വടിവേലുവിന് ഇന്ന് പിറന്നാൾ ; താരം സമ്പാദിച്ചത് 130 കോടിയിലേറെ

തമിഴ് സിനിമാ രംഗത്ത് വടിവേലുവിനെ പോലെ ശ്രദ്ധ നേടാൻ കഴിഞ്ഞ കോമഡി നടൻമാര്‍ വളരേ വിരളമാണ് എന്ന് തന്നെ പറയാം. അഭിനേതാവ് മാത്രമല്ല വടിവേലു ഒരു പിന്നണി ഗായകൻ കൂടിയാണ്. ഗൗണ്ടമണി, വിവേക് എന്നീ നടൻമാരും കോമഡി താരങ്ങളായി തിളങ്ങിയെങ്കിലും പലപ്പോഴും ഇവരേക്കാളും മുന്നിലായിരുന്നു വടിവേലുവിന്റെ കരിയര്‍ ഗ്രാഫ്. മികച്ച ഹാസ്യ നടനുള്ള  മൂന്ന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും വടിവേലു സ്വന്തമാക്കിയിട്ടുണ്ട്. ഇന്നും ട്രോളുകളിലും മീമുകളിലും വടിവേലുവിന്റെ ഡയലോഗുകളും മുഖഭാവങ്ങളും ഉപയോഗിക്കുന്നുണ്ട്. എന്നാൽ കരിയറിലെ സൗഭാഗ്യങ്ങളെല്ലാം വടിവേലു തന്നെ തട്ടിത്തെറിപ്പിച്ചെന്നാണ് സിനിമാ ലോകത്തെ ഒരു സംസാരം. വിവാദങ്ങളില്‍ അകപ്പെട്ട വടിവേലുവിനെ സിനിമാ സംഘടനകള്‍ വിലക്കിയ സാഹചര്യവും ഒരു കാലത്തുണ്ടായിരുന്നു.വടിവേലുവിന്റെ പിറന്നാള്‍ ദിനമായ ഇന്ന് നടന്റെ സിനിമാ ജീവിതവും സിനിമകളില്‍ നിന്ന് ലഭിച്ച സമ്പാദ്യവുമെല്ലാം ഇപ്പോൾ ചര്‍ച്ചയാവുകയാണ്. 1998 മുതല്‍ 2008 വരെയുള്ള കാലഘട്ടമായിരുന്നു വടിവേലുവിന്റെ കരിയറിലെ സുവര്‍ണ നാളുകള്‍. സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ വരെ വടിവേലുവിന്റെ ഡേറ്റിനായി കാത്തിരുന്നു. ചന്ദ്രമുഖി എന്ന സിനിമയുടെ കഥ രജിനികാന്തിനോട് പറഞ്ഞപ്പോള്‍ സംവിധായകനോട് അദ്ദേഹം ആദ്യം ആവശ്യപ്പെട്ടത് വടിവേലുവിന്റെ ഡേറ്റ് വാങ്ങാനാണ്. വടിവേലുവിന്റെ തമാശകള്‍ സിനിമയ്ക്ക് അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം മനസിലാക്കി. ചന്ദ്രമുഖിയില്‍ തകര്‍പ്പൻ പ്രകടനമാണ് വടിവേലു കാഴ്ച വെച്ചത്. എന്നാല്‍ 2008 ന് ശേഷം വടിവേലു തുടരെ വിവാദങ്ങളില്‍ അകപ്പെട്ടു. പല നിര്‍മാതാക്കളും നടനെതിരെ ആരോപണവുമായി രംഗത്ത് വന്നു. വടിവേലുവിന്റെ നിരുത്തരവാദിത്വം കാരണം ഷൂട്ടിംഗ് മുടങ്ങുന്നെന്നും സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നെന്നുമായിരുന്നു ഫിലിം മേക്കേര്‍സിന്റെ ആരോപണം.

