ബറോസിന്റെ ഷൂട്ടിംഗ് അവസാനിച്ചപ്പോള്‍..! ‘പാക്ക് അപ്പ്’ വിളിക്ക് പകരം പ്രാര്‍ത്ഥന..!

ഒരുപാട് വര്‍ഷത്തെ അഭിനയസമ്പത്തുള്ള മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിയ്ക്കുന്ന സിനിമയാണ് ബറോസ്. 2019ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ഈ വിവരം സോഷ്യല്‍ മീഡിയയില്‍ അടക്കം ആഘോഷമായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ പാക്കപ്പ് മറ്റൊരു അനുഭവം തന്നെ ആയിരുന്നു എന്നാണ് സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന പറയുന്നത്.

ഫേസ്ബുക്കിലാണ് അദ്ദേഹം ഇതേ കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇന്നലെ ബറോസിന്റെ ഷൂട്ടിങ് അവസാനിച്ചപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ച ഒരു നീട്ടി വിളി ഉണ്ടായിരുന്നു..പാക്ക് അപ്പ്… എന്ന്…മാത്രമല്ല അതേസമയം പലരുടെയും മൊബൈല്‍ ക്യാമറകളും ഓണ്‍ ആയിരുന്നു… എന്നാല്‍ പ്രതീക്ഷിച്ചത് പോലെയല്ല അവിടെ സംഭവിച്ചത് എന്നാണ് അനീഷ് പറയുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി പാക്ക് അപ്പ് പറയാന്‍ നേരത്ത് ദൈവത്തോട് നന്ദി പറയുന്ന ലാലേട്ടനെ ആണ് താന്‍ കണ്ടത് എന്ന് അനീഷ് ഉപാസന ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളില്‍ പറയുന്നു.

അത് മറ്റാരും കാണാത്ത സ്വകാര്യതയില്‍ തീര്‍ത്ത സെക്കന്റുകള്‍ മാത്രം നീണ്ട് നിന്ന ഒരു പ്രാര്‍ത്ഥന ആയിരുന്നു എന്നും അനീഷ് കുറിയ്ക്കുന്നു. ക്യാമറയ്ക്ക് പിറകില്‍ കണ്ണടച്ച് നില്‍ക്കുന്ന മോഹന്‍ലാലിന്റെ ഒരു ഫോട്ടോയും ഈ കുറിപ്പിന് ഒപ്പം അനീഷ് പങ്കുവെച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് അത് കാണാനും ആ നിമിഷം തന്റെ ക്യാമറയില്‍ പകര്‍ത്താനും കഴിഞ്ഞല്ലോ എന്നാണ് മോഹന്‍ലാലിന്റെ ആരാധകര്‍ അനീഷിന്റെ പോസ്റ്റ് കണ്ട് കുറിയ്ക്കുന്നത്.

അതേസമയം, ഒരു ത്രീഡി ചിത്രമായി ഒരുങ്ങുന്ന ബറോസിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Nikhina