ഓട്ടോറിക്ഷക്കാരന്റെ ഭാര്യ തീയറ്ററുകളിലേക്ക്…!

ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് ആന്‍ അഗസ്റ്റിന്‍ തിരിച്ചു വരുന്ന സിനിമയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന വിവരാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സിനിമ വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം മുകുന്ദന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന സിനിമ എന്ന പ്രത്യേകത കൂടിയുള്ള സിനിമയാണ്

‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച് പ്രശസ്ത സംവിധായകന്‍ ഹരികുമാര്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ സമൂഹത്തിലെ കാര്യങ്ങള്‍ ഗൗരവമോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സ്ത്രീശാക്തീകരണം ഇതിവൃത്തമാക്കുന്ന സിനിമ 2016ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എം മുകുന്ദന്റെ കഥയുടെ വികസിത രൂപമാണ് ഈ സിനിമ. ചിത്രത്തെ കുറിച്ച് എം മുകുന്ദന്റെ അഭിപ്രായം ഇങ്ങനെയാണ്…

‘വളരെ രസകരമായി ഇരുപത് മിനിട്ടില്‍ ചിത്രീകരിക്കാവുന്ന ഒരു കഥയാണ് ഈ സിനിമ. പക്ഷേ സമീപകാലത്തെ പല വിഷയങ്ങളെയും കോര്‍ത്തിണക്കിയാണ് ഒരു സിനിമയുടെ പൂര്‍ണ്ണതയിലേക്ക് ഈ ചിത്രത്തെ എത്തിച്ചിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മനോഹരമായ കുടുംബചിത്രമാണ് ഈ സിനിമ. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ സിനിമയാക്കാന്‍ പുതുതലമുറയില്‍ പെട്ട ഒത്തിരിപ്പേര്‍ എന്നെ സമീപിച്ചതാണ്. പക്ഷേ പുതിയ ആള്‍ക്കാരെ വെച്ച് സിനിമ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു.

അവരെ പ്രോത്സാഹിപ്പിക്കണമെന്ന നയമാണ് എനിക്ക്. പക്ഷേ അവരെ വെച്ച് ഇതുപോലൊരു സിനിമ ചെയ്യുന്നത് റിസ്‌ക്കാണ്. അതുകൊണ്ടാണ് ഹരികുമാര്‍ എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചത്. അതുകൊണ്ടുതന്നെ വളരെ മികച്ച ഒരു സിനിമയാണ് ഇതിലൂടെ മലയാളികള്‍ക്ക് ലഭിക്കുന്നത്’, എം മുകുന്ദന്‍ പറയുന്നു.