Film News

കൊച്ചി മെട്രോയിൽ ആരാധകർക്കൊപ്പം സാക്ഷാൽ എ ആ‍ർ റഹ്മാൻ; മലയാളത്തിലേക്കുള്ള വരവ് വെറുതെ അല്ല, വലിയ പ്രതീക്ഷ

മെട്രോയിൽ കയറി ആരാധകർക്കൊപ്പം സെൽഫിയെടുത്ത് വിഖ്യാത സംഗീത സംവിധായകൻ എ. ആർ റഹ്മാൻ. ‘ആടുജീവിതം’ എന്ന ബ്ലെസി ചിത്രത്തിന്റെ വെബ്‌സൈറ്റ് ലോഞ്ചിനായി കൊച്ചിയിലെത്തിയ വേളയിലാണ് റഹ്മാനും സംവിധായകൻ ബ്ലെസിയും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചേർന്ന് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. ഒപ്പം സെൽഫി എടുക്കാൻ താല്പര്യം പ്രകടിപ്പിച്ച ആരാധകർക്കൊപ്പം സെൽഫി എടുക്കുകയും ചെയ്തു. മാർച്ച്‌ 10-ന് അങ്കമാലി ആഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വച്ച്‌ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുമെന്നും റഹ്മാൻ നേരത്തെ വെബ്സൈറ്റ് ലോഞ്ച് വേളയിൽ വ്യക്തമാക്കിയിരുന്നു. മാർച്ച്‌ 28-ന് ആടുജീവിതം റിലീസ് ചെയ്യും.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിത’മെന്ന് എ.ആർ. റഹ്മാൻ ചടങ്ങിൽ പറഞ്ഞു. ആടുജീവിതത്തിന്റെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും, ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും എ ആർ റഹ്‍മാൻ വേദിയിൽ പറഞ്ഞു.

“യോദ്ധയ്‌ക്കുശേഷമുള്ള എന്റെ മലയാളസിനിമയാണ് ഇത്. ഇതിനിടെ ഫഹദ് ഫാസിലിന്റെ ഒരു കൊച്ചു ചിത്രവും ഞാൻ ചെയ്തു. പക്ഷേ ആടുജീവിതം ഒരു തരത്തിൽ ഒരു സംഗീതസംവിധായകന്റെ സിനിമയാണ്. വിവിധ വികാരങ്ങൾ സംഗീതത്തിലൂടെ ചിത്രത്തിൽ കാണിക്കേണ്ടതായുണ്ട്. ശ്രീ ബ്ലെസ്സി, ശ്രീ ബെന്യാമിൻ, പൃഥ്വിരാജ്, കൂടാതെ ചിത്രത്തിന്റെ മുഴുവൻ ക്രൂവിന്റെയും കൂടെ പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അവരെല്ലാവരും ഈ ചിത്രത്തിനുവേണ്ടി അത്രയേറെ കഷ്ടപ്പെട്ടിട്ടുണ്ട്. അവരുടെ ആത്മാർപ്പണം കാണുമ്പോൾ സിനിമയിലുള്ള എന്റെ വിശ്വാസം ഇരട്ടിക്കുന്നു. ബ്ലെസ്സി മലയാളത്തിൽ മറ്റൊരു ‘ലോറൻസ് ഓഫ് അറേബ്യ’ ആണ് ഒരുക്കിയിരിക്കുന്നത്. എല്ലാവരും ഈ ചിത്രം കണ്ട് ഞങ്ങളെ പിന്തുണയ്‌ക്കും എന്ന് പ്രതീക്ഷിക്കുന്നു”, എ ആർ റഹ്‌മാൻ പറഞ്ഞു.

ചിത്രത്തിന് പിന്നിലെ പ്രവർത്തനങ്ങളും അണിയറപ്രവർത്തകരും മറ്റും ചെയ്തിട്ടുള്ള സംഭാവനകളെക്കുറിച്ചും മറ്റും കൂടുതലായി ലോകം അറിയണം എന്നതിനാലാണ് ഇത്തരമൊരു വെബ്സൈറ്റ് എന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു.”ഇത്തരത്തിലൊരു വെബ്സൈറ്റ് മലയാള സിനിമയിൽ വളരെ അപൂർവമായി സംഭവിക്കുന്നതാണെന്ന് തോന്നുന്നു. എന്തുകൊണ്ട് ഒരു വെബ്സൈറ്റ് എന്ന് പലരും ചോദിക്കുമ്ബോഴും, ഇതിന്റെ പിന്നിലെ പ്രവർത്തനങ്ങൾ, അണിയറപ്രവർത്തകരും മറ്റും ചെയ്തിട്ടുള്ള സംഭാവനകളെക്കുറിച്ചും മറ്റും കൂടുതലായി ലോകം അറിയണം എന്നതിനാലാണ് അത്.

വെബ്സൈറ്റിന്റെ ഒരു പ്രത്യേകത എന്തെന്നാൽ ഈ വെബ്സൈറ്റിൽ നിങ്ങൾ പ്രഭാതത്തിൽ കാണുന്ന മസറയും മരുഭൂമിയും മറ്റും ആയിരിക്കില്ല നിങ്ങളത് ഉച്ചയ്‌ക്ക് കാണുമ്ബോൾ. വൈകുന്നേരം സായാഹ്നത്തിന്റെ വെളിച്ചത്തിലും, രാത്രിയിൽ ഇരുട്ടിന്റെ അകമ്ബടിയോടെയും ആയിരിക്കും ഇവ നിങ്ങൾക്ക് കാണാൻ കഴിയുക. ഇത്തരമൊരു വെബ്സൈറ്റ് അപൂർവമാണ് എന്നാണു ഞാൻ കരുതുന്നത്, അത് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാൻ റഹ്‍മാൻ സർ ഇവിടെ എത്തി എന്നത് വളരെ വലിയ കാര്യമാണ്. ഒപ്പം തന്നെ മാർച്ച്‌ 10-ന് നടത്തുന്ന ആടുജീവിതത്തിന്റെ മ്യൂസിക് ലോഞ്ചിലേക്കും ഞാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു”, ബ്ലെസി പറഞ്ഞു.

Ajay Soni