ആ വിശ്വാസം അനുസരിച്ചാണ് ഇതുവരെ എത്തിയത്!!! അസിന്‍

മലയാള സിനിമയിലൂടെ അരങ്ങേറി തെന്നിന്ത്യയിലെ ശ്രദ്ധേയ നായികയായി മാറിയ താരമാണ് നടി അസിന്‍. 2001 ല്‍ റിലീസ് ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് അസിന്‍ സിനിമാലോകത്തേക്ക് എത്തിയത്. പക്ഷേ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

ആദ്യ ചിത്രത്തിന്റെ പരാജയത്തിന് താരം തമിഴിലേക്ക് ചേക്കേറി. 2003ല്‍ തെലുഗു സൂപ്പര്‍ താരം രവി തേജയോടൊപ്പം അമ്മ നന്ന ഓ തമിഴ അമ്മായി എന്ന ചിത്രം അസിന്റെ ജീവിതത്തിലെ നാഴികക്കല്ലായി മാറി. 2005ല്‍ റിലീസ് ചെയ്ത ഗജിനി മെഗാഹിറ്റ് ആയതോടെ അസിന്‍ തമിഴിലെ ഭാഗ്യനായികയായി ഇടംപിടിച്ചു.

വിജയ്, അജിത്, വിക്രം, ഉലകനായകന്‍ കമലഹാസന്‍ എന്നിവര്‍ക്കൊപ്പമെല്ലാം വിജയചരിത്രങ്ങള്‍ കുറിച്ച അസിന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യയിലെ ശ്രദ്ധേയ നായികയായി മാറി. തിളങ്ങി നില്‍ക്കുന്ന സമയത്ത് തന്നെ താരം സിനിമാ ലോകത്തോട് വിട പറഞ്ഞു. 2015 ല്‍ അഭിനയത്തോട് വിട പറഞ്ഞ താരം പിന്നീട് കുടുംബ ജീവിതവും മകളുമൊത്തുള്ള ജീവിതത്തിലാണ് ശ്രദ്ധിക്കുന്നത്. മൈക്രോമാക്‌സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയാണ് അസിന്റെ നല്ലപാതി.

ഇപ്പോഴിതാ തന്റെ വ്യത്യസ്തമായി പേരിനെ കുറിച്ച് പറയുകയാണ് താരം. ബിസിനസ്സുകാരനായ തോട്ടുങ്കല്‍ ജോസഫിന്റെയും, ഡോക്ടര്‍ സെലിന്റെയും മകളാണ് അസിന്‍. അച്ഛനും അമ്മയും ഇട്ട പേരാണ് അസിന്‍ എന്നത്.

സിനിമയില്‍ വന്നപ്പോള്‍ കുറേപ്പേര്‍ പറഞ്ഞിട്ടുണ്ട് പേര് മാറ്റാന്‍. അസിന്‍ എന്ന പേര് ആര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒന്നല്ല എന്ന്. പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന എന്തെങ്കിലും പേരിടണമെന്ന്. പക്ഷേ എന്റെ പേര് എന്റെ ഐഡന്‍ന്റിറ്റിയാണ്. വ്യക്തിത്വത്തിന്റെ ഭാഗമാണ്. അത് മാറ്റരുത്. ആ വിശ്വാസം അനുസരിച്ചാണ് താന്‍ ഇതുവരെ എത്തിയത്.

പലരും ചോദിക്കുന്ന കാര്യമാണ്, ഏതാണ് ലക്കി നമ്പര്‍ എന്ന്. ഹോട്ടലില്‍ റൂം എടുക്കാന്‍ നേരത്തൊക്കെ ഏതെങ്കിലും എടുത്തോ എന്നാണ് പറയാറുള്ളത്.
വണ്ടിയുടെ കളറും കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പറൊക്കെ ഏത് വേണം എന്നൊക്കെ ചോദിക്കാറുണ്ട്. പക്ഷേ തനിക്ക് അത്തരം അന്ധവിശ്വാസങ്ങളില്ലെന്നും നടി പറയുന്നു.

Anu B