ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ “മഹാകാളി” യുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്. 125 ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം നിർണായകമായ അവസാന ഷെഡ്യൂളിലേക്ക് പ്രവേശിക്കുകയാണ്. ഇന്ത്യൻ സിനിമയിലേക്ക് ഒരു വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ആണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപർണ്ണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർകെ ദുഗ്ഗൽ.

ഐമാക്സ് ഫോർമാറ്റിൽ ആണ് ചിത്രം ഒരുക്കുന്നത്. ഭൂമി ഷെട്ടി ആണ് ചിത്രത്തിലെ ടൈറ്റിൽ വേഷത്തിൽ നായികയായി എത്തുന്നത്. ഭൂമിയുടെ ഗംഭീര ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ നിർണായക വേഷം ചെയ്യുന്ന ബോളിവുഡ് താരം രോഹിത് സറഫ് തൻ്റെ ഭാഗങ്ങൾ പൂർത്തിയാക്കി. നേരത്തെ, ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്ന ബോളിവുഡ് താരം അക്ഷയ് ഖന്നയും തൻ്റെ ഭാഗങ്ങൾ പൂർത്തിയാക്കിയിരുന്നു. ശുക്രാചര്യ എന്ന കഥാപാത്രം ആയാണ് അക്ഷയ് ഖന്ന ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.

വമ്പൻ കാൻവാസിൽ, അതിനൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഈ ബ്രഹ്മാണ്ഡ മിത്തോളജിക്കൽ ഡ്രാമ ഒരുക്കുന്നത്. കഥയുടെ ആധികാരികതയും സത്തയും ഉൾക്കൊള്ളുന്ന രീതിയിൽ, ഒരു പുതുമുഖത്തെ നായികയായി അവതരിപ്പിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം സിനിമാ ലോകത്ത് ഒരു വിപ്ലവം സൃഷ്ടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആത്മീയതയും പുരാണവും സമകാലിക പ്രശ്നങ്ങളുമായി സംയോജിപ്പിച്ച് കൊണ്ടാണ് “മഹാകാളി” ഒരുക്കുന്നത്. ഇന്ത്യൻ സിനിമയിലെ സ്റ്റീരിയോടൈപ്പുകൾ തകർത്ത് കൊണ്ട്, ഈ ശക്തമായ സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലൂടെ കറുത്ത നിറമുള്ള ഒരു നായികയെ സൂപ്പർഹീറോ മഹാകാളി ആയി അവതരിപ്പിക്കുകയാണ്. കാളി ദേവിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. ഇന്ത്യയിലെ പല സിനിമാ ഇൻഡസ്ട്രികളിൽ നിന്നുമുള്ള പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൻ്റെ താരനിരയിലുണ്ട്.

ഹനുമാനിൽ ആരംഭിച്ച, പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത അധ്യായമായി ആണ് ‘മഹാകാളി’ എത്തുന്നത്. ഇന്ത്യൻ, വിദേശ ഭാഷകളിൽ ഐമാക്സ് ത്രീഡി ഫോർമാറ്റിലാകും ചിത്രം പുറത്തു വരിക. ചിത്രത്തെ കുറിച്ചുള്ള ആവേശകരമായ കൂടുതൽ അപ്ഡേറ്റുകൾ വൈകാതെ പുറത്ത് വിടും.

രചന- പ്രശാന്ത് വർമ്മ, സംഗീതം- സ്മാരൻ സായ്, ഛായാഗ്രഹണം – സുരേഷ് രഗത്, ക്രിയേറ്റീവ് ഡയറക്ടർ- സ്നേഹ സമീറ, തിരക്കഥാകൃത്ത്- സ്ക്രിപ്റ്റ്സ് വില്ലെ , കോസ്റ്റ്യൂം ഡിസൈനർ – ശില്പ GNS, പ്രൊഡക്ഷൻ ഡിസൈനർ- ശ്രീ നാഗേന്ദ്ര തംഗല, എക്സികുട്ടീവ് പ്രൊഡ്യൂസർ- വെങ്കട് കുമാർ ജെട്ടി, പബ്ലിസിറ്റി ഡിസൈനർ- അനന്ത് കാഞ്ചർല, പിആർഒ- ശബരി .