Film News

ഈ അഞ്ചക്കള്ളക്കോക്കാന്‍ ശരിക്കും ഉണ്ടോ? ശ്രദ്ധേയമായി ട്രെയ്‌ലര്‍

ചെമ്പന്‍ വിനോദ് ജോസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം അഞ്ചക്കള്ളക്കോക്കാന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ചെമ്പന്‍ വിനോദ്, ലുക്ക്മാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാര്‍ച്ച് 15 ന് തീയേറ്ററുകളില്‍ എത്തും. ചെമ്പന്‍ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി ആണ് ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്. പാമ്പിച്ചി എന്ന ഹ്രസ്വ ചിത്രമാണ് ഉല്ലാസ് ചെമ്പന്റെ ആദ്യത്തെ സംവിധാന സംരഭം. ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്.

അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ജെല്ലിക്കെട്ട്, ചുരുളി തുടങ്ങി സുലൈഖ മന്‍സില്‍ വരെ 7 സിനിമകളാണ് ഇതുവരെ ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഇറങ്ങിയ സിനിമ പോസ്റ്ററുകളില്‍ തന്നെ വ്യത്യസ്തത കാഴ്ചവച്ച സിനിമയുടെ ട്രൈലെര്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.

1980 കളുടെ അവസാനം പശ്ചാത്തലമാക്കി കേരള കര്‍ണാടക അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാന്‍. പേര് പോലെ തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ട്രെയ്ലറും ഏറെ ശ്രദ്ധേയമാവുകയാണ്. മലയാളി പ്രേക്ഷകര്‍ക്കു അത്രകണ്ട് സുപരിചിതമല്ലാത്ത മലയാളം വെസ്റ്റേണ്‍ ട്രീറ്റ്‌മെന്റിലൂടെ പൊറാട്ട് എന്ന ഫോക്ക് കലാരൂപത്തെ മുന്‍നിര്‍ത്തിയാണ് ചിത്രത്തിന്റെ കഥ ഉല്ലാസ് ചെമ്പന്‍ അവതരിപ്പിക്കുന്നത്.

മണികണ്ഠന്‍ ആചാരി, മെറിന്‍ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സംവിധായകന്‍ ഉല്ലാസ് ചെമ്പനും വികില്‍ വേണുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആര്‍മോ ചായാഗ്രഹണം ഒരുക്കുന്നു. മണികണ്ഠന്‍ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത്.

Ajay Soni