രണ്ട് വർഷം മുൻപ് വന്ന വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി; സിദ്ധാർത്ഥിന്റെ രോഗവിവരത്തെക്കുറിച്ച് സീമ ജി. നായർ

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടൻ സിദ്ധാർത്ഥ് വേണുഗോപാലിന്റെ വേർപാടിൽ വിങ്ങുന്ന ഓർമ്മകൾ പങ്കുവെച്ച് നടി സീമ ജി നായർ. രണ്ട് വർഷം മുൻപ് അപ്രതീക്ഷിതമായി വന്ന ഒരു വയറുവേദനയിൽ നിന്നാണ് സിദ്ധാർത്ഥിന്റെ ജീവിതം മാറിമറിഞ്ഞതെന്ന് സീമ വെളിപ്പെടുത്തുന്നു. സാധാരണ ഗ്യാസ്ട്രബിൾ ആയിരിക്കുമെന്ന് കരുതി അവഗണിച്ച ആ വേദന ഒടുവിൽ വൻകുടലിനെ ബാധിച്ച അർബുദമാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും രോഗം ഗുരുതരമായ അവസ്ഥയിലെത്തിയിരുന്നു.

രോഗം തിരിച്ചറിഞ്ഞ നിമിഷം മുതൽ സിദ്ധാർത്ഥ് നടത്തിയ പോരാട്ടം സമാനതകളില്ലാത്തതായിരുന്നുവെന്ന് സീമ ഓർക്കുന്നു. ഏഴ് സർജറികളും അമ്പതിലേറെ കീമോതെറാപ്പികളും ആ ചെറുപ്പക്കാരൻ നിശബ്ദനായി സഹിച്ചു. ഓരോ തവണ തളരുമ്പോഴും ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന വലിയ പ്രതീക്ഷ സിദ്ധാർത്ഥിനുണ്ടായിരുന്നു. ചികിത്സയ്ക്കായി വലിയ തുക ആവശ്യമായി വന്ന ഘട്ടത്തിൽ സീമ ജി നായരുടെ നേതൃത്വത്തിൽ കലാകാരന്മാരും സന്നദ്ധ പ്രവർത്തകരും കൈകോർത്തിരുന്നു.

മരണാനന്തര ചടങ്ങുകൾക്കായി ഐവർമഠത്തിൽ എത്തിയപ്പോഴുണ്ടായ വേദനിപ്പിക്കുന്ന അനുഭവവും സീമ പങ്കുവെച്ചു. ജീവിതം അത്രമേൽ ആഗ്രഹിച്ച സിദ്ധാർത്ഥിന്റെ ചിതയ്ക്ക് അപ്പുറത്ത്, ജീവിതം സ്വയം അവസാനിപ്പിച്ച ഒരു മുപ്പതുകാരന്റെ മൃതദേഹം കണ്ടപ്പോൾ താൻ തകർന്നുപോയെന്ന് സീമ കുറിച്ചു. “ജീവിക്കാൻ കൊതിച്ചവർ ഒരുവശത്ത്, ജീവിതം വലിച്ചെറിഞ്ഞവർ മറുവശത്ത്” എന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. കസ്തൂരിമാൻ അടക്കമുള്ള പരമ്പരകളിലൂടെ ശ്രദ്ധേയനായ സിദ്ധാർത്ഥിന്റെ വിയോഗം ടെലിവിഷൻ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്.