സത്യത്തിൽ ആരായിരുന്നു സിൽക്ക് സ്മിത ? പഴയകാല ഓർമ്മകൾ പങ്ക് വെച്ച് അസിസന്റ് ഡയറക്ടർ

സ്കൂളിൽ നിന്ന് ഇറങ്ങി നേരെ ചാടി റെയിൽവേ പാലം കയറിയിറങ്ങി  ഒരു രൂപ  ടിക്കറ്റിൽ സിനിമകൾ കണ്ടു തുടങ്ങിയ കാലം മുൻപ്‌ ഞാൻ സിൽക്കിനെ കാണുന്നത്‌ ഒരു സുഹൃത്ത്‌ ആദ്യമായി കാണിച്ച ഒരു മാസികയുടെ താളുകളിലായിരുന്നു… ആരേയും മയക്കുന്ന കണ്ണുകളുമായി സിൽക്ക്‌ എന്ന സ്മിത…പിന്നീട്‌ അക്കാലങ്ങളിൽ നിറഞ്ഞു നിന്നിരുന്ന കഥാപാത്രങ്ങൾക്കു ജീവനേകിയിരുന്ന ചിത്രങ്ങളിൽ പ്രധാനിയായി സിൽക്കുണ്ടായിരുന്നു. ബ്ലാക്കും വൈറ്റും ഇടകലർന്ന നിശ്ചല ചിത്രങ്ങളിൽ നിന്നും ജീവൻ വച്ച്‌ തിരശീലയിലേക്കു പടർന്നു കയറിയ സിൽക്ക്‌ അക്കാലത്തെ  ദേവത തന്നെയായിരുന്നു…പിന്നീട് അതിന് ശേഷം എത്രയെത്ര സിനിമകൾ…സിനിമാ പ്രാന്ത്‌ മൂത്ത്‌ നാടു വിട്ട്‌ മദിരാശിയിലെ തെരുവുകളിൽ തെണ്ടിത്തിരിഞ്ഞു നടന്ന കാലങ്ങളിൽ പരിചയപ്പെട്ട ഒരാൾക്കൊപ്പം ഗുരുവായൂരുകാരൻ ഒരു പ്രൊഡ്യൂസർ നിർമ്മിച്ച മലയാള സിനിമയുടെ  പണികൾക്കൊപ്പം കൂടി ഗസ്റ്റ്‌ ഹൗസിൽ താമസിക്കുന്ന ഒരുച്ച നേരത്ത്‌ വന്നൊരു കോളിന്റെ അങേത്തലയ്ക്കൽ അൽപ്പം പരുപരുപ്പുള്ളൊരു പെൺ ശബ്ദം തമിഴിൽ സംവിധായകനെ അന്വേഷിച്ചു ..

