ഞാനൊന്ന് ചിരിക്കുന്നത് ഇന്നാണ്, എല്ലാ രാത്രിയിലും സുധി കയറി വരുമെന്ന് ബിനു അടിമാലി

അടുത്തിടെ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി തന്‌റെ ആരോഗ്യം വീണ്ടെടുത്ത് വരികയാണ്. ഈ മാസം ആദ്യമായിരുന്നു ബിനു അടിമാലി ആശുപത്രി വിട്ടത്. നടൻ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹന അപകടത്തിലാണ് ബിനുവിനും പരുക്കേറ്റിരുന്നത്. സഹപ്രവർത്തകന്റെ മരണം അത്രമേൽ ആഘാതം സൃഷ്ടിച്ചിരിക്കുകയാണ് ഏവർക്കും.

 

ഈ സംഭവങ്ങൾക്ക് ശേഷം ആദ്യമായൊരു പൊതുവേദിയിൽ എത്തിയിരിക്കുകയാണ് ബിനു അടിമാലി. ‘മാ’ സംഘടനയുടെ പരിപാടിക്കാണ് താരം എത്തിയത്. വേദിയിൽ വച്ച് കൊല്ലം സുധിയെ കുറിച്ച് ബിനു പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. ഒരു പത്ത് പതിനഞ്ച് ദിവസത്തിന് ശേഷം ഇന്നാണ് താനൊന്ന് ചിരിക്കുന്നതെന്നും എല്ലാ ദിവസവും രാത്രിയിൽ ഉറങ്ങാൻ നേരം സുധിയുടെ ഓർമയാണ് നിറയെ എന്നും ബിനു അടിമാലി പറഞ്ഞു.

ഏതാണ്ട് ഒരു പത്ത് പതിനഞ്ച് ദിവസത്തിന് ശേഷം ഇന്നാണ് ഞാനൊന്ന് ചിരിക്കുന്നത്. ‘മാ’ സംഘടനയുടെ പരിപാടിക്ക് വന്നപ്പോൾ. അതൊരു ഭംഗി വാക്കായി പറയുന്നതല്ല. എല്ലാ ദിവസവും രാത്രി സുധി കയറി വരും. ഉറങ്ങാൻ കിടക്കുമ്പോൾ. ഉറങ്ങുമ്പോ. അവന്റെ ഓരോ വാക്കുകളും പ്രശ്‌നങ്ങളും കാരണം എനിക്ക് ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.

ഇന്നിവിടെ വന്ന് എല്ലാവരെയും ഒന്നിച്ച് കാണാൻ പറ്റിയപ്പോൾ, എന്തോ ഒരു പകുതി സമാധാനം. അസുഖം പോയപോലെ. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അവസ്ഥയാണ് അത് നമ്മൾ ബെഡ് റെസ്റ്റൊക്കെ ആയി കിടക്കുമ്പോൾ, നമ്മൾ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്നവർ ഫോൺ ചെയ്യുക, നമ്മളെ കാണാൻ വീട്ടിൽ വരുന്നു എന്നൊക്കെ പറയുന്നത് ഏറ്റവും വലിയ ഭാഗ്യമാണെന്നും അങ്ങനെ കിടക്കുമ്പോഴാണ് ഓരോ ആളുകളുടെയും വില നമ്മൾ മനസിലാക്കുന്നതെന്നും താര വ്യക്തമാക്കി.

നമുക്ക് പറ്റാത്തൊരു കാര്യമാണ് ദുഃഖം എന്നത്. ഒരുപക്ഷേ അന്ന് സുധിയുടെ സമയം ആയിരുന്നിരിക്കണം. പരിപാടിക്ക് പോകുമ്പോൾ അവൻ വണ്ടിയുടെ മുന്നിലാണ് ഇരിക്കുന്നത്. ഭക്ഷണം കഴിക്കാൻ ഇറങ്ങി തിരിച്ച് വന്നപ്പോഴും മുന്നിൽ തന്നെ ഇരുന്നു. അതുപോലെ തന്നെ അന്ന് പ്രോഗ്രാം കഴിഞ്ഞ് തിരിച്ച് വന്നപ്പോഴും അവൻ ഓടി വന്ന് വണ്ടിയുടെ മുന്നിൽ ഇരുന്നു. ഞാൻ അന്ന് വരെയും അത്രയും ഊർജസ്വലനായിട്ടുള്ള സുധിയെ കണ്ടിരുന്നില്ല. അത്രയ്ക്ക് ആക്ടീവ് ആയിരുന്നു അവൻ അന്ന്. അതാണ് നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നതും. തെട്ടടുത്തിരുന്ന ഒരാൾ മരിച്ചു പോയി എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്നൊരു അവസ്ഥ. അത് പറയാൻ കഴിയില്ല.

 

Aiswarya Aishu