‘പുതുമുഖങ്ങൾക്ക് ഞാനല്ല അവസരം നൽകുന്നത്’; അവർ എനിക്കാണ് അവസരം തരുന്നത്: മമ്മൂട്ടി

മമ്മൂട്ടി എന്നാൽ സിനിമാ പ്രേമികൾക്ക് അതൊരു വികാരമാണ്. അഞ്ചു  പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച്, ആരാധകരുടെ ഇടനെഞ്ചിൽ ഇടംപിടിച്ച  മമ്മൂട്ടി  എന്നും പുതുമയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഏറെ താത്പര്യം കാണിക്കുന്നു. ഇപ്പോഴിതാ താൻ പുതുമുഖങ്ങൾക്ക് അവസരം കൊടുത്തു എന്ന് പറയുന്നത് ശരിയല്ലെന്ന് പറയുകയാണ് മമ്മൂട്ടി. പുതുമുഖങ്ങൾക്ക് നമ്മൾ അവസരം കൊടുത്തു എന്ന് പറയുന്നത് തന്നെ ശരിയായ രീതിയല്ല. അവരാണ് നമുക്ക് അവസരം തരുന്നത്. നമ്മളെ അതിൽ ഉൾപ്പെടുത്താൻ വേണ്ടിയല്ലേ നമ്മുടെ അടുത്ത് വന്ന് കഥ പറയുന്നതച് തന്നെ. ഇന്ന ആളെങ്ങനെയുണ്ട് എന്ന് അങ്ങോട്ട് അന്വേഷിച്ച് പോയിട്ട് അവസരം കൊടുക്കാറില്ലല്ലോ, അപ്പോൾ നമ്മളെ അന്വേഷിച്ചെത്തി നമുക്ക് അവസരം തരികയല്ലേ ഈ സംവിധായകർ സത്യത്തിൽ ചെയ്യുന്നത്. ഈ സിനിമയിൽ മമ്മൂട്ടി വേണം എന്ന് തീരുമാനിക്കുന്നത് അവരാണ്’ മമ്മൂട്ടി പറഞ്ഞു.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം. കണ്ണൂർ സ്‌ക്വാഡിന്റെ പ്രമോഷന്റെ ഭാഗമായായിരുന്നു അഭിമുഖം. അതേസമയം  തന്റെ നിർമാണ കമ്പനി ബജറ്റ് നോക്കിയാണ് സിനിമ തെരഞ്ഞെടുക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു . തന്റെ പ്രതിഫലം പ്രൊഡക്ഷൻ കോസ്റ്റിൽ വരില്ലെന്നും അത് മാറ്റിവെച്ചാൽ ആ സിനിമ തീർക്കാൻ പറ്റുമോ എന്നാണ് നോക്കുന്നത് എന്നും മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞു.‘അങ്ങനെ പ്രത്യേക തെരഞ്ഞെടുപ്പൊന്നുമില്ല. ബജറ്റും മറ്റും നോക്കിത്തന്നെയാണ് സിനിമ കമ്മിറ്റ് ചെയ്യുന്നത്. കണ്ണൂർ സ്ക്വാഡാണ് മമ്മൂട്ടി കമ്പനിയുടെ ഏറ്റവും വലിയ ബജറ്റ് ചിത്രം. ഒരു ചിത്രം നിർമിക്കുമ്പോൾ നമുക്കിഷ്ടമുള്ള കഥയാണെങ്കിൽ, നമ്മുടെ പ്രതിഫലം റിസ്ക് ചെയ്യുക എന്നുള്ളതാണ് ഐഡിയ. നമ്മുടെ പൈസ പ്രൊഡക്ഷൻ കോസ്റ്റിൽ വരില്ല. അങ്ങനെ മാറ്റിവെച്ചാൽ നമുക്ക് തീർക്കാൻ പറ്റുന്ന സിനിമയാണോ എന്നാണ് നോക്കുന്നത്. ലാഭം കിട്ടിയാൽ പ്രതിഫലം ലഭിക്കും.

അല്ലെങ്കിൽ നമ്മൾ അപകടത്തിലാക്കുന്നത് നമ്മുടെ പ്രതിഫലമാണ്. അതാണ് സിനിമയെടുക്കാൻ പ്രേരിപ്പിക്കുന്ന കാര്യം.കിട്ടിയാൽ കിട്ടി, ഇല്ലെങ്കിൽ നമ്മുടെ ശമ്പളം പോകും. അതിനപ്പുറത്തേക്ക് ഒരു നഷ്ടംവരില്ല. സൗജന്യമായി അഭിനയിച്ച പോലെയാവും. അതുപോലെ മുമ്പും ചെയ്തിട്ടുണ്ടല്ലോ. സിനിമയാണ്, കോടിക്കണക്കിന് ലാഭം പ്രതീക്ഷിച്ച് ഒന്നും ചെയ്യാനാവില്ല. നമുക്ക് നമ്മുടെ ശമ്പളം കിട്ടിയില്ലേലും വേണ്ടില്ല എന്നാണെങ്കിൽ സിനിമയെടുക്കാം,’ മമ്മൂട്ടി പറഞ്ഞു.താൻ അപ്ഡേറ്റ് ആകാൻ വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ലെന്നും വ്യാജ വാർത്തകളും ശരിക്കുമുള്ള വിവരങ്ങളും ചുറ്റുമുള്ളതുകൊണ്ട് അപ്ഡേഷൻ ഒരു നാച്ചുറൽ പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു. ഷൂട്ടിങ് കഴിഞ്ഞാൽ വീടും തിരിച്ചു ഷൂട്ടിങ്ങും ആയതിനാൽ ധാരാളം സമയം ലഭിക്കുമെന്നും അപ്പോൾ വായിക്കുകയും കാണുകയും കേൾക്കുകയും ചെയ്യുമെന്നും മമ്മൂട്ടി പറഞ്ഞു. അതോടൊപ്പം  കണ്ണൂർ സ്‌ക്വഡിനിന്റെ സംവിധായകൻ റോബി കഠിനാധ്വാനിയാണെന്നും ഷൂട്ടിന്റെ സമയത്ത് ഭക്ഷണം കഴിച്ചിരുന്നോ എന്നത് പോലും സംശയമാണെന്നും മമ്മൂട്ടി പറഞ്ഞു. റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടർ റോണിയും ഷാഫിയും ചേർന്നാണ് ഒരുക്കുന്നത്. വ്യാഴാഴ്ചയാണ് കണ്ണൂർ സ്‌ക്വാഡ് തീയറ്ററുകളിൽ എത്തുന്നത്.