നടന്‍ ഗിന്നസ് പക്രു സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടു

guinness pakru accident
guinness pakru accident

മലയാളികളുടെ പ്രിയ നടന്‍ ഗിന്നസ് പക്രു സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍ മഴുവങ്ങാടുചിറയ്ക്ക് സമീപത്തെ പാലത്തില്‍ വെച്ച് നടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിര്‍ദിശയില്‍ നിന്നും വന്ന കാറിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്നു പക്രു.

മറ്റൊരു കാറില്‍ പക്രു കൊച്ചിയിലേക്ക് മടങ്ങി. ആര്‍ക്കും പരുക്കുകളൊന്നുമില്ലെന്നും താന്‍ പങ്കെടുത്ത പരിപാടിയുടെ സംഘാടകര്‍ തന്നെ ഏര്‍പ്പാടാക്കിയ വണ്ടിയില്‍ തിരിച്ചു വീട്ടിലേയ്ക്ക് പോകുകയാണെന്നും ഗിന്നസ് പക്രു പ്രതികരിച്ചു.

അതേസമയം ഇടിയുടെ ആഘാതത്തില്‍ ടയര്‍പ്പൊട്ടി കാര്‍ നിന്നതിനാല്‍ വലിയൊരു അപകടമാണ് ഒഴിവായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇവിടെ അപകടങ്ങള്‍ പതിവാണെന്നും, കഴിഞ്ഞ ദിവസം ഒരു ആംബുലന്‍സ് അപകടത്തില്‍പ്പെട്ടിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.