Film News

‘പെണ്ണ് അവള്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും കള്ളു കുടിക്കുന്നതുമെല്ലാം അവളെ കയറിപ്പിടിക്കാനുള്ള ലൈസന്‍സായി കാണുന്ന ആണ്‍ബോധം’

നവാഗത സംവിധായകന്‍ ആനന്ദ് ഏകര്‍ഷി രചനയും സംവിധാനവും നിര്‍വഹിച്ച ‘ആട്ട’ത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന് കീഴില്‍ ഡോ. അജിത് ജോയ് നിര്‍മ്മിച്ച ‘ആട്ടം’ ചേംബര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്. നിരവധി സങ്കീര്‍ണതകളിലൂടെ മുന്നോട്ട് പോകുന്ന ചിത്രം സസ്‌പെന്‍സുകള്‍ ഒന്നൊന്നായി അനാവരണം ചെയ്യുന്നു. വിനയ് ഫോര്‍ട്ട്, സെറിന്‍ ശിഹാബ്, കലാഭവന്‍ ഷാജോണ്‍, നന്ദന്‍ ഉണ്ണി എന്നിവരും നാടകരംഗത്ത് സമ്പന്നമായ അഭിനയ പരിചയമുള്ള ഒമ്പത് മികച്ച അഭിനേതാക്കളും ഉള്‍പ്പെടുന്ന ഒരു മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പെണ്ണ് അവള്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും കള്ളു കുടിക്കുന്നതുമെല്ലാം അവളെ കയറിപ്പിടിക്കാനുള്ള ലൈസന്‍സായി കാണുന്ന ആണ്‍ബോധത്തെ കുറിച്ച് അനീഷ് ഐക്കുളത്തിന്റെ കുറിപ്പില്‍ പറയുന്നു.

ആട്ടം (Spoiler Alert)
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ പ്രേമലേഖനം കിട്ടുന്നത്. പ്രേമലേഖനം എന്നൊന്നും പറയാനില്ല. ഒരു ക്രിസ്തുമസ് കാര്‍ഡ്. അതില്‍ കുനുകുനാ എന്തൊക്കെയോ എഴുതിയിരുന്നു. ഒരു ഹൃദയം സിംബലിന്റെ അടിയില്‍ ‘ഇതെന്റെ ഹൃദയമാണ്.. സ്വീകരിച്ചാലും’ എന്ന വരികള്‍ മാത്രം ഇന്നും ഓര്‍മ്മയുണ്ട്.
UP ക്ലാസ് മുതല്‍ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ആ സ്‌കൂളില്‍, നാലാം ക്ലാസുകാരനായ അനിയനെ അറബനമുട്ട് പഠിപ്പിക്കാന്‍ വന്ന ഒരു പയ്യനായിരുന്നു ആ സാഹസം കാണിച്ചത്. അവരുടെ കൂട്ടത്തിലെ തന്നെ ഒരു ചേച്ചിയുടെ കൈവശം വഴി തന്നതുകൊണ്ടാവണം അന്ന് ആ കാര്‍ഡ് മടി കൂടാതെ വാങ്ങിയതും. വാങ്ങിക്കഴിഞ്ഞപ്പോഴാണ്, ‘ദേ അവന്‍ തന്നതാ ട്ടോ’ എന്ന് പറയുന്നതും എന്തോ ഒരു പന്തിയില്ലായ്മ എനിക്ക് feel ചെയ്യുന്നതും.
ബസില്‍ വച്ച് മെല്ലെ ഞാനത് തുറന്നു നോക്കി. ആദ്യം കണ്ണില്‍പ്പെട്ടത് മേല്‍പ്പറഞ്ഞ വരികളാണ്. പിന്നൊന്നും മനസില്‍ പതിഞ്ഞില്ല.. ശരീരം മുഴുവന്‍ ഒരു പേടി വന്ന് മൂടുന്നത് മാത്രം ഞാനറിഞ്ഞു.
