Film News

‘ഒരു ഡെവിൾസ് ഓൾട്ടർനേറ്റീവ്’; ആ ശബ്ദം മതി, ഹൈപ്പ് പാരമ്യത്തിൽ; ഇത് ഇതുവരെ കാണാത്ത ജയറാം, ത്രില്ലടിപ്പിച്ച് ഓസ്‍ലർ ട്രെയ്ലർ

എബ്രഹാം ഓസ്‍ലറിലൂടെ ജയറാമിന്റെ വമ്പൻ തിരിച്ച് വരവ് ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഓസ്‍ലർ. മെഡിക്കൽ ത്രില്ലർ വിഭാഗത്തിലുള്ള ചിത്രം ജനുവരി 11 ന് തിയറ്ററുകളിലെത്തും. ഇപ്പോൾ ആരാധകർ കാത്തിരുന്ന ഒരു സർപ്രൈസ് അടക്കം പൊളിച്ച് ഹൈപ്പ് ഉയർത്തി ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറക്കാർ. ചിത്രത്തിൽ അതിഥി വേഷത്തിൽ മമ്മൂട്ടി എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ട്രെയ്ലറിലൂടെ ജയറാം- മമ്മൂട്ടി ചിത്രത്തിലുണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു. മമ്മൂട്ടിയുടെ ദൃശ്യം ഇല്ലെങ്കിലും ട്രെയ്‍ലർ അവസാനിക്കുന്നത് അദ്ദേഹത്തിൻറെ ശബ്ദത്തിലുള്ള ഡയലോഗിലൂടെയാണ്. ഒരു ഡെവിൾസ് ഓൾട്ടർനേറ്റീവ് എന്നാണ് ആ ഡയലോഗ്.

വമ്പൻ ഹിറ്റായി മാറിയ അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ഇതിനകം ചർച്ചയായി കഴിഞ്ഞ ചിത്രമാണ് ഓസ്‍ലർ. ഫാമിലി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായിരുന്ന ജയറാം രൂപത്തിലും ഭാവത്തിലുമെല്ലാം വലിയ മാറ്റങ്ങളോടെയാണ് ഓസ്‍ലറിൽ എത്തുന്നത്. ഒരു ഡാർക്ക് ത്രില്ലറിൽ ജയറാം അഭിനയിക്കുന്നതും ആദ്യമായാണ്.
അർജുൻ അശോകൻ, സൈജു കുറുപ്പ് , ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശന നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസിം ജമാൽ, ആര്യ സലിം എന്നിവരും പ്രധാന താരങ്ങളാണ്. ഡോ. രൺധീർ കൃഷ്ണൻ്റേതാണ് തിരക്കഥ. സംഗീതം മിഥുൻ മുകുന്ദൻ, ഛായാഗ്രഹണം തേനി ഈശ്വർ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്.

Ajay Soni