Film News

ചിലരോട് എന്നും ബഹുമാനമായിരുന്നു…സ്വഭാവം കൊണ്ടല്ല, സ്ഥാനം കൊണ്ട്!!! പക്ഷേ അത് പോയി-അഭിരാമി സുരേഷ്

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ളവരാണ് ഗായികമാരായ അമൃത സുരേഷും അഭിരാമി സുരേഷും. സഹോദരിമാര്‍ സോഷ്യലിടത്ത് സജീവമാണ്. ആരാധകര്‍ക്ക് ഇരുവരുടെയും വിശേഷങ്ങള്‍ അറിയുന്നതിനും ഏറെ താത്പര്യമാണ്. സംഗീതത്തില്‍ പ്രശസ്തിയേറെയുണ്ടെങ്കിലും വ്യക്തി ജീവിതത്തില്‍ ഏറെ വിമര്‍ശനങ്ങളാണ് താരങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത്. ഇപ്പോഴിതാ അമൃത സുരേഷിനെതിരെയുള്ള നടന്‍ ബാലയുടെ ആരോപണങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് അഭിരാമി.

അമൃത സുരേഷിനെ കാണാന്‍ പാടില്ലാത്ത ഒരു സാഹചര്യത്തില്‍ കണ്ടത് കൊണ്ടാണ് വിവാഹമോചത്തിന് കാരണമെന്നായിരുന്നു ബാലയുടെ വെളിപ്പെടുത്തല്‍. 2019ലാണ് നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചിതരായത്. ഇരുവരുടെയും മകള്‍ പാപ്പു അമൃതയ്‌ക്കൊപ്പമാണുള്ളത്.

‘ബാലയുടെ ലക്ഷ്യം അമൃതയെ നാണം കെടുത്തുക’ എന്നതു മാത്രമാണെന്ന് പറഞ്ഞുള്ള യൂട്യൂബറായ അരിയണ്ണന്‍ പങ്കുവച്ച വീഡിയോ ഷെയര്‍ ചെയ്താണ് അഭിരാമിയുടെ പ്രതികരണം. ആ വീഡിയോയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അഭിരാമിയുടെ കുറിപ്പ്.

നിങ്ങള്‍ ആരാണെന്നോ നേരിട്ടോ എനിക്കറിയില്ല, എന്നാല്‍ ദീര്‍ഘകാലമായി തുടരുന്ന ഏകപക്ഷീയമായ പീഡനത്തിനെതിരെ നിങ്ങള്‍ വിവേക പൂര്‍ണ്ണമായൊരു പോയിന്റാണ് ഉയര്‍ത്തിയത്. വാര്‍ത്തകളും നെഗറ്റിവിറ്റികളും പരക്കാതിരിക്കാനും കാര്യങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കാനും ഞങ്ങള്‍ മിണ്ടാതിരുന്നു. ഞങ്ങള്‍ക്കൊരു കുഞ്ഞുണ്ട്, അവളെ വാര്‍ത്തകളിലേക്കും മാധ്യമങ്ങളിലേക്കും നെഗറ്റീവായി വലിച്ചിഴക്കപ്പെടാതിരിക്കാന്‍ വേണ്ടി.

സാമ്പത്തികമായി ഞങ്ങളേക്കാള്‍ മുകളിലാണ് എതിര്‍വശം, ജീവിക്കാനുള്ള ഞങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ക്കായി പോരാടാന്‍ പോലും ഞങ്ങള്‍ വളരെ ദുര്‍ബലരായിരിക്കുന്നു. രാവും പകലും പാട്ടുപാടിയും അക്ഷീണം പ്രയത്‌നിച്ചും ഞങ്ങളുടെ ഭാവി സുരക്ഷിതമാകാന്‍, നിങ്ങളെയെല്ലാവരെയും പോലെ നല്ലൊരു ജീവിതം നയിക്കാന്‍ ഞങ്ങള്‍ ഇപ്പോഴും പാടുപെടുകയാണ്. ഞങ്ങള്‍ക്ക് പ്രായമായ ഒരു അമ്മയും നിരപരാധിയായ ഒരു കുട്ടിയും ഉണ്ട്. എന്തിന്, ഈ ചതികള്‍ കാരണം എന്റെ ഭാവി പോലും നശിപ്പിക്കപ്പെടുന്നു.

