ചെമ്പൻ വിനോദിന്റെ അനിയൻ ഉല്ലാസ് ചെമ്പന്റെ ആദ്യ സംവിധാന സിനിമ; അഞ്ചക്കള്ളകൊക്കാനിലെ ആദ്യ ഗാനം പുറത്ത് 

Follow Us :

ഉല്ലാസ് ചെമ്പൻ സംവിധാനം ചെയുന്ന ആക്ഷൻ ത്രില്ലർ അഞ്ചക്കള്ളകോക്കാൻ എന്ന പുതിയ ചിത്രത്തിന്റെ ആദ്യ ഗാനം റിലീസ് ചെയ്തു. പോസ്റ്ററുകളിലും ട്രെയിലറിലും നൽകിയിരുന്ന ഒരു വ്യത്യസ്ത ട്രീട്മെന്റ് സോങ്ങിലും ഒട്ടും തന്നെ കുറയാതിരിക്കാൻ അണിയറ പ്രവർത്തകർ ശ്രദ്ധിച്ചിട്ടുണ്ട് എന്നാണ് ആദ്യ ഗാനത്തിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. ചെമ്പൻ വിനോദിനെയും ലുക്മാൻ അവറാനെയും മുഖ്യ കഥാപാത്രങ്ങൾ ആയി അവതരിപ്പിക്കുന്ന അഞ്ചക്കള്ളകോക്കാൻ, ചെമ്പൻ വിനോദിന്റെ സഹോദരൻ ഉല്ലാസ് ചെമ്പൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

കേരളത്തിലെ നാട്ടിൻപുറങ്ങളിൽ കണ്ടുവരുന്ന ഒരു പ്രാചീന കലാരൂപമാണ് തുമ്പി തുള്ളൽ. സംഗീത സംവിധായകൻ മണികണ്ഠൻ അയ്യപ്പയുടെ സ്വദേശമായ തൃശ്ശൂർ ജില്ലയിലെ കൊള്ളന്നൂർ എന്ന ഗ്രാമത്തിൽ അദ്ദേഹത്തിന്റെ ചെറുപ്പകാലം മുതലെ കണ്ടുവന്നിരുന്ന ഈ കലാരൂപം അതിൻ്റെ തനതായ താളത്തിലും ശൈലിയിലും പുറം ലോകത്തിനു പരിചയപെടുത്താനായി ഒരു കൗതുകത്തിൻ്റെ പേരിൽ റെക്കോർഡ് ചെയ്തിരുന്ന പാട്ടിനെ ഈ സിനിമയുടെ സംവിധായകൻ ഉല്ലാസ് ചെമ്പന്റെ നിർദ്ദേശത്തോടെ അഞ്ചക്കള്ളകോക്കാനിൽ ഉൾപ്പെടുത്തുകയായിരുന്നു. ഒരു ഫോക്ക് ട്രാൻസ് രീതിയിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതൊരു പ്രാചീന കലാരൂപം ആയതുകൊണ്ട് തന്നെ ഇത് പാടിയിരിക്കുന്നത് വർഷങ്ങളായി തുമ്പി തുള്ളലിൽ പാടിയിരുന്ന മാളു ചേച്ചിയും സുഹൃത്തക്കളുമാണ്.

ചെമ്പോസ്‌കി മോഷൻ പിച്ചർസിന്റെ ബാനറിൽ ചെമ്പൻ വിനോദ് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ വികിൽ വേണുവും ഉല്ലാസ് ചെമ്പനും ചേർന്നാണ് രചിച്ചിരിക്കുന്നത്. ആർമോ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിങ്ങ് നിർവഹിച്ചത് രോഹിത് വി. എസ്. വാര്യത്ത് ആണ്