കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. ചിത്രത്തില്‍ നിര്‍ണായക കഥാപാത്രമായിരുന്നു ഏജന്റ് ടീന. പ്രേക്ഷകരുടെ മനസില്‍ വളരെ വേഗം ഇടം നേടാന്‍ ഈ കഥാപാത്രത്തിനായി. ഏജന്റ് ടീനയായി കയ്യടി നേടിയത് വാസന്തിയായിരുന്നു.
ഇപ്പോഴിതാ ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലാണ് ഏജന്റ് ടീനയായി ഏത്തിയ വാസന്തി അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റില്‍ താരം മമ്മൂട്ടിക്കൊപ്പം നില്ക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഈ ഫോട്ടോ. ഫോട്ടോ പുറത്തുവന്നതോടെ ആരാധകരും ഏറെ ആവേശത്തിലാണ്.
ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് മമ്മൂട്ടിയെത്തുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കോതമംഗലത്താണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
ഉദയ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി തമിഴില്‍ നിന്നുള്ള സൂപ്പര്‍ താരമായിരിക്കും അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.