എന്തൊരു ആവേശം! സ്റ്റീഫൻ നെടുമ്പള്ളിയും വീണു, ഇനി വെട്ടിപ്പിടിക്കാൻ പോകുന്നത് എന്തെലം, രംം​ഗണ്ണൻ ഫുൾ പവറിൽ

ബോക്സ്ഓഫീസിൽ ഓരോ നേട്ടങ്ങളായി വെട്ടിപ്പിടിച്ച് ഫഹദ് ഫാസിൽ ചിത്രം ആവേശം. ഓരോ ദിവസവും ഓരോ നേട്ടങ്ങളുമായാണ് ചിത്രം വാർത്തകൾ സൃഷ്ടിക്കുന്നത്. ഇപ്പോൾ മലയാളത്തിൽ മഹാവിജയമായ ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തെയും ആവേശം പിന്നിലാക്കിയെന്നാണ് വിവരം. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ ആടിത്തിമിർത്ത ലൂസിഫറിന്റെ ലൈഫ് ടൈം കളക്ഷൻ 128 കോടിയാണെന്നാണ് കണക്കുകൾ.

ആവേശം ഇപ്പോൾ 130 കോടിയിൽ എത്തിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മലയാളത്തിലെ എക്കാലത്തിലെയും പണം വാരി പടങ്ങളിൽ ആവേശം ഇപ്പോൾ ആറാം സ്ഥാനത്താണ്. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ആവേശം നിർമ്മിച്ചിരിക്കുന്നത്.

കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം ഭീഷ്മപർവ്വം എന്ന സൂപ്പർ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ്. ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ എത്തുന്നുണ്ട്.