വീട്ടില്‍ വന്ന് അമ്മയോട് വിവരം പറയുമ്പോള്‍ കിലുകിലെ വിറയ്ക്കുന്നുണ്ടായിരുന്നു. അമ്മയുടെ കയ്യില്‍ ആ കാര്‍ഡ് കൊടുക്കുമ്പോള്‍ കുറ്റവാളിയെപ്പോലെ ഞാന്‍ തല താഴ്ത്തി. പിന്നീടുള്ള ചോദ്യങ്ങള്‍, പറച്ചിലുകള്‍, കുറ്റപ്പെടുത്തലുകള്‍ … അങ്ങനെയൊരു പ്രണയ സന്ദേശം എനിക്ക് ലഭിച്ചത് എന്റെ തെറ്റുകൊണ്ടാണെന്ന് മാത്രം എനിക്ക് തിരിച്ചറിയാനായി. പക്ഷേ, ആ തെറ്റ് എന്താണ് എന്ന് മാത്രം എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയതുമില്ല. അനിയന്റെ കലാപഠനം, സ്‌കൂള്‍ സമയത്തിന് ശേഷമായത് കൊണ്ട് ഞാനവിടെപ്പോയി ഇരിക്കാറുണ്ട്. ആ പയ്യനെ നോക്കി ചിരിക്കാറുണ്ട്. പക്ഷേ, അതിലൊന്നും പ്രേമത്തിന്റെ പൊടിപോലും ഉണ്ടായിരുന്നില്ല. പ്രേമിക്കാനോ പ്രേമിക്കപ്പെടാനോ ഉള്ള യാതൊരു സാധ്യതയും അന്നത്തെ പതിനാലു വയസ്സുകാരിക്ക് തീരെ ഇല്ലായിരുന്നു എന്നതാണ് സത്യം .
എന്തായാലും അന്ന് രാത്രി എനിക്ക് പനി പിടിച്ചു. പനിക്കിടക്കയില്‍ അച്ഛന്‍ വന്ന് അവനെക്കുറിച്ച് എന്തൊക്കെയോ ചോദിച്ചു. അതില്‍ കുറ്റപ്പെടുത്തലുകള്‍ ഒന്നുമില്ലാതിരുന്നിട്ടു പോലും , കുറ്റബോധം കൊണ്ട് നീറിപ്പിടഞ്ഞ് ഞാനതിനൊക്കെ ഉത്തരം നല്‍കി. എന്തായിരുന്നു ആ കുറ്റബോധത്തിന്റെ കാരണം? ഓര്‍ക്കുമ്പോള്‍ ഇന്നെനിക്ക് ചിരിക്കാനാകും. ഇല വന്ന് മുള്ളില്‍ വീണാലും മുള്ളു വന്ന് ഇലയില്‍ വീണാലും ഇലയ്ക്കാണ് കേടെന്ന പാഴ്‌ചൊല്ലുകളുടെ, പൊതുബോധങ്ങളുടെ ഇരകളായിരുന്നു അന്നത്തെ ഭൂരിഭാഗം പെണ്‍കുട്ടികളും. അതിലൊരാളായിരുന്നു ഞാനും.
ഒന്നാേ രണ്ടോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൂര്യനെല്ലി വിഷയം വരുന്നത് …
അന്ന് പത്രം വായിച്ച് നടുങ്ങി വിറച്ചിരുന്നു പോയിട്ടുണ്ട്. ആ കുട്ടിയുടെ നിസ്സഹായതയോര്‍ത്ത് ശ്വാസം വിലങ്ങിയിരുന്നിട്ടുണ്ട്. ഒരു പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൊണ്ടുപോയി പലര്‍ക്കായി കാഴ്ച വച്ചവന്‍ ഹീറോ ആകുന്നതും, പുറത്തിറങ്ങാനാവാതെ ആ പെണ്‍കുട്ടി എന്നേയ്ക്കുമായി അകത്തൊളിക്കുന്നതും നമ്മള്‍ നേരിട്ട് കണ്ടതാണ്.
2024-ല്‍, ആട്ടം എന്ന സിനിമ അതേ നടുക്കത്തോടു കൂടിയാണ് കണ്ടു തീര്‍ത്തത്. സിനിമ കണ്ടു കൊണ്ടിരുന്നപ്പോള്‍ മനസിലായ ഒരു കാര്യമുണ്ട്; മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും നമ്മുടെ സാമൂഹ്യബോധത്തിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്ന് ..
പെണ്ണ് അവള്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കുന്നത് .. പുരുഷന്‍മാര്‍ക്കൊപ്പം നില്‍ക്കുന്നത് … അവര്‍ക്കൊപ്പം കള്ളു കുടിക്കുന്നത് .. അവന്റെ തോളില്‍ കയ്യിടുന്നത്… ഇതെല്ലാം അവളെ കയറിപ്പിടിക്കാനുള്ള ലൈസന്‍സായി കാണുന്ന ആണ്‍ബോധത്തിന് ഏത് കാലത്താണ് മാറ്റം വരിക.
ആട്ടത്തില്‍, ആ റിസോര്‍ട്ട് വിരുന്നിന് ശേഷം, അഞ്ജലിയുടെ പിടയ്ക്കുന്ന ഉള്ളം തുടര്‍ന്നുള്ള ഓരോ രംഗത്തിലും നമുക്ക് കാണാനാകും; അവളുടെ അസാന്നിധ്യത്തില്‍ പോലും.
എന്നാല്‍ ആ ഗ്രൂപ്പിലെ ഓരോ പുരുഷന്‍മാരും, അവരവരുടെ പാകത്തിനനുസരിച്ചുള്ള ചിന്തകള്‍ അവള്‍ക്ക് വേണ്ടി പരുവപ്പെടുത്തിയെടുക്കുകയും വിളമ്പുകയും ചെയ്യുന്നു. അതിലേറെയും അവള്‍ക്കനുകൂലമാണെന്നും കാണാം.
തുടന്നാണ് ഹരിയുടെ കെയറോഫില്‍ ഗ്രൂപ്പിന് ഒരു വമ്പന്‍ ഓഫര്‍ ലഭിക്കുന്നത്. അതോടെ രംഗമാകെ മാറുന്നു. പല മുഖംമൂടികളും അഴിഞ്ഞു വീഴുകയും പുതിയവ മുഖത്തു വയ്ക്കുകയും ചെയ്യുന്നതിന്റെ തിരക്കാണവിടെ പിന്നീട്.
അതു വരെയും അവള്‍ക്കൊപ്പം ഒരേ സരണിയില്‍ ഒരുമിച്ച് സഞ്ചരിച്ചിരുന്ന അവര്‍, സഹയാത്രികര്‍, പൊടുന്നനെ അവള്‍ക്കെതിരെ തിരിയുകയാണ്. തനിക്കുണ്ടായ ദുരനുഭവത്തെ വീണ്ടും വിവരിക്കാന്‍ അവള്‍ നിര്‍ബന്ധിതയാകുന്നു. ഓരോ തവണ അത് വിവരിക്കേണ്ടി വരുമ്പോഴും മനസുകൊണ്ട് ഓരോ പെണ്ണും ആ അവസ്ഥയുടെ ഭീകരയിലേക്ക് വീണു പോവുകയാണ് എന്നവര്‍ക്ക് അറിയാത്തതല്ല. ആ സംഭവം, അതൊരു തോന്നലായിരുന്നോ എന്ന ചോദ്യം തന്നെ അശ്ലീലമാണെന്നറിയാമായിരുന്നിട്ടും തങ്ങള്‍ക്ക് ലഭിച്ച ഓഫറിന്റെ വലിപ്പം, അങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ പോലും അവരെ പ്രേരിപ്പിക്കുന്നു… തെളിവു ചോദിക്കുന്നു…
എങ്ങനെയാണ് ഒരു പെണ്ണിന്, തനിക്ക് നേരിടേണ്ടി വന്ന ഒരു അതിക്രമത്തിന്റെ തെളിവ് കൊടുക്കാനാവുക….?
ആ നിമിഷത്തിന്റെ ആഘാതത്തില്‍ പൊള്ളിപ്പോയ തലച്ചോറിനെ ഏത് സ്‌കാന്‍ റിപ്പോര്‍ട്ടിലാണ് കാണിച്ചു കൊടുക്കാന്‍ കഴിയുക?
പിഞ്ഞിപ്പോയ ഹൃദയത്തിന്റെ എക്‌സ് റേ ഏത് മെഷീനിലാണ് പതിച്ചെടുക്കാനാവുക..?
മാസങ്ങളോളം അല്ലെങ്കില്‍ വര്‍ഷങ്ങളോളം നീണ്ടു പോകുന്ന മെന്റല്‍ ട്രോമയുടെ തരംഗങ്ങള്‍ എവിടെയാണ് അടയാളപ്പെടുത്താനാവുക…?
ഹരിയല്ലെങ്കില്‍ മറ്റാര് എന്നൊരു ചോദ്യം പരസ്യമായി ഉയരാത്ത ആ സാഹചര്യത്തില്‍ പോലും അഞ്ജലി തളര്‍ന്നു പോകുന്നില്ല എന്നിടത്താണ് ചിത്രത്തിന്റെ ഏറ്റവും വലിയ positive കാണാനാവുക. പകരം തീയില്‍ കുരുത്തവളായി ആകാശത്തോളം വളരുകയാണവള്‍… ആ വളര്‍ച്ചയില്‍ നിന്നാണ് വിനയിനെ നോക്കി അവള്‍ക്ക് പൊട്ടിച്ചിരിക്കാനാകുന്നത്. അഞ്ജലിയുടെ ആ ചിരി, പെണ്ണിനെ ഉപഭോഗവസ്തുവായിക്കാണുന്ന സകല മനുഷ്യരേയും വെണ്ണീറാക്കിക്കളയുന്ന അഗ്‌നിയായി ആളുന്നുണ്ട്. അതില്‍ വിനയുള്‍പ്പെടെ ഒന്‍പതു പേരും വെന്തുരുകുന്നുമുണ്ട്… അവളുടെ മുന്നില്‍ ഒന്‍പതു പേര്‍ക്കും ഒരു മുഖം തന്നെയാണ് … ഒരു ശരീരമാണ്… ഒരു മനസ്സാണ്…
ഇരയായി ഒതുങ്ങുകയല്ല; അതിജീവിതയായി പൊരുതുകയാണ് വേണ്ടതെന്ന് അഞ്ജലി തീരുമാനിക്കുമ്പോള്‍, സ്വന്തം ജീവിതകഥ ചങ്കുറപ്പോടെ പൊതുവേദിയില്‍ അവതരിപ്പിക്കുമ്പോള്‍, പഴയ ഗ്രൂപ്പിലെ സകലര്‍ക്കും അത് കാണാന്‍ അവസരം കൊടുക്കുമ്പോള്‍ പെണ്‍ ചരിതത്തിലെ പുതിയൊരധ്യായം പിറവിയെടുക്കുകയാണ്.
തിരശ്ശീലയിലവസാനിക്കുമ്പോഴും, ആട്ടം പ്രേക്ഷക ഹൃദയങ്ങളിലേക്ക് പകര്‍ന്നാട്ടം നടത്തുന്നുണ്ട്..
അവിടെയാണ് സിനിമയുടെ യഥാര്‍ത്ഥ വിജയവും.
അഭിനന്ദനങ്ങള്‍ Team ആട്ടം?? ..
അനീഷ ഐക്കുളത്ത്

Ajay Soni