Categories: Film News

വിശാല്‍ അന്ന് ചെയ്തത് വലിയ ചതിയായിരുന്നു… എങ്കിലും ക്ഷമിക്കാന്‍ താന്‍ തയ്യാറാണ്-അബ്ബാസ്

തൊണ്ണൂറുകളിലെ റൊമാന്റിക് ഹീറോയായിരുന്നു നടന്‍ അബ്ബാസ്. തമിഴകത്തും മലയാളത്തിലും ഏറെ ഹിറ്റുകള്‍ സമ്മാനിച്ച താരത്തിന് പക്ഷേ പ്രതീക്ഷിച്ച പോലെ ഉയരാന്‍ ആയില്ല. മലയാളത്തില്‍ കണ്ണെഴുതി പൊട്ടും തൊട്ട് ചിത്രത്തിലെ കഥാപാത്രം ആരാധക ഹൃദയം കീഴടക്കിയതാണ്.

2000ത്തോടെ കരിയറില്‍ തുടര്‍ പരാജയങ്ങള്‍ അബ്ബാസിനെ തേടി എത്തി. തുടര്‍ന്ന്
സീരിയലുകളിലും, ചില പരസ്യങ്ങളിലും താരം സജീവമായി. ബാത്ത് റൂം ക്ലീനറിന്റെ പരസ്യം അബ്ബാസിനെ ട്രോളുകളിലും എത്തിച്ചു.

തുടര്‍ന്ന് 2015 ഓടെ താരം അഭിനയ ജീവിതത്തിനോട് പൂര്‍ണ്ണമായും വിട പറഞ്ഞു. ഇന്ത്യ തന്നെ വിട്ട താരം പിന്നീട് ന്യൂസിലാന്റില്‍ ആയിരുന്നു. ഇപ്പോഴിതാ താരം വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. താരത്തിന്റെ ചില വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയായിരിക്കുകയാണ്.

നടന്‍ വിശാലിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ശ്രദ്ധേയമായിരിക്കുകയാണ്.
വിശാല്‍ തന്നോട് കാണിച്ച ചതി തുറന്ന് പറഞ്ഞിരിക്കുകയാണ് അബ്ബാസ്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വിശാലിനെതിരെ രംഗത്തെത്തിയത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ (സിസിഎല്‍) രണ്ടാം സീസണില്‍ വിശാല്‍ തനിക്കെതിരെ നുണകള്‍ പ്രചരിപ്പിച്ചുവെന്നാണ് അബ്ബാസിന്റെ വെളിപ്പെടുത്തല്‍.

സിസിഎല്ലിന്റെ ആദ്യ സീസണില്‍ താനും വിശാലും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളും വാക് തര്‍ക്കങ്ങളും ഉണ്ടായിരുന്നു. അതിന് ശേഷം അവന്‍ രണ്ടാം സീസണ്‍ ആയപ്പോള്‍ തന്നെക്കുറിച്ച് ചില നുണകളും പ്രചരിപ്പിച്ചെന്ന് അബ്ബാസ് പറയുന്നു.

അത് വലിയ ചതിയായിരുന്നു. പലരും തന്നെ തെറ്റിദ്ധരിച്ചു. പക്ഷെ ഇപ്പോഴും എവിടെയെങ്കിലും കണ്ടുമുട്ടിയാല്‍ വിശാലിനോട് ഹായ് പറയാന്‍ താന്‍ തയ്യാറാണ്. പക്ഷെ ഇനി പഴയ പോലെ അടുത്ത ബന്ധം സ്ഥാപിക്കാന്‍ കഴിയുമോ എന്ന് അറിയില്ലെന്നും അബ്ബാസ് പറയുന്നു.

മാത്രമല്ല തനിക്ക് വിശാലിനോട് ക്ഷമിക്കാന്‍ കഴിയും. അവന്‍ ഇന്നും സിനിമയില്‍ തന്നെ ഉള്ളയാളല്ലെ, ഞങ്ങള്‍ ഒരു കുടുംബമാണ്. അതുകൊണ്ട് കുടുംബത്തിലെ ഒരു അംഗത്തിനോട് ക്ഷമിക്കുമെന്നും അബ്ബാസ് വ്യക്തമാക്കി.

Anu