‘തല’യ്ക്ക് ഇതെന്തുപറ്റി? എന്നെ ഇനി അങ്ങനെ വിളിക്കരുതെന്ന് ആരാധകരോട് അജിത്!!

സിനിമാ താരങ്ങളെ ഓമനപ്പേരിട്ട് വിളിക്കുന്നത് ആരാധകരുടെ ഒരു അവകാശമാണ്. അവരോടുള്ള കടുത്ത ആരാധനയും പ്രിയവും സൂചിപ്പിച്ചുകൊണ്ടാണ് പല നടീ നടന്മാര്‍ക്കും ആരാധകര്‍ ഓമനപ്പേര് ഇടുന്നത്. അത് ചിലപ്പോള്‍ അവരുടെ പ്രത്യേകമായ ഒരു സിനിമയുടെ പേരോ കഥാപാത്രങ്ങളുടെ പേരോ അങ്ങനെ എന്തും ആവാം. ചിലപ്പോള്‍ താരങ്ങളും ആ പേരുകള്‍ ആസ്വദിക്കുന്നുണ്ടാകാം.

എന്നാലിപ്പോള്‍ ഈ ഒരു പ്രവണത തന്നോട് മാറ്റണം എന്ന് ആരാധകരോടും മാധ്യമങ്ങളോടും ആവശ്യപ്പെട്ടിരിക്കുകയാണ് തമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത്ത്. തല എന്നാണ് താരത്തെ ആരാധകര്‍ ഏറെ സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്നത്. എന്നാല്‍ അങ്ങനെ തന്നെ ഇനി വിളിക്കരുത് എന്ന അജിത്തിന്റെ പ്രസ്താവന ആരാധരെ ഞെട്ടിച്ചിരിക്കുകയാണ്. മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും എഴുതിയ തുറന്ന കത്തിലാണ് തന്നെ ഇനി മുതല്‍ തല എന്ന് അഭിസംബോധന ചെയ്യരുതെന്ന് അജിത് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇനി മുതല്‍ ‘അജിത്ത് കുമാര്‍’ എന്നോ ‘എ.കെ’ എന്നോ മാത്രം പരാമര്‍ശിക്കണമെന്നും ‘തല’ എന്ന് വിളിക്കരുതെന്നുമാണ് കത്തില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 2001-ല്‍ പുറത്തിറങ്ങിയ ധീന എന്ന ചിത്രത്തിലൂടെയാണ് അജിത്തിന് തല എന്ന വിളിപ്പേര് ലഭിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…’മാധ്യമപ്രവര്‍ത്തകരോടും എന്റെ ആരാധകരോടും പൊതുസമൂഹത്തോടും പറയാനുള്ളത്. അജിത്ത്, അജിത്ത് കുമാര്‍ അതുമല്ലെങ്കില്‍ എകെ എന്നു പരാമര്‍ശിക്കപ്പെടാനാണ് ഞാനിനി ആഗ്രഹിക്കുന്നത്. തലയെന്നോ മറ്റെന്തെങ്കിലും വിശേഷണമോ പേരിനു മുന്‍പ് ചേര്‍ക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യവും സന്തോഷവും വിജയവും സമാധാനവും സംതൃപ്തിയും നിറഞ്ഞ ഒരു ജീവിതം എല്ലാവര്‍ക്കും ഞാന്‍ ആശംസിക്കുന്നു. സ്‌നേഹം, അജിത്ത് കുമാര്‍’, എന്നാണ് അജിത്തിന്റെ പ്രസ്താവന. താരം ഇത്തരത്തിലൊരു പ്രസ്താവന പെട്ടെന്ന് പുറപ്പെടുവിക്കാന്‍ കാരണം എന്തായിരിക്കാം എന്ന സംശയത്തിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍ മുഴുവനും.