Serial News

പോലീസ് കൊണ്ട് പോകുന്നത് നാണക്കേടെന്ന്‌ തോന്നി ; ഏപ്രില്‍ഫൂള്‍ ചെയ്ത് കുടുങ്ങിയ നടിമാർ

മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്‌നേഹ ശ്രീകുമാര്‍. പിന്നീട് നിരവധി ടെലിവിഷന്‍ പരിപാടികളിലും കോമഡി വേദികളിലുമൊക്കെ സജീവ സാന്നിധ്യമായ സ്‌നേഹ കഴിഞ്ഞ വര്‍ഷം ഒരു കുഞ്ഞി്‌ന്റെ അമ്മ കൂടിയായി. മകന്റെ വരവോട് കൂടി ജീവിതത്തില്‍ വന്ന മാറ്റങ്ങളെ പറ്റി സ്‌നേഹ സംസാരിച്ചിരുന്നു. ഇപ്പോഴിതാ നടി സുരഭി ലക്ഷ്മിയുടെ കൂടെ കൂടി താനൊപ്പിച്ച രസകരമായ കഥകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഇപ്പോൾ. കോളേജില്‍ പഠിക്കുന്ന കാലത്ത് ഹോസ്റ്റലില്‍ വച്ച് ഉണ്ടായ ചില സംഭവങ്ങളായിരുന്നു സ്‌നേഹ പങ്കു വെച്ചത്. മിമിക്രി താരം മനോജ് ഗിന്നസിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. അഭിമുഖത്തില്‍ മകന്‍ കേദാറിനെ കുറിച്ചും സ്‌നേഹ സംസാരിച്ചു. മുപ്പത്തിയേഴാമത്തെ ദിവസം മുതല്‍ മകനും അഭിനയിച്ച് തുടങ്ങി. ആദ്യം മറിമായത്തിലായിരുന്നു. അതിന് ശേഷം സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന പരമ്പരയില്‍ എന്റെ മകനായിട്ടാണ് അഭിനയിച്ചതെന്നും സ്‌നേഹ പറയുന്നു. സിനിമയിലുള്ള തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ സുരഭി ലക്ഷ്മിയും അന്ന രാജനുമാണ്. സിനിമയിലെത്തുന്നതിന് മുന്‍പേ സുരഭിയുമായി താന്‍ സൗഹൃദത്തലായിരുന്നു.

കോളേജില്‍ പഠിക്കുന്ന കാലത്ത് ഹോസ്റ്റലില്‍ ഒത്തിരി വില്ലത്തരം ഞങ്ങള്‍ ചേര്‍ന്ന് നടത്തിയിട്ടുണ്ടെന്ന് സ്‌നേഹ പറയുന്നു. അക്കാലത്ത് ഏപ്രില്‍ ഫൂളിന്റെ അന്ന് ഹോസ്റ്റലിലുള്ളവരെ പറ്റിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. നടുമുറ്റമൊക്കെയുള്ളതാണ് ഹോസ്റ്റല്‍. അവിടുത്തെ വാര്‍ഡന്‍ ലേശം കര്‍ക്കശക്കാരിയാണ്. അതിന്റേതായ ഒതുക്കം അവിടെയുണ്ട്. എല്ലാവരെയും പറ്റിക്കാന്‍ എന്ത് ചെയ്യണമെന്ന ആലോചനയില്‍ രാത്രിയില്‍ വെള്ള സാരി ഉടുത്ത് മുറ്റത്ത് പോയി നിന്ന് യക്ഷിയെ പോലെ ചിരിക്കാമെന്ന് വിചാരിച്ചു. പക്ഷേ അത് ആര്‍ക്കും ഏല്‍ക്കാന്‍ സാധ്യതയില്ലെന്ന് തോന്നി. പിന്നെ തോന്നിയ ഐഡിയ ടിവി എടുത്തോണ്ട് വാര്‍ഡന്റെ മുറിയുടെ വാതിലിന്റെ മുന്നില്‍ വെച്ചിട്ട് സൗണ്ട് ഫുള്‍ വെച്ചിട്ട് ഓടാമെന്ന് കരുതി. അത് ചെയ്താല്‍ വേഗം പിടിക്കപ്പെടുമെന്ന് തോന്നി. പിന്നെയാണ് എല്ലാവരുടെയും മുറി പുറത്ത് നിന്നും പൂട്ടാമെന്ന് തീരുമാനത്തിലേക്ക് എത്തുന്നത്. ഒന്നിട വിട്ട മുറികളാണ് പൂട്ടുക. ഒരെണ്ണം തുറക്കുകയും ഒന്ന് അടച്ചിടുകയും വേണം.

ഉറക്കത്തില്‍ ആര്‍ക്കെങ്കിലും ടോയ്‌ലെറ്റില്‍ പോവേണ്ട ആവശ്യം വരികയാണെങ്കില്‍ അവരെ ബുദ്ധിമുട്ടിക്കണ്ടല്ലോ എന്ന് കരുതിയിട്ടാണ് പകുതി മുറികളുടെ വാതില്‍ തുറന്നിട്ടത്. മൊത്തത്തില്‍ ഒന്ന് അലമ്പാക്കുക എന്നേ ഞങ്ങള്‍ ഉദ്ദേശിച്ചുള്ളു. പിന്നെ ഞങ്ങളുടെ മുറി കൂടി പൂട്ടിയിടണമെന്ന് തോന്നി. കാരണം ഇതൊരു പ്രശ്‌നമായാല്‍ എങ്ങനെയും ഞങ്ങളിലേക്ക് അതെത്തും. അതുകൊണ്ട് ഞങ്ങളുടെ മുറി പൂട്ടിയിടുകയാണെങ്കില്‍ ഞങ്ങളാണ് അത് ചെയ്തതെന്ന് ആര്‍ക്കും തോന്നില്ല. അതിന് വേണ്ടി വേറൊരു കൂട്ടുകാരിയെ കൊണ്ട് ഞങ്ങളുടെ മുറിയും ലോക്ക് ചെയ്യിപ്പിച്ചു. അവസാനം അത് വലിയ പ്രശ്‌നമായി. ജനറല്‍ ബോഡി കൂടുകയും പോലീസിനെ വിളിക്കുമെന്നുമൊക്കെ പറഞ്ഞു. ഞങ്ങള്‍ക്ക് ധൈര്യം ഉണ്ടായിരുന്നെങ്കിലും പോലീസ് കൊണ്ട് പോകുന്നത് നാണക്കേട് ആണല്ലോ എന്ന് കരുതി. എല്ലാത്തിലും ദൈവത്തിന്റെ ഒരു കൈ ഉണ്ടാവുമെന്ന് പറയുന്നത് പോലെ പിഎച്ച്ഡി യ്ക്ക് പഠിക്കുന്നൊരു ചേച്ചി ഞങ്ങളുടെ സൗണ്ട് കേട്ടിരുന്നു. പക്ഷേ പുള്ളിക്കാരി അത് വാര്‍ഡനോട് ഒന്നും പറഞ്ഞില്ല. അങ്ങനെ ഒരുപാട് കഥകള്‍ ഉണ്ടായിരുന്നു ഞങ്ങള്‍ക്കെന്നും സ്‌നേഹ പറയുന്നു.

Sreekumar R