സന്തോഷ് പണ്ഡിറ്റ് നല്ല മാതൃകയാണ്.. അദ്ദേഹത്തിനോട് ബഹുമാനമാണ്- അജു വര്‍ഗീസ്

സിനിമയുടെ കാഴ്ചപ്പാടുകള്‍ തിരുത്തിക്കുറിച്ച് മലയാള സിനിമയിലെ സകലകലാവല്ലഭനായി താരമാണ് സന്തോഷ് പണ്ഡിറ്റ്. നടനും ഗായകനും സംവിധായകനും നിര്‍മ്മാതാവുമെല്ലാം സന്തോഷ് പണ്ഡിറ്റ്. 2011ല്‍ കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് മലയാള സിനിമാ ലോകത്തേക്ക് എത്തിയത്. സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, കാളിദാസന്‍ കവിതയെഴുതുകയാണ് തുടങ്ങി എട്ട് ചിത്രങ്ങള്‍ സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്തിട്ടുണ്ട്.

സിനിമകളുടെ മറ്റ് സാങ്കേതിക മേഖലകളും സന്തോഷ് തന്നെയാണ് നിര്‍വഹിച്ചിരുന്നത്. 2019ലിറങ്ങിയ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍ ആണ് സന്തോഷ് പണ്ഡിറ്റിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

ഇപ്പോഴിതാ സന്തോഷ് പണ്ഡിറ്റിനെ കുറിച്ചുള്ള നടന്‍ അജുവര്‍ഗീസിന്റെ വാക്കുകള്‍ വൈറലായിരിക്കുകയാണ്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമ നിര്‍മ്മാണ രീതികള്‍ ഇഷ്ടമാണെന്നാണ് അജു വ്യക്തമാക്കുന്നത്.

സന്തോഷ് പണ്ഡിറ്റിനോട് ഏറെ ബഹുമാനമുണ്ട്. സാധാരണക്കാരുടെ കൈകളിലേക്കും സിനിമ എത്തിയതിന്റെ തെളിവാണ് സന്തോഷ് പണ്ഡിറ്റെന്നും അജു പറഞ്ഞു. അഞ്ചുലക്ഷം രൂപക്ക് സിനിമ എടുക്കാമെന്ന് തെളിയിച്ച ആളാണ് സന്തോഷ് പണ്ഡിറ്റ് എന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ ഇപ്പോള്‍ മൊണോപൊളി ഇല്ല. ആര്‍ക്കും സിനിമ എടുക്കാം. എന്റെ അഭിപ്രായത്തില്‍ പറഞ്ഞാല്‍, മലയാള സിനിമ എത്തിപ്പെടാന്‍ സാധ്യത ഇല്ലാതിരുന്ന പല സാധാരണക്കാരുടെ കൈകളിലേക്കും എത്തി. അക്കാര്യത്തില്‍ ഏറെ ബഹുമാനമുണ്ട് സന്തോഷിനോട്. സിനിമകളുടെ ക്വാളിറ്റി ഒന്നും നോക്കിയിട്ടല്ല, മറിച്ച് അദ്ദേഹം നല്ല മാതൃകയാണെന്നും താരം പറഞ്ഞു.

സിനിമ ബുദ്ധിമുട്ടുള്ള ജോലിയല്ല. ടാലന്റ് ഉള്ളവര്‍ക്ക് പണം കൊടുത്ത് സ്‌ക്രിപ്റ്റ് എഴുതിപ്പിച്ചാല്‍ സിനിമ ഹിറ്റ് ആകുമെന്നും അജു പറഞ്ഞു. താന്‍ സിനിമയിലേക്ക് വന്നത് വിനീത് ശ്രീനിവാസന്‍ കാരണമാണ്. താന്‍ ഇതുവരെ ഇവിടുത്തെ ഒരു വലിയ പ്രൊഡക്ഷന്റെയോ സിനിമകളുടെയോ ഭാഗമായിട്ടില്ലെന്നും താരം പറയുന്നു.

ആരും വിളിക്കാതിരുന്നപ്പോഴും ഒരു വിഷമവും ഉണ്ടായിരുന്നില്ല. ഞാന്‍ ചെയ്തതെല്ലാം ചെറിയ സിനിമകളാണ്. രണ്ട് കോടി, രണ്ടര കോടി ഒക്കെയായിരുന്നു ബജറ്റ്. വെള്ളിമൂങ്ങ, അടി കപ്പ്യാരെ കൂട്ടമണി, തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങളൊക്കെ ചെറിയ പടങ്ങളാണെന്നും അജു പറഞ്ഞുനിര്‍ത്തി.

Anu B