നടൻ ഷിയാസ് കരീം പിടിയില്‍ ; തമിഴ്നാട് വഴി എത്താനുള്ള പ്ലാൻ പാളി

Follow Us :

ബലാത്സംഗ കേസിൽ പ്രതിയായ നടൻ ഷിയാസ് കരീം പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് കരീമിനെ  പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് ചന്തേര പൊലീസിനെ ചെന്നൈ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിനെ അറസ്റ്റ് ചെയ്യും.വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് എറണാകുളം പെരുമ്പാവൂർ സ്വദേശിയായ നടനെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് നടനെ പിടികൂടിയത്. ഗള്‍ഫിലായിരുന്ന ഷിയാസ് ചെന്നൈ വഴി കേരളത്തിലേക്ക് എത്താനുള്ള ശ്രമത്തിലായിരുന്നു. ഷിയാസ് കരീമിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഉൾപ്പെടെ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ തടഞ്ഞ് വെച്ചത്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തിയാല്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് ഉറപ്പിച്ചതിനാലാണ് ചെന്നൈ വഴി നാട്ടിലേക്ക് എത്താന്‍ ശ്രമിച്ചതെന്നാണ് സൂചന. നേരത്തെ ചന്ദേര പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്ത്രീയാണ് ഷിയാസ് കരീമിനെതിരെ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും  11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ചാണ് ഷിയാസിനെതിരെ യുവതി പരാതി  നല്‍കിയത്. വിവാഹ വാദ്ഗാനം നൽകുകയും 2021 മുതൽ 2023 മാർച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്തെന്നാണ് ജിമ്മിൽ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതി. ഷിയാസ് കരീമിന്റെ വിവാഹം ഉറപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു പരാതിയുമായി യുവതി രംഗത്ത് വന്നത്.നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായും  വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്.

ഷിയാസ് തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും യുവതി പറയുന്നു. എറണാകുളത്തെ ജിമ്മില്‍ വര്‍ഷങ്ങളായി ട്രെയിനറായി ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയിരുന്നു. ഈ പരസ്യം കണ്ടാണ് ജിംനേഷ്യം പരിശീലകയായ 32-കാരി ഷിയാസുമായി ബന്ധപ്പെടുന്നത്. പരാതി വാർത്തയായതിന് പിന്നാലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ മോശം ഭാഷയില്‍ അധിക്ഷേപിച്ച് ഷിയാസ് രംഗത്തെത്തിയിരുന്നു. ഒരു വീഡിയോയിലാണ് വിമർശനം സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴി പങ്കുവച്ചത്. ‘എന്നെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ ജയിലില്‍ അല്ല. ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്.’ ‘നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്. നാട്ടിൽ ഞാൻ ഉടൻ എത്തും. വന്നതിനുശേഷം നേരിട്ടു കാണാം’, എന്ന് പറഞ്ഞ് ചില മോശം വാക്കുകളോടെയായിരുന്നു വീഡിയോ. തനിക്കെതിരെ വ്യാജ വാർത്തകള്‍ നല്‍കുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.  വീഡിയോ വിവാദമായതിന് പിന്നാലെ  മാപ്പ് പറഞ്ഞ് ഷിയാസ് രംഗത്തെതുകയും ചെയ്തിരുന്നു.മോഡലിംഗിലൂടെ മിനി സ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും എത്തിയ താരമാണ് ഷിയാസ് കരീം. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് റിയാലിറ്റി ഷോയിലെ പ്രധാന താരമായിരുന്നു.ബള്‍ഗേറിയയില്‍ നടന്ന ‘മിസ്റ്റര്‍ ഗ്രാന്‍ഡ് സീ വേള്‍ഡ് 2018’-ല്‍ ആദ്യ അഞ്ച് പേരില്‍ ഒരാളായിരുന്ന ഷിയാസ് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലെ മത്സരാർത്ഥി കൂടിയായിരുന്നു. ക്യാപ്റ്റന്‍, വീരം, സാല്‍മണ്‍ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.