Film News

‘മുസ്ലീമായ തനിക്ക് കൈകൂപ്പി നമസ്തേ പറഞ്ഞ് ശീലമില്ലായിരുന്നു’; ആ ശക്തി മനസിലാക്കി തന്ന അനുഭവം പറഞ്ഞ് ആമിർ ഖാൻ

കൈകൂപ്പി നമസ്തേ പറയുന്നതിന്റെ ശക്തി വളരെ വലുതാണെന്ന് ബോളിവുഡ് താരം ആമീർ ഖാൻ. നെറ്റ്ഫ്ലിക്സിന്റെ ‘ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ’യുടെ ഏറ്റവും പുതിയ എപ്പിസോഡിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തൽ. പഞ്ചാബിലെ സിനിമാ ഷൂട്ടിംഗ് വേളയിലാണ് തനിക്ക് ഇക്കാര്യം ബോധ്യപ്പെട്ടത്. ‘ദംഗൽ’ സിനിമയുടെ ഷൂട്ടിം​ഗ് സമയത്ത് പഞ്ചാബിലുണ്ടായ മറക്കാനാവാത്ത അനുഭവവും ആമിർ പങ്കുവെച്ചു.

‘പഞ്ചാബിലെ ഒരു ഗ്രാമത്തിലായിരുന്നു ‘ദംഗൽ’ സിനിമയുടെ ചിത്രീകരണം. അതിരാവിലെ ഷൂട്ടിങ്ങിനായി എത്തുമ്പോൾ അവിടെയുള്ള ഗ്രാമീണർ വീടിനുപുറത്തേക്കിറങ്ങി ബഹുമാനപൂർവ്വം കൈകൂപ്പി തന്നെ സ്വീകരിച്ചിരുന്നു’ ആമിർ ഖാൻ പറഞ്ഞു. ‘എന്നെ സ്വീകരിക്കാനായി മാത്രം അവർ കാത്തു നിൽക്കുമായിരുന്നു. എന്നാൽ ആരും ഒരിക്കലും എന്നെ ശല്യപ്പെടുത്താനോ എന്റെ കാർ തടയാനോ ശ്രമിച്ചിട്ടില്ല. ഷൂട്ടിങ് കഴിഞ്ഞ് തിരികെ മടങ്ങുമ്പോഴും അവർ വീടിനു പുറത്തേക്ക് വന്ന് കൈകൂപ്പി ശുഭരാത്രി ആശംസകൾ നേരുമായിരുന്നു’ – ആമിർ കൂട്ടിച്ചേർത്തു.

ഒരു മുസ്ലീമായ തനിക്ക് കൈകൂപ്പി നമസ്തേ പറഞ്ഞ് ശീലമില്ലായിരുന്നു. രണ്ട് മാസം പഞ്ചാബിൽ ചിലവഴിച്ചപ്പോൾ ‘നമസ്തേ’ പറയുന്നതിന്റെ ശക്തി എന്താണെന്ന് ബോധ്യമായെന്നും ആമിർ പറഞ്ഞു. അത് വളരെ മഹത്തായ ഒരു വികാരമാണ്. പഞ്ചാബിലെ ആളുകൾ മറ്റുള്ളവരുടെ പദവിയോ സ്ഥാനമോ നോക്കാതെ അവരെ ബഹുമാനിക്കുന്നവരാണ്, അദ്ദേഹം പറഞ്ഞു.

Ajay Soni