‘സിഗരറ്റിന്റെ സ്‌മെല്‍ എനിക്ക് അലര്‍ജി ഉണ്ടാക്കുന്നതായിരുന്നു, അതൊക്കെ വലിയൊരു ടാസ്‌കായിരുന്നുവെന്ന് ശ്രീവിദ്യ

sreevidya mullacheri about night drive character
sreevidya mullacheri about night drive character

വൈശാഖ് ചിത്രം ‘നൈറ്റ് ഡ്രൈവ്’ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തില്‍ അന്ന ബെന്നും റോഷനും പ്രധാന വേഷത്തിലെത്തുന്നു. അതേസമയം ചിത്രത്തില്‍ യുവനടി ശ്രീവിദ്യ മുല്ലച്ചേരി അവതരിപ്പിച്ച ‘അമ്മിണി അയ്യപ്പന്‍’ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുവരെ ശ്രീവിദ്യ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു വേഷമായിരുന്നു ഇത്. അതേസമയം കഥാപാത്രമായി മാറാന്‍ താന്‍ എടുത്ത തയ്യാറെടുപ്പുകളെ കുറിച്ച് മനസു തുറക്കുകയാണ് താരം.

‘സിനിമാ ടീം തന്നെയാണ് എന്റെ മേക്കോവറിന് പിന്നില്‍. സാധാരണ ബോബ് ചെയ്യുമ്പോള്‍ മുടിക്കൊരു അച്ചടക്കമുണ്ടാകുമല്ലോ. അതില്ലായിരുന്നു. മുടി ചുരുളനാക്കിയാണ് ഇട്ടത്. മൂക്ക് കുത്തി, കണ്ണട വച്ച് കെയര്‍ലസ് ആയി ഷര്‍ട്ടൊക്കെ ഇടുന്ന ഒരാളായിരുന്നു. മൂക്ക് കുത്തിയതിന്റെ പെയിനും കാര്യങ്ങളുമൊക്കെ ആദ്യം ഉണ്ടായി. സിഗരറ്റിന്റെ സ്‌മെല്‍ എനിക്ക് അലര്‍ജി ഉണ്ടാക്കുന്നതായിരുന്നു. അതൊക്കെ വലിയൊരു ടാസ്‌ക് തന്നെയാണ് എനിക്ക് തന്നതെന്ന് ശ്രീവിദ്യ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

‘അമ്മിണി അയ്യപ്പന്’ വേണ്ടി വൈശാഖേട്ടന്‍ ഒത്തിരി കാര്യങ്ങള്‍ പറഞ്ഞുതന്നിരുന്നു. നില്‍ക്കുമ്പോഴും നടക്കുമ്പോഴും എങ്ങനെ ആയിരിക്കണം എന്നൊക്കെ. ഗേളിഷ് ലുക്കൊരിക്കലും വരരുതെന്ന നിര്‍ബന്ധവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. മുടിവെട്ടിയപ്പോള്‍ തന്നെ പകുതിയും ഞാന്‍ മാറിയിരുന്നു. മുണ്ടൊക്കെ ഉടുത്ത് കുറേ റിഹേഴ്‌സലുകള്‍ ചെയ്തു. ‘അമ്മിണി അയ്യപ്പനെ’ പോലെ ഞാനും വളരെ കെയര്‍ലസ് ആയിട്ടുള്ള ആളാണ്. ഒരു വിഷയവും എന്നെ ബാധിക്കാറില്ല. ആ ഒരു സാമ്യം ഞാനും ആ ക്യാരക്ടറും തമ്മിലുണ്ടെന്നും ശ്രീവിദ്യ പറഞ്ഞു.