സെൻസർ സർട്ടിഫിക്കറ്റിനായി പുതിയ നിർദേശങ്ങളുമായി സെൻസർ ബോർഡ്; നടപടി വിശാലിന്റെ പരാതിയിൽ

മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി കൊടുത്തു എന്ന നടൻ വിശാലിന്റെ ആരോപണം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സിനിമകൾ സെൻസർ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ എന്തൊക്കെ പാലിക്കണമെന്ന് പുതിയ മാർ​ഗനിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്ര സെൻസർ ബോർഡ്.

കൈക്കൂലി സംഭവത്തിന് പിന്നിൽ ബോർഡ് അം​ഗങ്ങളല്ലെന്നും അനധികൃത മൂന്നാം കക്ഷി ഇടനിലക്കാരാണെന്നുമാണ് കേന്ദ്ര സെൻസർ ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. വിശാൽ നൽകിയ പരാതിയിൽ നടപടിയായി സിനിമാ സെൻസർഷിപ്പിന് അപേക്ഷിക്കുന്ന നടപടികളെല്ലാം ഡിജിറ്റലാക്കിയിട്ടുണ്ടെന്നും ഇത് അഴിമതിക്ക് വഴിയൊരുക്കില്ലെന്നുമാണ് സെൻസർ ബോർഡ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സെൻസർ ബോർഡ്  പുറപ്പെടുവിച്ച പ്രധാന മാർ​ഗനിർദേശങ്ങൾ ഇതൊക്കെയാണ് 

1. സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നിശ്ചിതസമയത്ത് ഓൺലൈനായി മാത്രം സമർപ്പിക്കണം.

2. സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സ്കാൻ ചെയ്ത് ബന്ധപ്പെട്ട അപേക്ഷകന്റെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിൽ പങ്കിടും. സെൻസർ ബോർഡ് ആവശ്യപ്പെട്ടാൽ സർട്ടിഫിക്കറ്റിന്റെ ഫിസിക്കൽ കോപ്പി അയയ്‌ക്കേണ്ടതാണ്.

3. എൻക്രിപ്റ്റ് ചെയ്ത ഡിജിറ്റൽ സിനിമാ പാക്കേജിന്റെ പരിശോധനയ്ക്കായി ഇ-ഡെലിവറി നടത്താം. ഇത് സമർപ്പിക്കുന്ന ഉള്ളടക്കത്തിന്റെ സുരക്ഷ കൂട്ടുകയും അപേക്ഷകന്റെ ഓൺലൈൻ ഉള്ളടക്ക സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും സാധിക്കും. പുതിയ സംവിധാനം നടപ്പാക്കുന്നതുവരെ റീജിയണൽ ഓഫീസുകളിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഉള്ളടക്കം സീൽ ചെയ്ത് സിസിടി നിരീക്ഷണത്തിൽ വെയ്ക്കുന്ന രീതി തുടരും.

4. പരാതിപരിഹാരവുമായി ബന്ധപ്പെട്ട് [email protected] എന്ന മെയിൽ ഐ.ഡി രൂപീകരിച്ചിട്ടുണ്ട്. ഇത് ഉടൻ പ്രവർത്തനക്ഷമമാകും. ഏതെങ്കിലും മൂന്നാം കക്ഷി തങ്ങൾ സെൻസർ ബോർഡിന്റെ പ്രതിനിധിയാണെന്ന് അവകാശമുന്നയിക്കുകയോ സിബിഎഫ്‌സിയിലേക്ക് ആക്‌സസ് ഉണ്ടെന്ന് അവകാശപ്പെടുകയോ ചെയ്താൽ, തുകയോ തുകയോ ആവശ്യപ്പെടുകയോ അല്ലെങ്കിൽ നിശ്ചിത നടപടിക്രമം അട്ടിമറിക്കാൻ ശ്രമിക്കുകയോ ചെയ്‌താൽ, അവർക്കെതിരെ ഉടൻ തന്നെ പരാതി മേൽപ്പറഞ്ഞ സെല്ലിൽ അറിയിക്കണം.
എക്സിൽ പങ്കുവെച്ച ഒരു  വീഡിയോയിലൂടെയായിരുന്നു വിശാലിന്റെ അഴിമതി ആരോപണം. മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ 6.5 ലക്ഷം രൂപ കൈക്കൂലി നൽകേണ്ടി വന്നുവെന്നായിരുന്നു വിശാൽ വെളിപ്പെടുത്തിയത്. താൻ നൽകിയ പണത്തിൽ ആർക്കൊക്കെ പങ്കുണ്ടെന്ന് അറിയില്ലെന്നും സത്യം പുറത്തുവരാൻ നൽകിയ വിലയാണ് ആറുലക്ഷമെന്നും വിശാൽ പറഞ്ഞു. സിനിമയിൽ മാത്രമല്ല താൻ അഴിമതിക്കെതിരെ പോരാടുന്നതെന്നും നടൻ വ്യക്തമാക്കി. ബോളിവുഡിന്റെ കാര്യം തനിക്കറിയില്ലെന്നും തെന്നിന്ത്യൻ സിനിമയിൽ ഇങ്ങനെയൊന്നില്ലെന്നും വിശാൽ‌ കൂട്ടിച്ചേർത്തു.പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയോടും ഈ വിഷയം അന്വേഷിക്കണമെന്നും വിശാൽ ആവശ്യപ്പെട്ടിരുന്നു.  നരേന്ദ്ര മോദിയേയും മഹാരാഷ്ട്ര മുഖ്യമന്ത്രിയേയും ടാ​ഗ് ചെയ്തുകൊണ്ടായിരുന്നു വിശാൽ വീഡിയോ പങ്കുവെച്ചിരുന്നത്. അഴിമതി ചെയ്യുന്നവരോട് സഹിഷ്ണുത കാണിക്കില്ലെന്നും അന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് കേന്ദ്ര സർക്കാർ സ്വീകരിച്ച അന്വേഷണത്തെ വിശാൽ സ്വാ​ഗതം ചെയ്തിരുന്നു. സെപ്റ്റംബർ 15 നാണ് ‘മാർക്ക് ആന്റണി’ റിലീസ് ചെയ്‌തത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സെപ്റ്റംബർ 28 നാണ് തിയേറ്ററുകളിൽ എത്തിയത്.