കുളത്തില്‍ വീണ തുമ്പിയെ രക്ഷിച്ച് അക്ഷയ് കുമാര്‍- വീഡിയോ പങ്കുവെച്ച് താരം

ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനെ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുളത്തില്‍ വീണ തുമ്പിയെ രക്ഷിച്ച വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടന്‍. രാവിലെ തന്നെ തന്റെ സ്വിമ്മിങ് പൂളില്‍ വീണ ഒരു ജീവനെ രക്ഷിച്ച വീഡിയോയും നടന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുളത്തില്‍ നിന്ന് പുറത്തെടുത്ത തുമ്പിയുടെ ചിറക് ഉണങ്ങാനായി ഊതിക്കൊടുക്കുന്ന അക്ഷയ് കുമാറിനെയാണ് വിഡിയോയില്‍ കാണുന്നത്. നിരവധി ആരാധകര്‍ താരത്തെ പ്രശംസിച്ച് കമന്റുകളിട്ടു.

‘ഈ കൊച്ചു സുഹൃത്ത് രാവിലെ സ്വിമ്മിങ് പൂളില്‍ തെന്നിവീണു. അവന് സഹായം ആവശ്യമായിരുന്നു. കുറച്ച് ക്ഷമയുടേയും പ്രോത്സാഹനത്തിന്റേയും ആവശ്യമുണ്ടായിരുന്നു. അവന്‍ പറന്നു പോയി. നമ്മുടെ ജീവിതത്തില്‍ നമുക്കും ആവശ്യമുള്ളത് ഇതുതന്നെ അല്ലേ. ഹൃദയത്തിലെ പ്രതീക്ഷ, ജീവിക്കാനുള്ള ആഗ്രഹം പറക്കാനുള്ള ചിറക്- അക്ഷയ് കുറിച്ചു.

സൂപ്പര്‍ഹിറ്റായ മലയാള ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കിലാണ് അക്ഷയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബച്ചന്‍ പാണ്ഡെയാണ് അക്ഷയ് കുമാറിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

 

Gargi