ഒടുവിൽ ഉണ്ണികൃഷ്ണനെ മർദിച്ചു, നിർമാതാവിനെയും കൈയേറ്റം ചെയ്തു; രഞ്ജിത്തിനെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി ആലപ്പി അഷ്റഫ്

ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സംവിധായകൻ ആലപ്പി അഷ്റഫ് രംഗത്ത്. മുൻപ് പീഡനക്കേസിൽ കുടുങ്ങിയ രഞ്ജിത്തിന്റെ പഴയകാല പെരുമാറ്റങ്ങളെക്കുറിച്ചാണ് ആലപ്പി അഷ്റഫ് ഇപ്പോൾ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. അന്തരിച്ച പ്രശസ്ത നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ ‘ആറാം തമ്പുരാൻ’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് രഞ്ജിത്ത് മർദിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു എന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ നാഭിക്കിട്ട് രഞ്ജിത്ത് തൊഴിച്ചുവെന്നും അദ്ദേഹം നിലത്തുവീണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. ഈ സംഭവം പുറത്തറിഞ്ഞാൽ സിനിമയെ ബാധിക്കുമെന്ന് കരുതി അന്ന് പലരും ഇത് മൂടിവെക്കുകയായിരുന്നു. കൂടാതെ ‘പാവക്കൂത്ത്’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് ഇന്നത്തെ പ്രശസ്തനായ ഒരു നിർമാതാവിനെ രഞ്ജിത്ത് മർദിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

സിനിമയുടെ മറവിൽ രഞ്ജിത്ത് കാണിക്കുന്ന വൈകൃതങ്ങൾ ലിംഗഭേദമില്ലാത്തതാണെന്നും, ട്രാൻസ്‌ജെൻഡേഴ്‌സിനെയും മൃഗങ്ങളെയും വരെ അദ്ദേഹം ഉപദ്രവിച്ചിട്ടുണ്ടെന്നത് തന്നെ ഞെട്ടിക്കുന്ന കാര്യമാണെന്നും ആലപ്പി അഷ്റഫ് തുറന്നടിച്ചു. രഞ്ജിത്തിന്റെ അഹങ്കാരത്തിനും ക്രൂരതയ്ക്കും ലഭിച്ച ശിക്ഷയാണ് ഇപ്പോഴത്തെ അറസ്റ്റെന്നും, ഒടുവിൽ ഉണ്ണികൃഷ്ണനെപ്പോലെയുള്ള നിസ്സഹായരായ മനുഷ്യരുടെ കണ്ണുനീരാണ് അദ്ദേഹത്തെ ഇന്ന് ജയിലിൽ എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയിലെ പലരും ഇത്തരം ക്രൂരതകൾ കണ്ടിട്ടും മിണ്ടാതിരുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ രഞ്ജിത്തിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് സിനിമാ ലോകത്തെ നടുക്കുന്ന ഈ വെളിപ്പെടുത്തലുകളും പുറത്തുവന്നിരിക്കുന്നത്. നിലവിൽ പീഡനക്കേസിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട രഞ്ജിത്ത് എറണാകുളം സബ് ജയിലിലാണുള്ളത്.