Film News

ജയറാം നായകനായ ‘അബ്രഹാം ഓസ്‍ലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്‍ലര്‍ ‘എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ക്രിസ്മസ് റിലീസ് ആയി എത്തുമെന്നാണ് സെപ്റ്റംബറില്‍ അണിയറക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം ക്രിസ്മസിന് ഉണ്ടാവില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. മറിച്ച് ജനുവരി റിലീസ് ആയി എത്തും. 2024 ജനുവരി 11 ന് ചിത്രം തിയറ്ററുകളില്‍ എത്തും. പൃഥ്വിരാജ് സുകുമാരന്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കിടിലന്‍ പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. തിയറ്ററുകളില്‍ വന്‍ വിജയം നേടിയ അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകപ്രതീക്ഷ നേടിയ ചിത്രമാണിത്. ജയറാമാണ് നായകനെന്നതും ചിത്രത്തിന്‍റെ ഹൈപ്പ് വര്‍ധിപ്പിക്കുന്ന ഘടകമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഹിറ്റുകള്‍ ഇല്ലാത്ത ജയറാമിന്‍റെ തിരിച്ചുവരവ് ചിത്രമായേക്കാവുന്ന സിനിമയാണ് എബ്രഹാം ഓസ്‍ലര്‍.

അങ്ങനെ വരുമ്പോൾ ജയറാമിന്‍റെ കരിയറിലെ ഏറ്റവും നിര്‍ണായകമായ കഥാപാത്രമായിരിക്കും അബ്രഹാം ഓസ്ലര്‍.ചിത്രത്തിലെ ജയറാമിന്‍റെ ലുക്ക് നേരത്തേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഏറെ ദുരുഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും വരാന്‍ പോകുന്നതെന്ന സൂചനകളാണ് മുന്‍ അപ്ഡേറ്റുകളില്‍ നിന്ന് ലഭിച്ചിരുന്നത്. അഞ്ചാം പാതിരായ്ക്ക് ശേഷം ​ഗരുഡന്‍, ഫീനിക്സ് എന്നീ ചിത്രങ്ങളുടെ രചന മിഥുന്‍ മാനുവല്‍ നിര്‍വ്വഹിച്ചിരുന്നു. എന്നാല്‍ ഓസ്‍ലറുടെ രചന മിഥുന്‍ അല്ല. ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. എന്തായാലും  ഒരിടവേളയ്ക്ക് ശേഷം ജയറാം നായകനായെത്തുമ്പോൾ, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാന സിനിമയായി അബ്രഹാം ഓസ്‍ലര്‍ മാറുമെന്നും പ്രേക്ഷകർ കണക്കുകൂട്ടുന്നുണ്ട്. അബ്രഹാം ഓസ്ലര്‍’ താന്‍ കാത്തിരുന്ന വളരെ പ്രതീക്ഷ നല്‍കുന്ന ഒരു ചിത്രമാണെന്നും മലയാളിത്തലേക്കുള്ള തന്റെ വലിയൊരു തിരിച്ചു വരവാകും ഈ സിനിമയെന്നും ജയറാം മുൻപ് പറഞ്ഞിരുന്നു.  ചിത്രത്തില്‍ 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു അതിഥിവേഷത്തില്‍ മമ്മൂട്ടി എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

മമ്മൂട്ടി ചിത്രത്തിലേക് എത്തുകയാണെങ്കിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ആയിരിക്കുമെന്നും. ക്യാമിയോ റോൾ ആയിരിക്കുമെന്നുമൊക്കെ റിപ്പോർട്ടുകൾ ഉണ്ട്.   ഇത് യാഥാര്‍ഥ്യമെങ്കില്‍ ചിത്രത്തിന്‍റെ മൂല്യമുയര്‍ത്തുന്ന ഘടകമായിരിക്കും അത്. ഇര്‍ഷാദ് എം ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം നന്‍പകല്‍ നേരത്ത് മയക്കമുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വര്‍ ആണ്. സംഗീതം മിഥുന്‍ മുകുന്ദനും , എഡിറ്റിംഗ് ഷമീര്‍ മുഹമ്മഡും  ആണ് നിർവഹിച്ചിരിക്കുന്നത്.  പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ് ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.  തൃശൂർ, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലായി ആണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. അര്‍ജുന്‍ അശോകന്‍, ജഗദീഷ്, സായ് കുമാര്‍, ദിലീഷ് പോത്തന്‍, അനശ്വരരാജന്‍, സെന്തില്‍ കൃഷ്ണ ആര്യ സലിം, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. അതേസമയം മലയാളത്തിലെ ഏറെ ശ്രദ്ധ നേടിയിട്ടുള്ള മറ്റൊരു അപ്കമിം​ഗ് റിലീസ് ആയ മലൈക്കോട്ടൈ വാലിബനും ജനുവരിയിലാണ് തിയറ്ററുകളില്‍ എത്തുക. ജനുവരി 25 നാണ് ഈ ചിത്രം എത്തുക.

 

Sreekumar R