Silk Smitha4

ആളിവിടില്ല പുറത്തു പോയി എന്നു പറഞ്ഞപ്പോ വരുമ്പോൾ സ്മിത കൂപ്പിട്ടെന്നു ചൊല്ലു…ഏത് സ്മിതാന്നു ചൊല്ലണം ..? സിൽക്ക്‌ സ്മിതന്നു ചൊല്ലപ്പാ…ഫോൺ കട്ടായി…കുറച്ചു നേരത്തേക്ക്‌ തല കറങ്ങിപ്പോയി….ബോധം തിരിച്ചു കിട്ടിയപ്പൊ കാറിൽ നിന്നിറങ്ങി വന്ന സംവിധായകനോടു പറഞ്ഞു സാറിനെ സിൽക്ക്‌ സ്മിത വിളിച്ചിരുന്നു…വരുമ്പൊ തിരിച്ചു വിളിക്കാൻ പറഞ്ഞു….പുള്ളി പറഞ്ഞപ്പോളാണറിഞ്ഞത്‌ പിറ്റേന്ന് ആ സിനിമയിലേക്ക്  സിൽക്കിന്റെ ഡാൻസ്‌ ഷൂട്ട്‌ ചെയ്യുന്നുണ്ടെന്ന്…പിറ്റേന്ന് അവരോടൊപ്പം കൂടി ശാരദാ സ്റ്റുഡിയോയിലെ ഫ്ലോറിൽ ഒരുക്കിയിരിക്കുന്ന സെറ്റിലേക്കു പോയി ഡാൻസ്‌ ഷൂട്ട്‌ ചെയ്ത മൂന്ന് ദിവസങ്ങളിൽ അടുത്തും അകന്നും നിന്നു അവരെ ആവോളം കണ്ടു…പിന്നീട്‌ കണ്ടിട്ടില്ല..മദിരാശിയിലെ സിനിമയുടെ പിന്നാമ്പുറക്കഥകൾ പറഞ്ഞിരുന്ന പലരിൽ നിന്നുമായി അവരുടെ ജീവിതത്തിന്റെ സങ്കടം നിറഞ്ഞ ചതിയുടെ കഥകൾ കേട്ടറിഞ്ഞപ്പോൾ അവരോട്‌ അനുകമ്പയാണു തോന്നിയത്‌…അക്കാലമത്രയും മനസ്സിൽ കൊണ്ടു നടന്നിരുന്ന രതി ബിംബം എന്ന സിമ്പൽ എവിടെയോ ഉടഞ്ഞു തകർന്നു… സ്നേഹത്തിനു വേണ്ടി കെഞ്ചി പലരാൽ ചതിക്കപ്പെട്ട ഒരാത്മാവിന്റെ നൊമ്പരങ്ങൾക്കു മുന്നിൽ അതുവരെ തുള്ളിത്തുടിച്ചിരുന്ന മാംസ ദാഹം നിർവി കാരമായി തണുത്തുറഞ്ഞു പോയി… പിന്നീട്‌ നാട്ടിൽ തിരിച്ചെത്തി കുറച്ചു കാലങ്ങൾക്കു ശേഷമാണു അവരുടെ ആത്മഹത്യാ വാർത്ത കേട്ടത്‌… ഒരു പാട് സങ്കടം തോന്നി …ഒറ്റപ്പെട്ട മനസ്സിന്റെ തകർച്ച താങ്ങാൻ പറ്റാതായിപ്പോയപ്പോൾ ചെയ്തതാവാം…ലക്ഷക്കണക്കിന് ആരാധകരെ വികാരം കൊള്ളിച്ചിരുന്ന ആ മയക്കുന്ന കണ്ണുകൾക്കു പിന്നിൽ കടിച്ചു പിടിച്ചു നിർത്തിയിരുന്ന തേങ്ങലുകൾ അധികമാരും കണ്ടിരിക്കാനിടയില്ല…

smitha1

അവരൊരു മാദകനടി മാത്രമായിരുന്നില്ല…നല്ലൊരു അഭിനേത്രി കൂടിയായിരുന്നു… പക്ഷേ സിൽക്ക്‌ എന്ന പേരിന്റെ അടിമയായി ഗ്ലാമർ താരം എന്ന ബ്രാന്റിങ്ങിൽ കുടുങ്ങി ജീവിതം തീർക്കാനായിരുന്നു ആന്ധ്രാക്കാരിയായ വിജയലക്ഷ്മി എന്ന സിൽക്കു സ്മിതയുടെ ദുർവിധി…ആ മരണം എന്നെ കരയിച്ചിരുന്നു…ഇത്രയും വർഷങ്ങൾക്കിപ്പുറമിരുന്നു ഇതെഴുതുമ്പൊഴും കണ്ണു നിറയുന്നുണ്ട്‌… നമുക്കാരുമല്ലാതിരുന്നിട്ടും ചില വേർപാടുകൾ നമ്മെ കരയിയ്ക്കും… തിരിച്ചറിയാൻ വൈകിയല്ലോ എന്ന കുറ്റബോധം ഉള്ളിനെ നീറ്റും…ശരീരത്തിന്റെ /സൗന്ദര്യത്തിന്റെ /മാംസത്തിന്റെ തിളപ്പുകൾക്കപ്പുറം കരയുന്ന ഒരു മനസ്സു ണ്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത ഞാൻ ഒരു മഹാപാപിയാണു….വികാരങ്ങളുടെ വരിഞ്ഞു മുറുക്കലുകളിൽ ഞെരിഞ്ഞമർന്ന് പലരുടേയും ഹൃദയം കാണാൻ കഴിയാതെ പോയ വികല മനസ്സിന്റെയുടമ….മാപ്പ്‌…സ്മിതാ …ഓർമ്മയുള്ളിടത്തോളം കാലം നിങ്ങളെ മറക്കില്ല…1979 ൽ വണ്ടിച്ചക്രത്തിൽ തുടങ്ങി 1996 സെപ്റ്റമ്പർ 23 നു ആത്മഹത്യ ചെയ്യും വരെ അഭിനയിച്ച 450 ൽ പരം ചിത്രങ്ങളിലൂടെ അവരിന്നും നിറഞ്ഞു നിൽക്കുന്നു.

Vishnu