രഞ്ജിത്തിനെതിരായ കേസ്; ‘അവൾക്കൊപ്പം’ എന്ന നിലപാട് അമ്മ ക്ക് ഇല്ലേ ?

സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ അവൾക്കൊപ്പം എന്ന നിലപാട് പറയാതെ താരസംഘടന അമ്മ. രഞ്ജിത്തിൻ്റെ പേര് പറയാതെ നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നുവെന്ന് മാത്രമാണ് അമ്മയുടെ പ്രതികരണം.

സംവിധായകനെതിരെ യുവനടി കൊടുത്ത പരാതി കോടതിയുടെ പരി​ഗണനയിലിരിക്കുന്നതിനാൽ നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നുവെന്നും വിശ്വസിക്കുന്നുവെന്നുമാണ് പ്രതികരണത്തിലുള്ളത്. എന്നാൽ സംവിധായകൻ്റെ പേരോ അവൾക്കൊപ്പം നിൽക്കുന്നുവെന്നോ പുറത്തിറക്കിയ കുറിപ്പിലില്ല.

കഴിഞ്ഞ ദിവസമാണ് യുവനടിയുടെ പരാതിയിൽ രഞ്ജിത്ത് അറസ്റ്റിലാവുന്നത്. സിനിമാ സെറ്റിൽ വെച്ച് രഞ്ജിത്ത് യുവനടിയെ ലൈം​ഗികമായി ആക്രമിച്ചെന്നാണ് പരാതി. അതേസമയം, റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന്‍റെ വക്കാലത്ത് ഏറ്റെടുത്തത് വിവാദമായതോടെ നിലപാട് തിരുത്തി സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി അംഗം കൂടിയായ അഭിഭാഷകൻ. രഞ്ജിത്തിന്‍റെ വക്കാലത്ത് ഒഴിഞ്ഞതായി അഡ്വക്കേറ്റ് മുഹമ്മദ് സിയാദ് അറിയിച്ചു.

എന്നാൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനു വേണ്ടി ഹാജരായത് സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി അംഗമാണെന്ന് അറിഞ്ഞില്ലെന്ന് താരസംഘടനയായ അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ.