ഞാന്‍ പോരാടിയത് അനീതിക്കെതിരെ! ശ്രീനാഥ് ഭാസിക്കെതിരെയല്ല- വിശദീകരിച്ച് അവതാരക

നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുന്നതില്‍ വിശദീകരണവുമായി പരാതി നല്‍കിയ ഓണ്‍ലൈന്‍ ചാനല്‍ അവതാരക. താന്‍ പോരാടിയത് ശ്രീനാഥ് ഭാസി എന്ന വ്യക്തിക്കെതിരെയല്ല. അനീതിക്കെതിരെ ശക്തമായി പ്രതികരിക്കണം എന്ന ഒരു ഓര്‍മ്മപ്പെടുത്തലിനു വേണ്ടിയാണെന്നും അവതാരക ഫേസ്ബുക്കില്‍ കുറിച്ചു.

അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യം നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്. കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് നേരില്‍ കണ്ട് മാപ്പ് അപേക്ഷിച്ചെന്നും തനിക്ക് മാപ്പ് കൊടുക്കാതിരിക്കാനാവില്ലെന്നും അവതാരക വ്യക്തമാക്കിയിരുന്നു.

ഒരാളെയും വ്യക്തിപരമായി വാക്കോ പ്രവൃത്തിയോ കൊണ്ട് താന്‍ ഉപദ്രവിച്ചിട്ടില്ല. എന്റെ തൊഴിലിടത്തില്‍ ആത്മാഭിമാനത്തെയും, സ്ത്രീത്വത്തെയും അപമാനിക്കുന്ന രീതിയില്‍ ഉണ്ടായ ഒരു പെരുമാറ്റത്തോട് നിയമപരമായി പ്രതികരിച്ചു എന്ന് മാത്രമേയുള്ളു എന്ന് വിശദീകരണകുറിപ്പില്‍ അവതാരക പറയുന്നു.

പലരും പറഞ്ഞു. ക്ഷമിക്കാവുന്ന തെറ്റല്ലേ ഉള്ളൂ എന്ന് തീര്‍ച്ചായും, ഒരു സോറിയില്‍ തീര്‍ന്നേനെ അത്. അത് ഉണ്ടായില്ല എന്ന് മാത്രമല്ല, abuse is normal എന്ന തരത്തില്‍ പ്രതികരണം ഉണ്ടായപ്പോള്‍ ആണ് ഞാന്‍ പരാതി നല്‍കിയത്.

ഇങ്ങനെ ഒരു ചര്‍ച്ച ഉണ്ടാവാന്‍ കാരണം പരാതി നല്‍കിയത് കൊണ്ട് മാത്രമാണ്.
ആ വ്യക്തി തെറ്റ് മനസ്സിലാക്കി ക്ഷമാപണം നടത്തിയതും അതുകൊണ്ടാണ്. വളരെയേറെ വ്യക്തിപരമായ അധിക്ഷേപം നേരിടേണ്ടി വന്ന ഒരു സമയം കൂടിയാണിതെന്നും അവതാരക പറയുന്നു.
ഈ അവസരത്തില്‍ ന്യായത്തിന്റെ ഭാഗത്തു നിന്നുകൊണ്ട് എനിക്കു പൂര്‍ണ്ണ പിന്തുണ നല്‍കിയ ബിഹൈന്‍ഡ്‌വുഡ്‌സ്, കൃത്യമായ ഉപദേശങ്ങള്‍ നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന്‍, കുടുംബം, സുഹൃത്തുക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരോട് ഒരുപാട് സ്‌നേഹമെന്നും അവര്‍ കുറിച്ചു.

ഞാന്‍ പോരാടിയത് ശ്രീനാഥ് ഭാസി എന്ന വ്യക്തിക്കെതിരെയല്ല. അനീതിക്കെതിരെ ശക്തമായി പ്രതികരിക്കണം എന്ന ഒരു ഓര്‍മ്മപ്പെടുത്തലിനു വേണ്ടിയാണെന്നും അവതാരക പറയുന്നു. തൊഴിലിടങ്ങളില്‍ അപമാനിക്കപ്പെടുമ്പോളും, ഒരക്ഷരം മറുത്തു പറയാനാകാതെ, വേദന കരഞ്ഞു തീര്‍ക്കുന്ന ഒരുപാടു പേര്‍ക്കു വേണ്ടിയാണ്. അത്തരമൊരു അവസ്ഥയ്ക്ക് താല്‍ക്കാലികമായെങ്കിലും ഒരു പരിഹാരമുണ്ടാകുമെന്നുള്ള വിശ്വാസത്തിലാണെന്നും അവര്‍ പറയുന്നു.

ഈയൊരു യാത്രയില്‍ ഒരുപാട് കുറ്റപ്പെടുത്തലുകള്‍, ഭീഷണി ഫോണ്‍ കോളുകള്‍, സൈബര്‍ ആക്രമണങ്ങള്‍, ഇതൊക്കെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും നേരിട്ടു കൊണ്ടിരിക്കുകയാണെന്നും പറയുന്നു. പക്ഷേ അപ്പോഴും കൂടെ നിന്ന് ശക്തി തരാന്‍ തയ്യാറായ ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത, എങ്കിലും എന്നെ സ്‌നേഹിച്ച ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും പറഞ്ഞു. എത്രയും വേഗം നിറഞ്ഞ പുഞ്ചിരിയോടെ തിരികെയെത്തണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറയുന്നു. ഈ കരുതലും സ്‌നേഹവും എന്നും നല്‍കണമെന്നും പറഞ്ഞാണ് അവതാരക കുറിപ്പ് അവസാനിപ്പിക്കുന്നത്.

Anu B