Film News

‘ഒരുപക്ഷെ കൂടെ ജീവിക്കേണ്ടി വരും’ ; ഡേറ്റ് ചെയ്തതിനെപ്പറ്റി നടി ഗായത്രി ശങ്കർ

ശ്രദ്ധേയമായ ഒരുപിടി സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് ​ഗായത്രി ശങ്കർ. പാതി മലയാളിയായ ​ഗായത്രി തമിഴിലാണ് കൂടുതൽ സിനിമകൾ ചെയ്തത്. കഴിഞ്ഞ വർഷം ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി  മലയാളത്തിലേക്കും കടന്ന് വന്നു. മികച്ച പ്രകടനമാണ് ഈ  ചിത്രത്തിൽ നടി കാഴ്ച വെച്ചത്. തന്റെ പ്രണയത്തകർച്ചയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ​ ​ഗായത്രി ശങ്കർ. പങ്കാളിക്കൊപ്പം ഒരുമിച്ച് ജീവിച്ച് തുടങ്ങിയ ശേഷം തനിക്കുണ്ടായ മോശം അനുഭവമാണ് ​ഗായത്രി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചത്. തുടക്കത്തിൽ ആ വ്യക്തി വളരെ നല്ല രീതിയിൽ പെരുമാറി. ഷൂട്ട് കാരണമോ മറ്റോ വൈകിയാൽ തിരിച്ചെത്തുമ്പോൾ സ്വി​​ഗിയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരിക്കും. വുമൺസ് ഡേയ്ക്ക് പൂക്കൾ തരും. എന്നെ പ്രത്യേകതയുള്ള ആളാക്കുന്നെന്ന് തോന്നി. അന്ന് ഞാൻ പെൺ സുഹൃത്തുക്കൾക്കൊപ്പമാണ് കഴിയുന്നത്. ഒന്നോ രണ്ടോ പ്രാവശ്യമാണെങ്കിൽ കുഴപ്പമില്ല, പക്ഷെ അവൻ മുഴുവൻ സമയവും ഇവിടെയാണ്.

നീ പോകണമെന്നായി സുഹൃത്തുക്കൾ. അതിന് ശേഷം ഞാൻ അവന്റെയടുത്തേക്ക് താമസം മാറി. അതോടെ എന്റെ മുകളിൽ എന്തോ നിയന്ത്രണമുള്ളത് പോലെ അവന് തോന്നി. അവൻ പറയുന്നത് ശ്രദ്ധിക്കേണ്ട സാഹചര്യമായി. ജോലിക്ക് പോകുന്നതിന് കുറ്റപ്പെടുത്തി. എനിക്ക് പനി വന്നു, പക്ഷെ നീ പോയി എന്നൊക്കെ പറഞ്ഞു. വഴക്ക് നടന്നു. വളരെ മോശമായി. നീ ഈ ഇൻഡസ്ട്രിയിലെ പെണ്ണല്ലെ എന്നൊക്കെ പറഞ്ഞു. ഈ ഇൻഡസ്രി ഇഷ്ടമല്ലെങ്കിൽ പിന്നെ എന്തിന് ഡേറ്റ് ചെയ്യണം. അതിന് ശേഷമാണ് താൻ ബന്ധങ്ങളിൽ അതിർ വരമ്പ് വെച്ചത്. വഴക്കിട്ടാൽ എനിക്ക് പോകാൻ മറ്റൊരിടമില്ലെന്ന് കരുതിയാണ് അവൻ അങ്ങനെ സംസാരിച്ചത്. അവന്റെ മോശം വശങ്ങൾ ഞാൻ നേരത്തെ തിരിച്ചറിഞ്ഞില്ല. ഇനി ആരാണെങ്കിലും ബന്ധത്തിലാകുമ്പോൾ സമയമെടുക്കണമെന്ന് തീരുമാനിച്ചു. ഒരുപക്ഷെ കൂടെ ജീവിക്കേണ്ടി വരും. അവരുടെ വീട്ടിൽ അവരുടെ ദയയിൽ കഴിയുമ്പോൾ എങ്ങനെ പെരുമാറുന്നെന്ന് നോക്കേണ്ടതുണ്ടെന്നും ​ഗായത്രി ശങ്കർ ചൂണ്ടിക്കാട്ടി.

ലോക്ഡൗണിന്റെ സമയത്ത് അമ്മ മാട്രിമോണിയൽ വഴി തനിക്ക് വിവാഹാലോചനകൾ നടത്തിയിരുന്നെന്നും ​ഗായത്രി ശങ്കർ പറയുന്നു. എല്ലാ ഫിൽട്ടറിനും ശേഷവും ഒരാൾക്ക് തന്നോട് സംസാരിക്കണമെന്നുണ്ടെങ്കിൽ താൻ നോക്കാമെന്ന് മാതാപിതാക്കളോട് പറഞ്ഞു. അങ്ങനെ ഒരാളുടെ നമ്പർ വാട്സാപ്പിൽ ലഭിച്ചു. ഞങ്ങൾ മെസേജ് അയച്ചു. അവന്റെ ടാറ്റൂവിനെക്കുറിച്ചും വളർത്തുനായയെക്കുറിച്ചെല്ലാം പറഞ്ഞു. പിന്നെ ഞങ്ങൾ കോൾ ചെയ്തു. ഇത് തന്നെ അവർത്തിച്ചു. 25 മിനിട്ട് നീണ്ട ഫോൺ കോളിൽ ഞാൻ മൂളുക മാത്രമാണ് ചെയ്തത്. അവൻ സംസാരം തുടർന്ന് കൊണ്ടിരുന്നു. ജർമ്മനിയിൽ പോയതും ​ഗോവയിൽ പോയതും അവിടെ വെച്ച് കുടിച്ചതിനെക്കുറിച്ചുമെല്ലാം സംസാരിച്ചു. അവന് ഒരുപക്ഷെ പഠിക്കുന്ന കാലത്ത് അതൊന്നും സാധിച്ച് കാണില്ല. ഞാൻ പക്ഷെ കുറേക്കാലം മുമ്പേ അതെല്ലാം ആസ്വദിച്ചതാണ്. ആ ചെറുപ്പക്കാരൻ തനിക്ക് അനുയോജ്യനല്ലെന്ന് മനസിലാക്കിയെന്നും ​ഗായത്രി ശങ്കർ വ്യക്തമാക്കി. വിവാഹം കഴിഞ്ഞ് വീട്ടമ്മയായി ഭക്ഷണം പാകം ചെയ്ത് കഴിയാൻ തനിക്ക് താൽപര്യമില്ലെന്നും ​ഗായത്രി ശങ്കർ പറഞ്ഞു. ബഹുമാനവും സ്വന്തം കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തിയുമാണ് ബന്ധത്തിൽ താനാ​ഗ്രഹിക്കുന്നതെന്നും ​ഗായത്രി ശങ്കർ വ്യക്തമാക്കി.

Sreekumar R