൃത്തുക്കളാണെന്നും ടൊവിനോ കൂട്ടിച്ചേർത്തു. പുറത്തുനിന്നുള്ളവർക്ക് ഇത്തരം ഊഹാപോഹങ്ങൾ ഉണ്ടാക്കാൻ എളുപ്പമാണെന്നും എന്നാൽ തങ്ങൾക്കിടയിൽ അങ്ങനെയൊന്നില്ലെന്നും താരം ഉറപ്പിച്ചു പറഞ്ഞു.

‘ലോക’ സിനിമയുടെ പ്രൊമോഷനായി തന്നെ ദുബായിലേക്ക് ക്ഷണിച്ചതും ടിക്കറ്റുകൾ ബുക്ക് ചെയ്തതും ദുൽഖർ തന്നെയായിരുന്നുവെന്ന് ടൊവിനോ വെളിപ്പെടുത്തി. ഇത്തരം ഗോസിപ്പുകൾ എവിടെനിന്നാണ് വരുന്നതെന്ന് തനിക്ക് അറിയില്ലെന്നും ടൊവിനോ പറഞ്ഞു. നിലവിൽ ‘ലോക’ രണ്ടാം ഭാഗത്തിന്റെ തിരക്കഥാ ജോലികൾ നടക്കുകയാണെന്നും സിനിമ റിലീസ് ചെയ്യുന്ന സമയത്ത് അണിയറപ്രവർത്തകർക്കൊപ്പം താൻ വീണ്ടും വരുമെന്നും ടൊവിനോ മാധ്യമങ്ങളോട് പറഞ്ഞു.