Film News

ഞാന്‍ സംതൃപ്തനാണ്… ദൈവം എനിക്ക് എല്ലാം തന്നിട്ടുണ്ട്!! കൃഷ്ണ

മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു നടന്‍ കൃഷ്ണ. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷത്തിലെത്തിയ താരം പിന്നീട് ഇടവേളയെടുത്തിരുന്നു. നടി ലളിതയുടെ കൊച്ചുമകനാണ് കൃഷ്ണ. മാത്രമല്ല ശോഭന, വിനീത് എന്നിവരും കൃഷ്ണയുടെ അടുത്ത ബന്ധുക്കളുമാണ്.

1997ലിറങ്ങിയ ഋഷ്യശൃംഗന്‍ എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണ സിനിമാലോകത്തെത്തിയത്. പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ജോലിയ്ക്കായി ഡല്‍ഹിയിലേക്ക് പോയി. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിനെ കുറിച്ച് പങ്കുവയ്ക്കുകയാണ് കൃഷ്ണ. കുറച്ചു സിനിമകളില്‍ അഭിനയിച്ചെങ്കിലും കൂടുതല്‍ അവസരങ്ങള്‍ ലഭിയ്ക്കാത്തതുകൊണ്ട് അദ്ദേഹം ഡല്‍ഹിയിലേയ്ക്ക് പോവുകയായിരുന്നു. ഇപ്പോഴിതാ തന്റെ ആ മടക്കത്തെ കുറിച്ച് സംസാരിക്കുകയാണ് കൃഷ്ണ. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് താരം പറഞ്ഞത്.

ഞാന്‍ ബാക്ക് സ്റ്റാബിംഗിന്റെ ഇരയൊന്നുമല്ലെന്ന് കൃഷ്ണ പറയുന്നു. തന്നെ ബാക്ക് സ്റ്റാബ് ചെയ്താലും എനിക്കൊരു പ്രശ്നവുമില്ല. ഇതിന്റെയൊക്കെ തുടക്കകാലത്ത് ഞാന്‍ ഇവിടെ നിന്നും ബാഗ് പാക്ക് ചെയ്ത് കേരളം വിട്ട ആളാണ്. വേറൊരു സ്ഥലത്ത് പോയി. ജനിച്ച് വീണത് സിനിമയില്‍ മാത്രമല്ല. എനിക്കൊരു കൈ തൊഴില്‍ കൂടെയുണ്ടായിരുന്നു. നമ്മള്‍ ഫ്രസ്‌ട്രേറ്റഡ് ആയിരിക്കുന്ന കാലത്ത് ആളുകള്‍ ഓരോന്ന് ചോദിക്കും. ദുബായില്‍ നിന്നും വരുന്നവരോട് എപ്പോഴാണ് തിരിച്ചു പോകുന്നത് എന്ന് ചോദിക്കുന്നത് പോലെ എപ്പോഴാണ് അടുത്ത പടം?

നമുക്ക് ഇതൊരു ഭയങ്കര പ്രശ്നമായി മാറി. അതിനാല്‍ ഞാന്‍ പതുക്കെ പതുക്കെ ഓരോ കാര്യങ്ങളായി പഠിക്കാന്‍ തുടങ്ങി. അങ്ങനെ കുറച്ച് കാലം ഞാന്‍ മാറി നിന്നു. രണ്ട് മൂന്ന് വര്‍ഷം. നാടുവിടുകയായിരുന്നില്ല. എല്ലാവരുടേയും സമ്മതമൊക്കെ വാങ്ങിയിട്ട് ഡല്‍ഹിയിലേക്ക് പോയി. അന്ന് എനിക്ക് ഹിന്ദിയൊന്നും അറിയില്ല. അവിടെ ഒരു സ്ഥലത്ത് കുക്ക് ആയി ജോലിയ്ക്ക് കയറി. സാധാരണക്കാരനായിട്ട് ജീവിച്ചു.

അവിടെ നിന്ന് ജീവിക്കാന്‍ പഠിച്ചു. തൊലിക്കട്ടിയെന്ന് പറയുന്നത് അവിടെ നിന്നും പഠിച്ചു. ഡിഗ്രി കഴിഞ്ഞപ്പോഴാണ് പോകുന്നത്. ജീവിതത്തില്‍ ഫ്രസ്ട്രേഷന്‍ വരുമ്പോള്‍ വഴി തെറ്റി മദ്യപാനമോ മയക്കുമരുന്നിലേക്കോ എത്താം. ഞാന്‍ വേറൊരു ആംഗിളിലാണ് ഫൈറ്റ് ചെയ്തത്. തിരിച്ചു വന്നു. തിരിച്ചു വന്നപ്പോള്‍ കുറച്ചു കരുത്തുള്ള മനുഷ്യനായി. അന്ന് വളരെ ടെന്‍ഡര്‍ ആയിരുന്നു. വല്ലാതെ വിഷമിക്കുമായിരുന്നു. ഇപ്പോള്‍ ഞാന്‍ ആശങ്കപ്പെടാറില്ല. അവര്‍ക്ക് വേണ്ടെങ്കില്‍ വേണ്ട. പക്ഷെ ഞാന്‍ ഇപ്പോഴും വേഷങ്ങള്‍ ചോദിക്കാറുണ്ട്.

ആ സമയത്ത് എന്റെ അച്ഛന് ഒരു റസ്റ്റോറന്റ് ഉണ്ടായിരുന്നു. അവിടെ നിന്ന് ഓരോ കാര്യങ്ങള്‍ പഠിച്ചു. ആദ്യം ചപ്പാത്തി പരത്താന്‍ പഠിച്ചു. പിന്നെ പൊറോട്ട, ബിരിയാണി. ഇപ്പോള്‍ ദൈവം സഹായിച്ച് നാളെ ബിരിയാണിക്കടയിട്ടാലും പത്ത് കിലോ ബിരിയാണി കണ്ണുമടച്ച് ഉണ്ടാക്കാമെന്നും താരം പറയുന്നു.

അന്നൊരു ഡബിള്‍ എംബിഎ എടുത്തിരുന്നുവെങ്കില്‍ ഞാനിവിടം വിട്ടു പോയേനെ. പക്ഷെ സിനിമാ മോഹമാണ് ഇവിടെ തന്നെ നിര്‍ത്തിയത്. അതില്‍ കുറ്റബോധമുണ്ട്. ഇന്നത്തെ കാലത്ത് സിനിമയിലേക്ക് വരുന്നവരൊക്കെ നല്ല വിദ്യാഭ്യാസമുള്ളവരുമാണ്. അതേസമയം ഞാന്‍ സംതൃപ്തനാണ്. ദൈവം എനിക്ക് എല്ലാം തന്നിട്ടുണ്ട്. സിനിമയില്‍ ഇപ്പോഴും വേഷങ്ങളുണ്ട്. അത് മതിയെന്നും കൃഷ്ണ പറയുന്നു.

Anu B