ഐശ്വര്യ റായ്ക്ക് ഡബ് ചെയ്യാൻ പറ്റുമെന്ന് കരുതിയില്ല ; ദീപ വെങ്കട്ട്

ഡബ്ബിംഗില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളുണ്ട്. അത്തരത്തിൽ തമിഴകത്ത് പ്രശസ്തിയേറി വരികയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദീപ വെങ്കട്ടിന്. പൊന്നിയിൻ സെല്‍വനില്‍ ഐശ്വര്യ റായ്ക്ക് തമിഴില്‍ ഡബ് ചെയ്തത് ദീപ വെങ്കട്ട് ആണ്. നയൻതാരയ്ക്ക് വര്‍ഷങ്ങളായി ഡബ് ചെയ്യുന്നതും ദീപ വെങ്കട്ട് ആണ്. തമിഴില്‍ ചുരുക്കം ചില  സിനിമകളിലേ നയൻതാര സ്വന്തം ശബ്ദം ഉപയോഗിച്ചി‌ട്ടുള്ളൂ. അരം, ഇമ്മൈക നൊടികള്‍, ജവാൻ തുട‌ങ്ങിയ സിനിമകളില്‍ നയൻതാരയു‌ടെ കഥാപാത്രങ്ങള്‍ക്ക് കേട്ട ശബ്ദം ദീപ വെങ്കട്ടിന്റേതാണ്. ഡബ്ബിംഗ് രംഗത്തെ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ദീപ വെങ്കട്ട്. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദീപ. വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ ശക്തമായ പ്രൊഫഷണല്‍ ബന്ധമാണ് നയൻതാരയുമായി. അവര്‍ എങ്ങനെ ഒരു കഥാപാത്രത്തെ അപ്രോച്ച്‌ ചെയ്യുന്നു, സ്ക്രീനിലെ പ്രസൻസ് എന്നിവയൊക്കെ മനസിലാക്കുന്നു. എങ്കിലും ഓരോ സംവിധായകരും വ്യത്യസ്തരാണ്. ഇമ്മൈക്ക നൊടികള്‍, കണക്‌ട്, മായ, ജവാൻ തുടങ്ങിയ സിനിമകളെല്ലാം വ്യത്യസ്തമാണ്. സംവിധായന്മാരാണ്  ഡബ്ബിംഗ് എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കുന്നത്. നയൻതാരയ്ക്ക് അനുയോജ്യമായത് കൊണ്ടാണ് എന്റെ ശബ്ദം ഉപയോഗിക്കുന്നത്. ചില സിനിമകളില്‍ അവര്‍ തന്നെ ഡബ് ചെയ്യാറുണ്ട്. നയൻതാരയ്ക്ക് ഡബ് ചെയ്ത ജവാൻ, ബിഗില്‍, രാജ റാണി എന്നീ സിനിമകളില്‍ രാജാ റാണിയാണ് തനിക്ക് പ്രിയപ്പെട്ടതെന്നും ദീപ വെങ്കട്ട് വ്യക്തമാക്കി. ഹൊറര്‍, സൈക്കോ ത്രില്ലറുകളില്‍ ഡബ് ചെയ്യുമ്പോള്‍ ചലഞ്ചിംഗ് ആകാറുണ്ടെന്ന് ദീപ വെങ്കട്ട് വ്യക്തമാക്കി. കണക്‌ട് എന്ന സിനിമയില്‍ ഒരു സീനില്‍ നയൻതാര വളരെ ഇൻവോള്‍വ് ആയി അഭിനയിച്ചു. ചില വാക്കുകള്‍ മുഴുവനായും പുറത്ത് വന്നില്ല. ആ സീൻ ഡബ് ചെയ്യാൻ ഒരുപാട് സമയമെടുത്തു. ഡബ്ബിംഗിനിടെ ഞാൻ കരഞ്ഞു. കരഞ്ഞാല്‍ മാത്രമേ അത് ശരിയായി വരൂ. നമ്മളും ആ സോണില്‍ പോയാലെ ആ ശബ്ദം വരൂ. ആരെങ്കിലും കണ്ട് അവാര്‍ഡ് തരാൻ വേണ്ടി ചെയ്യുന്ന വര്‍ക്ക് അല്ല. അങ്ങനെ ചെയ്യുന്നതാണ് എനിക്ക് സംതൃപ്തി തരുന്നത്.

പൊന്നിയിൻ സെല്‍വന് വേണ്ടി തന്റെ ശബ്ദം തെരഞ്ഞെ‌ടുത്തപ്പോള്‍ ആശ്ചര്യം തോന്നി. ഐശ്വര്യ റായ്ക്ക് ഡബ് ചെയ്യാൻ പറ്റുമെന്ന് കരുതിയിരുന്നില്ല. പൊന്നിയിൻ സെല്‍വനില്‍ ഐശ്വര്യയുടെ ആദ്യ രംഗത്തിലെ സംഭാഷണമാണ് ‌ടെസ്റ്റ് വോയ്സായി ചെയ്തത്. ഐശ്വര്യ റായ് കൃത്യമായി തമിഴ് പറയുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ദീപ വെങ്കട്ട് ഓര്‍ത്തു. പൊന്നിയിൻ സെല്‍വനിലെ ഡബ്ബിംഗിനെക്കുറിച്ചും ദീപ വെങ്കട്ട് സംസാരിച്ചു. പൊന്നിയിൻ സെല്‍വനില്‍ സെന്തമിഴ് പറയുന്നത് ശ്രമകരമായിരുന്നു. തമിഴ് കൃത്യമായിരിക്കണം, ഡബ്ബ് ചെയ്യുന്നയാള്‍ക്ക് ശബ്ദം ചേരണം, ഈ ടെൻഷൻ ഒന്നും മനസിലാകാനും പാടില്ലെന്നും ദീപ വെങ്കട്ട് ചൂണ്ടിക്കാട്ടി. പൊന്നിയിൻ സെല്‍വനില്‍ നടി തൃഷയ്ക്കും ഡബ്ബിംഗ് ശബ്ദമാണ്. കാര്‍ത്തിക നെല്‍സണ്‍ എന്ന ഡബിംഗ് ആര്‍ട്ടിസ്റ്റാണ് തൃഷയ്ക്ക് വേണ്ടി ശബ്ദം നല്‍കിയത്. മലയാളത്തില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റെന്ന് കേട്ടാല്‍ ഏവരുടെയും മനസില്‍ ആദ്യം വരുന്ന പേര് ഭാഗ്യലക്ഷ്മിയുടേതാണ്. അതിന് മുമ്പ് പ്രഗല്‍ഭരായ പല ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ വന്നിട്ടുണ്ടെങ്കിലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരാൻ ശ്രമങ്ങള്‍ നടത്തിയവരില്‍ പ്രധാനപ്പെട്ടയാളാണ് ഭാഗ്യലക്ഷ്മി. ഇന്ന് ഒരു പരിധിവരെ എല്ലാ ഭാഷകളിലും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയും സിനിമാ മാധ്യമങ്ങളുമാണ് ഇതിന് സഹായിച്ചത് എന്നതാണ് വാസ്തവം.

Sreekumar R