ഇംസൈ അരസൻ 23ാം പുലികേശി എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വിലക്കിലേക്ക് നയിച്ചത്. സംവിധായകൻ ചിമ്പു ദേവനുമായി തര്‍ക്കിച്ച വടിവേലു ഷൂട്ടിംഗിനോട് സംഹകരിച്ചില്ല. ഇത് സംബന്ധിച്ച്‌ പരാതി ഉയർന്നു . സമാനമായി മറ്റ് പരാതികളും എത്തിയതോടെയാണ് 2018 ല്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ നടനെതിരെ വിലക്ക് പ്രഖ്യാപിച്ചത്. തന്റെ ഉയര്‍ച്ച തടയാൻ വേണ്ടിയുള്ള നീക്കമാണ്‌ ഇതെന്നാണ്  അന്ന് വടിവേലു ഇതിനെകുറിച്ച് പ്രതികരിച്ചത്. 2022ലാണ് വിലക്ക് നീങ്ങി നടൻ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തിയത്.‌ അപ്പോഴേക്കും സിനിമാ രംഗത്ത് മാറ്റങ്ങള്‍ വന്നിരുന്നു. എങ്കിലും വടിവേലുവിനെ പ്രേക്ഷകര്‍ മറന്നില്ല. കോമഡി നടൻ എന്നതിനൊപ്പം സീരിയസ് വേഷങ്ങളിലും ഇന്ന് വടിവേലുവിനെ പരിഗണിക്കുന്നുണ്ട്. ഈ വര്‍ഷം റിലീസ് ചെയ്ത മാമന്നൻ എന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷമാണ് നടന് ലഭിച്ചത്. വിവാദങ്ങളില്‍ പെട്ടെങ്കിലും വടിവേലു കരിയറില്‍ നിന്നുമുണ്ടാക്കിയ സമ്പാദ്യങ്ങള്‍ ചെറുതല്ല. തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം 130 കോടി രൂപയുടെ സമ്പാദ്യം വടിവേലുവിനുണ്ട്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകലുൾപ്പെടെ  വടിവേലുവിന് ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ചെന്നെെെയില്‍ കോടികൾ വില മതിക്കുന്ന രണ്ട് വീടുകളാണ് താരത്തിനുള്ളത്. ഇതിന് പുറമെ മധുരയില്‍ ഒരു വീടും 20 ഏക്കര്‍ കൃഷി സ്ഥലവും നടനുണ്ട്. സിനിമാ രംഗത്ത് സജീവമായിരുന്ന കാലത്ത് തന്റെ സ്ഥാനം മറ്റൊരു നടൻ തട്ടിയെടുക്കുമോ എന്ന ഭയം വടിവേലുവിനുണ്ടായിരുന്നു. മുമ്പൊരിക്കല്‍ നടൻ സുകുമാര്‍ പറഞ്ഞ വാക്കുകള്‍ ഈ ആരോപണത്തോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്. വടിവേലുവിന് പകരക്കാരനായി തമിഴ് സിനിമാ ലോകം കണ്ട നടനാണ് സുകുമാര്‍. ഇരുവരുടെയും അഭിനയത്തില്‍ സാമ്യതകളുണ്ടായിരുന്നു. പകരക്കാരനാവുമെന്ന് ഭയന്ന വടിവേലു സുകുമാറിനെ തല്ലി. മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ സുകുമാര്‍ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. വിവേകിന്റെ ടീമും വടിവേലുവിന്റെ ടീമുമാണ് സിനിമാ ലോകത്ത് ഉണ്ടായിരുന്നത്. രണ്ട് പേരും തന്നെ ജീവിക്കാൻ അനുവദിച്ചില്ല. പലപ്പോഴും നടൻ‌മാര്‍ രാഷ്ട്രീയക്കാരെ പോലെയാണ് പെരുമാറുന്നതെന്നും സുകുമാര്‍ അന്ന് തുറന്നടിച്ചു.

Sreekumar R