മറ്റൊരു നായക നടനും സ്വന്തമാക്കാൻ സാധിക്കാത്ത അപൂർവ റെക്കോർഡ്; ഇന്ത്യൻ സിനിമയെ ഞെട്ടിച്ച് പൃഥ്വിരാജ്

ഇന്ത്യൻ സിനിമയിലെ മറ്റൊരു നായക നടനും സ്വന്തമാക്കാൻ സാധിക്കാത്ത അപൂർവ റെക്കോർഡിലേക്ക് മുന്നേറി നടൻ പൃഥ്വിരാജ്. സംവിധാനം ചെയ്ത സിനിമയും നായകനായി അഭിനയിച്ച സിനിമയും 100 കോടി ക്ലബിലെത്തിയെന്ന നേട്ടമാണ് താരത്തിന് സ്വന്തമായിട്ടുള്ളത്. ആടുജീവിതം 100 കോടിയിൽ കയറിയതോടെയാണ് പൃഥ്വി ഈ അപൂർവ നേട്ടത്തിലേക്ക് എത്തിയത്.

നേരത്തെ, പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫറും 100 കോടിയിലേറെ കളക്ഷൻ എത്തിയിരുന്നു. ഈ രണ്ടു ചിത്രങ്ങൾ തമ്മിൽ രസകരമായ മറ്റൊരു സാമ്യം കൂടെയുണ്ട്. ഇരുചിത്രങ്ങളും റിലീസിനെത്തിയത് മാർച്ച് 28നാണ്. പൃഥ്വിരാജിന്റെ സിനിമാ കരിയറിലെ തന്നെ ഏറെ പ്രധാനപ്പെട്ട ദിവസമായി ഇതോടെ മാറുകയാണ് മാർച്ച് 28. “ഗ്ലോബൽ ബോക്സ്ഓഫിസിൽ 100 കോടി! അഭൂതപൂർവമായ ഈ വിജയത്തിന് നന്ദി!” എന്നാണ് ആടുജീവിതം 100 കോടി ക്ലബിൽ കയറിയതിനെ കുറിച്ച് പൃഥ്വി പ്രതികരിച്ചത്. ലൂസിഫറിന്റെ രണ്ടാം ഭാ​ഗം എമ്പാരാന്റെ ഷൂട്ടിം​ഗ് തിരക്കിലാണ് പൃഥ്വിയിപ്പോൾ.