സ്‌നേഹവും ബഹുമാനവും നേടാനായി ആരെയെങ്കിലും കബളിപ്പിക്കാനോ കള്ളത്തരം കാണിക്കാനോ ഞങ്ങള്‍ വന്നിട്ടില്ല, ഞങ്ങള്‍ക്കറിയാവുന്നത് ഞങ്ങള്‍ ചെയ്യുന്നു, ഞങ്ങളുടെ അച്ഛനും അമ്മയും ഞങ്ങള്‍ക്ക് നല്‍കിയ സംഗീതം. കഠിനാധ്വാനത്തിലൂടെ ഞാന്‍ എന്റെ പാഷനെ പിന്തുടരുന്നു, പഠനവും വരുമാന മാര്‍ഗ്ഗവും നോക്കുന്നു. വര്‍ഷങ്ങളായി തുടരുന്ന ഈ അവ്യക്തമായ സൈബര്‍ അപകീര്‍ത്തികളില്‍ വിശ്വസിക്കുന്ന സമൂഹത്തിലെ ഒരു വിഭാഗം ആളുകളെങ്കിലും ഉണ്ടെന്നത് ഭയാനകമാണ്.

ഉറച്ച ബോധ്യമില്ലാതെ ഒരാളെ വേട്ടയാടിയും പരോക്ഷമായി വധിച്ചും വ്യക്തിഹത്യ നടത്തിയും ആളുകളെ കബളിപ്പിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ഒരു സ്ത്രീയും അവളുടെ കുടുംബവും കഠിനാധ്വാനം ചെയ്യുകയും അവരുടെ കാലില്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍ അഭിമാനത്തോടെ ജീവിക്കാന്‍ അനുവദിക്കാത്തത് മൃഗീയമാണ്. ആളുകളെ ഉപദ്രവിക്കുന്നതിനും ഒരു പരിധിയുണ്ട്. ആരുടെയെങ്കിലും വിലകുറഞ്ഞ ഈഗോയെ തൃപ്തിപ്പെടുത്താനായി മറ്റുള്ളവരെ ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടരരുത്.

പലരേയും പേടിച്ച് ശരിയോടൊപ്പം നില്‍ക്കാത്തത് പണത്തേയും പവറിനേയും പേടിച്ചാണെന്ന് അറിയാം. നിങ്ങളുടെ വീട്ടിലെ ഒരാളെ പറഞ്ഞാല്‍, ഒരിക്കല്‍ അല്ല, ആയിരം വട്ടം നിങ്ങള്‍ എന്ത് ചെയ്യും. അതുകൂടി എനിക്ക് അറിയണം. പണമില്ലെങ്കിലും പവര്‍ ഇല്ലെങ്കിലും എന്റെ കുടുംബത്തില്‍ സ്നേഹമുണ്ട്. കൊന്ന് ചോര കുടിക്കുന്ന വെള്ള ഉടുപ്പിട്ട മനുഷ്യരോടൊപ്പം നില്‍ക്കുന്നവരോട് പുച്ഛം മാത്രം. എന്നും ബഹുമാനമായിരുന്നു ചിലരോട്. സ്വഭാവം കൊണ്ടല്ല, സ്ഥാനം കൊണ്ട്. പക്ഷെ അത് പോയി.

എല്ലാവരോടും റിപ്ലേ ചെയ്യണമെന്നുണ്ട്. പക്ഷെ പേടിയുണ്ട്. നിയമപരമായി സേഫ് ആയാല്‍ മാത്രമെ ചില സാഹചര്യങ്ങളില്‍ പ്രതികരിക്കാന്‍ പാടുള്ളൂ. അതും വലിയ ആളുകളോടാകുമ്പോള്‍.. സേഫ് ആയി കളിക്കാന്‍ എനിക്കറിയില്ല. എന്റെ കൂടെ ലീഗല്‍ അഡൈ്വസര്‍ ഇല്ല. ആകെ സ്ത്രീകള്‍ മാത്രമുള്ള വേട്ടയാടപ്പെടുന്ന ഒരു കുടുംബം മാത്രം. വലിയവര്‍ ജയിക്കട്ടെ. കഷ്ടപ്പെട്ട് മുന്നേറുന്നവര്‍ക്കുള്ള പിന്തുണ എന്നും കുറവായിരിക്കും. ഒരുപാട് സ്നേഹവും നന്ദിയും…എന്നു പറഞ്ഞാണ് അഭിരാമി കുറിപ്പ് അവസാനിപ്പിക്കുന്നത്.

Anu B