മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

Follow Us :

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് മുഖ്യമന്ത്രിയ്‌ക്കും സിപിഎം നേതൃത്വത്തിനുമെതിരെ വിമർശനങ്ങൾ ഉയർന്നത്. കമ്മിറ്റിയിലെ ആദ്യദിനത്തിൽ ജില്ലാ കമ്മിറ്റിയംഗമായ കരമന ഹരി തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ സ്വാധീനമുണ്ടെന്ന് പറയുകയായിരുന്നു.

മേൽകമ്മിറ്റിയുടെ പ്രതിനിധിയായി എം സ്വരാജ് ആണ് കമ്മിറ്റിയിൽ പങ്കെടുത്തത്. ആരോപണം ഉന്നയിച്ചാൽ മാത്രം പോരെന്നും മുതലാളിയുടെ പേര് പറയണമെന്നും സ്വരാജ് നിലപാട് എടുത്തു. എന്നാൽ, കരമന ഹരി മറുപടി നൽകിയില്ല. ഇതോടെയാണ് ഹരിയുടെ പരാമർശം പരിശോധിക്കുമെന്നും വിശദീകരണം നൽകണമെന്നും പാർട്ടി ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിയെ കൂടാതെ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, സ്‌പീക്കർ എ.എൻ ഷംസീർ എന്നിവർക്കെതിരെയും ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനങ്ങൾ ഉയർന്നു. ഇന്നലത്തെ കമ്മിറ്റിയിൽ കരമന ഹരി പങ്കെടുത്തില്ല. തലസ്ഥാനത്തെ ഫാർമസ്യൂട്ടിക്കൽ വ്യവസായിയുമായി എ എൻ ഷംസീറിന് ബിസിനസ് ബന്ധമുണ്ടെന്ന് ചില ജില്ലാ കമ്മിറ്റിയംഗങ്ങളും ആരോപണം ഉന്നയിച്ചിട്ടുണ്ട്. കോർപ്പറേഷന്റെ പ്രവർത്തനവും മേയറുടെ ശൈലിയും കമ്മിറ്റിയിൽ നിന്ന് വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്.