കുട്ടി ആരാധകൻ കൈ നിറയെ സമ്മാനങ്ങളുമായി മകനെ അയച്ച് അല്ലു അർജ്ജുൻ

തെന്നിന്ത്യമുഴുവന്‍ ആരാധകരുള്ള താരമാണ് അല്ലു അര്‍ജ്ജുന്‍. ആര്യ എന്ന ചലച്ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെയും ഹീറോ ആയി മാറി ഈ പ്രിയതാരം. ഇപ്പോഴിതാ തന്റെ ഓട്ടോ​ഗ്രാഫ് ആഗ്രഹിച്ച ഒരു കുട്ടി ആരാധകന് സർപ്രൈസ് നൽകിയിരിക്കുകയാണ്  അല്ലു അർജുൻ. ക്രിസ്മസിന് എന്തു സമ്മാനമാണ് വേണ്ടത് എന്ന് ഹൈദരാബാദിലെ ഒരു അനാഥാലയത്തിലെ കുഞ്ഞുങ്ങളോട് ചോദിച്ചു. അതിലൊരുവൻ കൊടുത്ത മറുപടി എനിക്ക് അല്ലു അർജുന്റെ ഓട്ടോഗ്രാഫ് വേണം എന്നാണ്. ആരാധകനായ ആ ബാലന്റെ നിഷ്കളങ്കമായ  ചോദ്യം സാക്ഷാൽ അല്ലുവിന്റെ ചെവിയിലുമെത്തി.

സമീർ എന്ന ആ കുഞ്ഞിന് കൊടുക്കാൻ സമ്മാനങ്ങളും ഹൃദയം കൊണ്ടെഴുതിയ ഓട്ടോഗ്രാഫുമായി സമാനപ്രായത്തിലുള്ള സ്വന്തം മകനെ തന്നെ അല്ലു അർജുൻ അനാഥാലയത്തിലേക്ക് അയച്ചു. നടി വിഥിക ഷേരുവാണ് സമീറിന്റെ ആഗ്രഹം അല്ലുവിനെ അറിയിച്ചത്. അനാഥാലയത്തിലെ കുട്ടികൾക്കായി സീക്രട്ട് സാന്റ വീഡിയോ വിഥിക ഒരുക്കിയിരുന്നു. ഈ വീഡിയോയിൽ സമീറിനോട് ക്രിസ്മസ് സമ്മാനമായി എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ മറുപടി അല്ലുവിന്റെ ഓട്ടോഗ്രാഫ് വേണമെന്നായിരുന്നു.

ഇക്കാര്യം അറിഞ്ഞ താരം ഒട്ടും വൈകാതെ ഭാര്യ സ്നേഹയ്ക്കൊപ്പം ചേർന്ന് സമീറിനായി ഓട്ടോഗ്രാഫും അനാഥാലയത്തിലെ മുഴുവൻ കുട്ടികൾക്കും ക്രിസ്മസ് സമ്മാനവും ഒരുക്കി. സമീറിന്റെ അടുത്തേക്ക് സ്വന്തം മകൻ അയാനെ തന്നെ അയച്ചു. അവന്റെ കയ്യിൽ തന്നെ ആ ഓട്ടോഗ്രാഫും മറ്റ് സമ്മാനങ്ങളും അല്ലു കൊടുത്തയച്ചു. അനാഥാലയത്തിലെ കുട്ടികൾക്കൊപ്പം ഏറെ നേരം കളിയും വർത്തമാനങ്ങളും കഴിഞ്ഞാണ് അയാൻ തിരികേ പോയത്. ഇതിന്റെ വീഡിയോ വൈറലാകുകയാണ്.

Sreekumar R