Film News

ഒരു ആര്‍ട്ടിസ്റ്റിന് നല്ല മനസ്സമാധാനം വേണം!! വിവാദങ്ങള്‍ മാനസികമായി തളര്‍ത്തി – അമൃത സുരേഷ്

സ്വരമാധുരി കൊണ്ട് ആരാധക ഹൃദയം കീഴടക്കിയ ഗായികയാണ് അമൃത സുരേഷ്. വ്യക്തി ജീവിതം കൊണ്ട് പലപ്പോഴും താരം വിവാദത്തിലും നിറയാറുണ്ട്. വലിയ രീതിയില്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്ന താരം കൂടിയാണ് അമൃത സുരേഷ്. വിവാദങ്ങളും സൈബര്‍ ആക്രമണവും തന്നെ സാരമായി ബാധിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമൃത

വിവാദങ്ങള്‍ ജീവിതത്തില്‍ ബാധിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ അത് നുണയാകുമെന്ന് അമൃത പറയുന്നു.തന്റെ ജീവിതത്തില്‍ ഓരോ ഘട്ടത്തിലും വിവാദങ്ങളും കൂടെയുണ്ട്. അതിനെ കണ്ടില്ലെന്ന് നടിക്കാന്‍ പലപ്പോഴും തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് അമൃത പറയുന്നു.

മനസില്‍ സമാധാനം ഉണ്ടെങ്കില്‍ മാത്രമേ പൂര്‍ണമായും മനസ് അര്‍പ്പിച്ച് പാടാന്‍ സാധിക്കുകയുള്ളൂ. പാട്ടു പാടുകയെന്നാല്‍ സംഗീത സംവിധായകന്‍ പറയുന്ന ട്യൂണില്‍ പാടുക എന്നത് മാത്രമല്ല, ആ രംഗത്തിന്റെ ഇമോഷന്‍ കൂടി നോക്കണം. മാത്രമല്ല മനസിനും സമാധാനം വേണമെന്നും അമൃത പറയുന്നു.

അതേസമയം, താന്‍ സ്വന്തമായിട്ട് ചെയ്യണം എന്നാഗ്രഹിച്ച കുറെ കാര്യങ്ങള്‍ വിവാദങ്ങള്‍ കാരണം നഷ്ടമായിട്ടുണ്ടെന്നും അമൃത പറയുന്നു. വിവാദങ്ങള്‍ ഉണ്ടാക്കിയ മാനസിക ബുദ്ധിമുട്ട് കാരണം മുന്നോട്ടു പോകാതിരുന്നിട്ടുണ്ടെന്നും അമൃത പറയുന്നു.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കുറേ മാറി, വിവാദങ്ങളോട്, അത് ഏതറ്റം വരെ പോകുമെന്ന്, അതില്‍ വീണുകിടന്നാല്‍ എന്റെ പ്രഫഷനല്‍ ജീവിതത്തില്‍ വരുന്ന നഷ്ടമെന്തൊക്കെയാണ് എന്ന് താന്‍ തന്നെ മനസ്സിലാക്കിയെടുത്തുവെന്നും അമൃത പറയുന്നു. അതിനായി മനസ്സിനെയും പാകപ്പെടുത്തിയെന്നും താരം പറയുന്നു.

തന്റെ പ്രതികരണങ്ങളില്‍ ആളുകളില്‍ തന്നെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ മാറ്റിയിട്ടുണ്ട്. മുന്‍പ് എന്ത് കാര്യം സംഭവിച്ചാലും എന്റെ ഭാഗത്ത് മാത്രമാണ് തെറ്റ് എന്ന് തരത്തില്‍ ഉറക്കെ സംസാരിക്കുന്ന ഒരു കൂട്ടം ആളുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ അതിന് ഒരു പരിധി വരെ മാറ്റം വന്നിട്ടുണ്ട്. തന്റെ ഭാഗത്തെ ശരികളെ അവര്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും താരം പറയുന്നു.

”നമ്മുടെ നാട്ടിലൊരു രീതിയുണ്ട്, പ്രതികരിക്കാതിരുന്നാല്‍ നമ്മുടെ ഭാഗത്ത് എന്തോ തെറ്റുള്ളതുകൊണ്ടാണെന്ന് ആളുകള്‍ വ്യാഖ്യാനിക്കും. പ്രത്യേകിച്ച് അതൊരു സ്ത്രീയാണെങ്കില്‍. ഞാന്‍ അത് മനസ്സിലാക്കിയത് ഞാന്‍ എന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്നു തുറന്നു പറഞ്ഞപ്പോഴാണ്.” എന്നാണ് അമൃത പറയുന്നത്.

നല്ല മനസ്സമാധാനം ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് വലിയ കാര്യമാണ്. ഏത് അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോയതെന്നു പൂര്‍ണമായി തുറന്നുപറഞ്ഞില്ലെങ്കിലും എന്താണു സംഭവിച്ചതെന്ന്കുറേയെങ്കിലും തുറന്നുപറഞ്ഞത് വലിയ ആശ്വാസമായിരുന്നെന്നും താരം പറയുന്നു. ആ വെളിച്ചമാണ് വിവാദത്തിലും തന്നെ തകരാതെ പിടിച്ചുനിര്‍ത്തിയതെന്നും താരം പറയുന്നു.

Anu B