
വിജയ് നായകനായ ബിഗ് ബജറ്റ് ചിത്രം ‘ജനനായകൻ’ റിലീസിന് മുൻപേ ഇന്റർനെറ്റിൽ ചോർന്ന സംഭവത്തിൽ തമിഴ് സിനിമാ ലോകത്ത് പ്രതിഷേധം പുകയുന്നു. സംഭവത്തിൽ ശക്തമായ ഭാഷയിൽ പ്രതികരിച്ച് നടൻ സൂര്യയും സൂപ്പർ താരം രജനികാന്തും രംഗത്തെത്തി. ഒരു സിനിമയ്ക്ക് പിന്നിലെ നൂറുകണക്കിന് ആളുകളുടെ കഠിനാധ്വാനത്തെ തകർക്കുന്ന ഇത്തരം പ്രവർത്തികൾ ഹൃദയഭേദകമാണെന്ന് സൂര്യ പറഞ്ഞു. ചോർന്ന വീഡിയോകൾ ആരും കാണരുതെന്നും അവ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആരാധകരോട് അഭ്യർത്ഥിച്ചു. ഇത് പൊറുക്കാനാകാത്ത തെറ്റാണെന്നും ഈ വിഷമഘട്ടത്തിൽ സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം നിൽക്കുന്നുവെന്നും സൂര്യ വ്യക്തമാക്കി.
സൂപ്പർ താരം രജനികാന്തും സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സിനിമ ചോർത്തിയ കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തണമെന്നും അവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിനിമ എന്ന വ്യവസായത്തെയും അതിനെ വിശ്വസിച്ച് പണം മുടക്കുന്ന നിർമ്മാതാക്കളെയും തകർക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടി വേണമെന്നാണ് രജനിയുടെ നിലപാട്.
സെൻസർ ബോർഡുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കെയാണ് വിജയിയുടെ രാഷ്ട്രീയ ചിത്രം ഓൺലൈനിൽ എത്തിയത്. 500 കോടിയോളം രൂപ ചിലവിട്ട നിർമ്മാതാക്കൾക്ക് ഇത് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. തമിഴ് സിനിമാ സംഘടനകളും താരങ്ങളും ഒരേസ്വരത്തിൽ പൈറസിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.











