‘അക്കരെ നിക്കണ തങ്കമ്മേ’.. ‘ആനന്ദം പരമാനന്ദ’ത്തിലെ കള്ള് പാട്ടെത്തി

ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്യുന്ന ചിത്രം ആനന്ദം പരമാനന്ദം എന്ന ചിത്രത്തിലെ കള്ള് പാട്ടെത്തി. ഷാന്‍ റഹ്‌മാന്‍ സംഗീതം സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന അക്കര നിക്കണ തങ്കമ്മേ.. എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഗാനമാണ് ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍, പ്രണവം ശശി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ രീതിയില്‍ പാടിയിരിക്കുന്ന ഗാനം പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ്.

മനു മഞ്ജിത്തിന്റേതാണ് ഗാനത്തിലെ വരികള്‍. ഫാമിലി ഹ്യൂമര്‍ വിഭാഗത്തില്‍ ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആയാണ് സിനിമ എത്തുക. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം സിന്ധുരാജ് ആണ്. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്ന പോസ്റ്റ്മാന്‍ ദിവാകരക്കുറുപ്പിന്റേയും വിവാഹം കഴിക്കാനുള്ള ആഗ്രഹവുമായി ഗള്‍ഫില്‍ നിന്നും എത്തുന്ന’പി പി ഗിരീഷ്’ എന്ന യുവാവിന്റേയും ഇവരുടെ ആത്മബന്ധത്തിന്റെയും കഥപറയുന്നതാണ് ഈ സിനിമ. ദിവാകരക്കുറുപ്പിനെ ഇന്ദ്രന്‍സും, പി പി ഗിരീഷിനെ ഷറഫുദ്ദീനും അവതരിപ്പിക്കുന്നു.

‘തിങ്കളാഴ്ച്ച നിശ്ചയം’ ഫെയിം അനഘ നാരായണന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അജു വര്‍ഗീസിന്റെ ‘മുളകിട്ട ഗോപി’ യാണ് സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം. ഇവര്‍ക്ക് പുറമെ മലയാളത്തിന്റെ മറ്റ് പ്രിയ താരങ്ങളും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രന്‍ ,

 

ശാലു റഹിം, കിജന്‍ രാഘവന്‍, വനിത കൃഷ്ണചന്ദ്രന്‍ ,നിഷാ സാരംഗ് എന്നിവരാണ് ആനന്ദം പരമാന്ദത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. സപ്തത രംഗ് ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഒ പി ഉണ്ണികൃഷ്ണന്‍, സന്തോഷ് വള്ളക്കാലില്‍, ജയഗോപാല്‍, പി എസ് പ്രേമാനന്ദന്‍, കെ.മധു എന്നിവരാണ്.

Nikhina