‘മമ്മൂക്കയും മുകേഷേട്ടനും ചേര്‍ന്ന് എസ്.എന്‍ സ്വാമി സാറിനെ പൊക്കി മുറിയിലിട്ട് ക്ലൈമാക്സ് പറയിച്ചു’ പ്രശാന്ത്

prasanth alexander about cbi 5 the brain
prasanth alexander about cbi 5 the brain

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രം ‘സി.ബി.ഐ 5: ദി ബ്രെയ്ന്‍’ ന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ ക്ലൈമാക്‌സ് അധികമാര്‍ക്കും അറിയില്ലെന്നാണ് പുറത്തു വരുന്ന വിവരം. നടന്‍ പ്രശാന്ത് അലക്സാണ്ടറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിക്കുന്നുണ്ട്. സി.ബി.ഐ അഞ്ചിന്റെ കഥയോ ക്ലൈമാക്സോ ഒന്നും അറിയാത്തതില്‍ ഒരു പരാതിയും ഇല്ലെന്നും അത് അത്രയും രഹസ്യമാക്കി വെക്കേണ്ടത് തന്നെയാണെന്നും പ്രശാന്ത് പറയുന്നു.

അതേസമയം സേതുരാമയ്യര്‍ സി.ബി.ഐയുടെ ക്ലൈമാക്സ് മമ്മൂക്കയ്ക്ക് പോലും അറിയില്ലായിരുന്നു എന്നൊരു കഥ താന്‍ കേട്ടിട്ടുണ്ടെന്നും ഒടുവില്‍ മുകേഷേട്ടനും മമ്മൂക്കയും ചേര്‍ന്ന് എസ്.എന്‍ സ്വാമി സാറിനെ പൊക്കി ഒരു മുറിയില്‍ കൊണ്ടുപോയി ലോക്ക് ചെയ്ത് മുഴുവന്‍ കഥയും പറയിപ്പിക്കുകയായിരുന്നെന്ന ഒരു കഥ സി.ബി.ഐ 5 ന്റെ സെറ്റില്‍ പ്രചരിച്ചിരുന്നെന്നും പ്രശാന്ത് പറഞ്ഞു.

‘ഞാന്‍ കേട്ട ഒരു കാര്യമാണ്. സത്യമാണോ എന്നറിയില്ല. സേതുരാമയ്യര്‍ സി.ബി.ഐയുടെ ക്ലൈമാക്സ് മമ്മൂക്കയ്ക്ക് പോലും അറിയില്ലായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ആരായിരുന്നു കൊലപാതകിയെന്ന് അദ്ദേഹത്തിന് പോലും അറിയില്ലായിരുന്നുവെന്നും പിന്നീട് അവസാനമായപ്പോള്‍ മമ്മൂക്കയും മുകേഷേട്ടനും കൂടി എസ്.എന്‍ സ്വാമി സാറിനെ പൊക്കിയെടുത്ത് ഒരു മുറിയില്‍ കൊണ്ടുപോയി ലോക്ക് ചെയ്ത് മുഴുവന്‍ കഥയും പറയിപ്പിച്ചിട്ടാണ് വിട്ടത് എന്നൊക്കെയാണ് ലൊക്കേഷനില്‍ വെച്ച് പലരും തമാശയായി പറയുന്നത്. അതുകൊണ്ട് തന്നെ സി.ബി.ഐ 5 ന്റെ കഥ നമ്മള്ക്ക് അറിയാത്തതുകൊണ്ട് യാതൊരു പരാതിയുമില്ല,’ പ്രശാന്ത് മൂവിമാന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.