വാരിയംകുന്നന്‍ വേണ്ടെന്ന് വച്ചതിന്റെ കാരണം വെളിപ്പെടുത്തി ആഷിഖ് അബു

ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ച ചിത്രമായിരുന്നു വാരിയംകുന്നന്‍. പൃഥ്വിരാജിനെ നായകനാക്കിയായിരുന്നു ചിത്രം ആഷിഖ് അബു ഒരുക്കാന്‍ തയ്യാറെടുത്തത്. എന്നാല്‍ ആ ചിത്രത്തില്‍ നിന്നും ആഷിഖ് പിന്മാറുകയായിരുന്നു. അതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ആഷിഖ് അബു.

ആഷിഖ് അബുവിന്റെ വാക്കുകള്‍,

പ്രൊഡക്ഷന്‍ കമ്പനിയില്‍ ചിത്രം നിര്‍മിക്കുന്നതിന് ആവശ്യമായ പണം ഇല്ലത്തത്തുകൊണ്ടാണ് ഞാന്‍ ആ ചിത്രം ഒഴിവാക്കിയത്. വാരിയങ്കുന്നനില്‍ നിന്നും പിന്മാറിയത് പ്രൊഫഷണലായ ഒരു തീരുമാനമായിരുന്നു. ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയായിരുന്നില്ല അത്, മറ്റൊരു സംവിധായകനുമായി ഒരുപാട് കാലമായി ആലോചിച്ചിരുന്ന ഒരു ചിത്രമായിരുന്നു വാരിയന്‍കുന്നന്‍ .


മാത്രവുമല്ല വാരിയന്‍കുന്നന്‍ പോലൊരു ചിത്രം വലിയ തോതില്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. കൂടുതല്‍ പണം മുടക്ക് ആവശ്യമുള്ള ചിത്രമാണത്. അത്രത്തോളം പണം ഇപ്പോള്‍ ആ പ്രൊഡക്ഷന്‍ കമ്പനിയുടെ കൈവശമില്ല. ആ ചിത്രം മറ്റൊരു നിര്‍മാതാവിന് കൈമാറാനും ആ പ്രൊഡക്ഷന്‍ കമ്പനി തയ്യാറല്ല. അത്തരം ഒരു സാഹചര്യത്തില്‍ ആ ചരിത്ര സിനിമയോട് നീതി പുലര്‍ത്താന്‍ കഴിയുമെന്ന് തോന്നാത്തത് കൊണ്ടാണ് തനിക്ക് പകരം മറ്റൊരാളെ സംവിധായകനായി തിരഞ്ഞെടുക്കാന്‍ ഏല്‍പ്പിച്ചതിന് ശേഷം ഞാന്‍ ആ ചിത്രത്തില്‍ നിന്നും പിന്‍മാറിയത്.
സാധാരണ ഗതിയില്‍ ഒരു സമ്മര്‍ദ്ദവും എന്നില്‍ ഏല്‍ക്കാറില്ല. സ്വന്തം വീട്ടില്‍ നിന്നു പോലും സമ്മര്‍ദം എടുക്കാത്ത വ്യക്തിയാണ് ഞാന്‍. വാരിയന്‍കുന്നന്‍ ഒരു വലിയ പ്രൊജക്ടാണ്. അത്തരം ഒരു പ്രൊജക്റ്റ് ആത്മാര്‍ത്ഥമായി എക്‌സിക്യൂട്ട് ചെയ്യണമെങ്കില്‍ വലിയ സംവിധാനങ്ങള്‍ ആവശ്യമാണ്.
ഒരുപക്ഷേ ഭാവിയില്‍ വലിയ സംവിധാനങ്ങളുണ്ടാക്കുമായിരിക്കും എന്നാല്‍ ഇപ്പോള്‍ അതില്ല എന്ന തിരിച്ചറിവിലാണ് പിന്‍മാറിയത്.