വിശാലിന്റെയും എസ്.ജെ സൂര്യയുടെയും അഴിഞ്ഞാട്ടം; കോരിത്തരിപ്പിക്കാന്‍ മാർക്ക് ആന്റണിയിൽ ‘സില്‍ക്ക് സ്മിതയും’

വിശാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് “മാര്‍ക്ക് ആന്റണി”. ചിത്രത്തിനായി  വിശാല്‍ നടത്തിയ സ്റ്റൈലൻ മേയ്‍ക്കോവര്‍  ചിത്രത്തില്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. ‘മാര്‍ക്ക് ആന്റണി’ ചിത്രത്തിന്‍റെ ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 15നാണ് റിലീസാകുന്നത്. ഇന്ത്യൻ സിനിമയിൽ അധികമാരും കൈവെക്കാത്ത ടൈം ട്രാവൽ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. അതേ സമയം കോമഡിക്കും ആക്ഷനും ഒരേ പോലെ പ്രധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. എസ് ജെ സൂര്യ നായകനോളം തന്നെ പ്രധാന്യമർഹിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തിൽ. ഇരുവരും നിരവധി ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തിൽ സിൽക്ക് സ്മിതയെ വീണ്ടും സ്ക്രീനിലവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് .ട്രെയിലറിലും സില്‍കിന്‍റെ രംഗങ്ങള്‍ കാണിക്കുന്നുണ്ട്.  സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മണ്മറഞ്ഞ താരത്തെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. സിൽക്ക് സ്മിതയുടെ കാമിയോ രംഗത്തിന്റെ ഭാഗങ്ങൾ ട്രെയിലറിൽ ഇടം പിടിച്ചിട്ടുണ്ട്. റിലീസായി മണിക്കൂറുകൾക്കുള്ളിൽ വലിയ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചത്. എസ്ജെ സൂര്യ ചിത്രത്തില്‍ പ്രധാന വേഷത്തിലാണ്. വിശാലിനേക്കാള്‍ ചിലയിടത്ത് ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത് എസ്ജെ സൂര്യയാണ്. ഫോണിലൂടെ ടൈം ട്രാവൽ ചെയ്ത് മരണത്തിൽ നിന്നും തിരിച്ചു വരുന്ന ആന്റണി എന്ന ഗ്യാങ്ങ്സ്റ്ററിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

റിതു വർമ്മയാണ് ചിത്രത്തിൽ  നായിക വേഷത്തിലെത്തുന്നത്. അഭിനയ, സെൽവരാഘവൻ, സുനിൽ, മഹേന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.വിശാലും എസ്.ജെ സൂര്യയും ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് എന്നുള്ളതും സിനിമയ്ക്ക് പ്രതീക്ഷകൾ നൽകുന്നു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം ഇറങ്ങും. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ ‘മാര്‍ക്ക് ആന്റണി’. എസ് വിനോദ് കുമാറാണ് നിര്‍മ്മിക്കുന്നത്. ഉമേഷ് രാജ്‍കുമാറാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ. കനല്‍ കണ്ണൻ, പീറ്റര്‍ ഹെയ്‍ൻ, രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്.  ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അഭിനന്ദൻ രാമാനുജൻ ആണ്. വിശാല്‍ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘ലാത്തി’യാണ്. എ വിനോദ്‍കുമാര്‍ ആണ് ‘ലാത്തി’ എന്ന ചിത്രം സംവിധാനം ചെയ്‍തിരുന്നത്. എന്നാല്‍ ചിത്രം തീയറ്ററില്‍ വലിയ പരാജയമായിരുന്നു. ഒരു ആക്ഷൻ എന്റര്‍ടെയ്‍നര്‍ ആയിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നത്. പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് ചിത്രത്തില്‍ നായകൻ വിശാല്‍ വേഷമിട്ടിരിക്കുന്നത്. ബാലസുബ്രഹ്‍മണ്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത്. തിരക്കഥ എഴുതിയിരുന്നത് എ വിനോദ് കുമാര്‍ തന്നെയാണ്. എൻ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രമണയും നന്ദയും ചേര്‍ന്നാണ് നിര്‍മാണം. ബാല ഗോപി എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ആയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് യുവ ശങ്കര്‍ രാജ ആയിരുന്നു.തുടര്‍ പരാജയങ്ങള്‍ നേരിടുന്ന വിശാല്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന ചിത്രമാണ് മാര്‍ക്ക് ആന്‍റണി. അതേസമയം വിശാലിന്‍റെ സിനിമകള്‍ റിലീസ് ചെയ്യുന്നത് താല്‍ക്കാലികമായി മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു . തിയറ്ററുകളിലോ, ഒടിടി പ്ലാറ്റ്‌ഫോമുകളിലോ വിശാലിന്‍റെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതാണ് മദ്രാസ് ഹൈക്കോടതി വിലക്കിയിരുന്നത്.5 കോടി രൂപ കോടതിയില്‍ അടിയന്തരമായി വിശാല്‍ കെട്ടിവയ്ക്കണമെന്നും അന്ന് കോടതി നിർദേശം നൽകി.