‘ഇന്നാണ് ആ ദിനം’; പ്രിയതമയ്ക്ക് ആശംസകളുമായി പൃഥ്വിരാജ്

പൃഥ്വിരാജിനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ഭാര്യ സുപ്രിയ മേനോന്റെയും മകള്‍ അലംകൃതയെന്ന അല്ലിയുടെയും ഒക്കെ വിശേഷങ്ങള്‍ ആരാധകക്കായി പൃഥ്വി പങ്കുവെക്കാറുമുണ്ട്. പൃഥ്വിരാജിന്റെ ഭാര്യ എന്നതിനുമപ്പുറം ഹിറ്റ് സിനിമകളുടെ നിര്‍മാതാവ് എന്ന നിലയിലും സുപ്രിയ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സുപ്രിയ മേനോന്റെ ജന്മദിനമാണ് ഇന്ന്. ഇപ്പോഴിതാ പ്രിയതമയ്ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് മനോഹരമായ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.

എന്തായാലും പൃഥ്വിയുടെ ഈ പിറന്നാള്‍ സന്ദേശം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും പൃഥ്വിരാജ് സുപ്രിയയ്ക്ക് മനോഹരങ്ങളായ ആശംസാ സന്ദേശങ്ങളുമായി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ കടുവ എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ബോക്‌സ് ഓഫീസില്‍ ‘കടുവ’യുടെ കളക്ഷന്‍ 40 കോടി കടന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഷാജി കൈലാസ് തന്നെ സംവിധാനം ചെയ്യുന്ന ‘കാപ്പ’ എന്ന ചിത്രത്തിലാണ് നിലവില്‍ പൃഥ്വിരാജ് അഭിനയിക്കുന്നത്. ‘കൊട്ട മധു’ എന്നാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. ‘കാപ്പ’യിലെ ലുക്ക് ദിവസങ്ങള്‍ക്ക് മുമ്പ് പൃഥ്വിരാജ് തന്നെ പുറത്തുവിട്ടിരുന്നു.

 

 

Aswathy