ഹീറോ പെന്‍ കിട്ടാന്‍ വേണ്ടി ആറ് മാസം കിടന്ന് കരഞ്ഞിട്ടുണ്ട്-ബാല

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ ബാല. മലയാളത്തില്‍ മാത്രമല്ല കോളിവുഡിലും ശ്രദ്ധേയമായ താരത്തിന് ഏറെ ആരാധകരുണ്ട്. അടുത്തിടെയാണ് താരം ഗുരുതര കരള്‍ രോഗത്തിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. മരണത്തെ മുഖാമുഖം കണ്ടാണ് താരം തിരിച്ചെത്തിയത്. ആരാധകരുടെ പ്രാര്‍ഥനയിലൂടെയാണ് തന്റെ അത്ഭുതകരമായ തിരിച്ചുവരവെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ എല്ലാ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം തന്റെ സ്വപ്‌നം യാഥാര്‍ഥ്യമായ സന്തോഷം പങ്കിട്ടിരുന്നു. ഒരുകോടിയുടെ അടുത്ത് വില വരുന്ന ലെക്‌സസ് കാര്‍ ആണ് താരം തന്റെ ഗാരേജിലെത്തിച്ചിരിക്കുന്നത്. പുതിയ കാര്‍ അമ്പലത്തിലെത്തിച്ച് പൂജ ചെയ്യുന്ന ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.

കാര്‍ എത്തിയതിന് പിന്നാലെ താര പറയുന്ന വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്.
ഒരു ജീവിതമേയുള്ളു, മനസിലുള്ള ആഗ്രഹങ്ങള്‍ ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ യാഥാര്‍ഥ്യമാക്കണമെന്ന് ബാല പറയുന്നു. നീ നിനക്ക് വേണ്ടി ജീവിച്ചിട്ട് എത്രകാലമായെന്ന് തന്നോട് അമ്മയും ചേട്ടനും ചോദിക്കുന്നുണ്ടെന്നും ബാല പറഞ്ഞു.

ഞാന്‍ എന്റെ കഴിഞ്ഞ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു, എനിക്കെന്റെ ജീവിതത്തില്‍ ഒരുപാട് ആഗ്രഹങ്ങളുണ്ട്. എല്ലാം കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളാണ്. എനിക്കൊരു 2 സീറ്റര്‍ വണ്ടി വാങ്ങണമെന്നാണ് ആദ്യം ആഗ്രഹിച്ചിരുന്നത്.

പക്ഷെ അതിലേക്കൊന്നും മനസ് പോയില്ല. മറ്റെന്ത് ചെയ്യാന്‍ പറ്റുമെന്ന് ചിന്തിച്ചു. ചാരിറ്റി ചെയ്യുന്നത് കുറയ്ക്കണോ എന്ന് ആലോചിച്ചു. പക്ഷെ അത് സന്തോഷം നല്‍കുന്ന കാര്യമായിരുന്നു.

പിന്നീട് 2 സീറ്റര്‍ വണ്ടി എടുക്കാമെന്ന് കരുതി. വീട്ടില്‍ അമ്മയും ചേട്ടനുമൊക്കെ ചോദിച്ചു, നീ നിനക്ക് വേണ്ടി ജീവിച്ചിട്ട് എത്രകാലമായി എന്ന്. പക്ഷെ എനിക്ക് ഒന്നിനോടും സന്തോഷം തോന്നിയില്ല. എന്നാല്‍ ലെക്സസിന്റെ ഈ കാര്‍ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. നമ്മുടെ ജീവിതത്തില്‍ ഒരു സ്റ്റേജിന് അപ്പുറം നമ്മുക്ക് എല്ലാത്തിലും എക്‌സൈറ്റ്‌മെന്റ് ഉണ്ടാകില്ല, താരം പറയുന്നു.

ചെറുപ്പത്തില്‍ ചോക്കിന് പകരം പെന്‍സില്‍ കിട്ടുമ്പോള്‍ വല്ലാത്ത സന്തോഷമായിരിക്കും. അതിന് ശേഷം ഇങ്ക് പെന്‍ കിട്ടുമ്പോള്‍ അതിലേറെ സന്തോഷംമാവും. തനിക്ക് ഇങ്ക് പെന്‍ കിട്ടാന്‍ വേണ്ടി ആറ് മാസം കിടന്ന് കരഞ്ഞിട്ടുണ്ട്. അതും ഒരു ഹീറോ പെന്‍ കിട്ടാനെന്നും ബാല പറഞ്ഞു.

അതെല്ലാം ആ പ്രായത്തില്‍ എക്‌സൈറ്റ്‌മെന്റ് തരുന്ന കാര്യങ്ങളാണ്. അത് കഴിഞ്ഞാല്‍ പിന്നെ ഉണ്ടാകില്ല, ഞാന്‍ എല്ലാവരോടും പറയുന്നത് അതാണ്. ജീവിതം ഒന്നേ ഉള്ളൂ. അത്യാവശ്യം നമ്മുടെ കടമകള്‍ ചെയ്യുക. പിന്നെ മനസിലുള്ള ആഗ്രഹങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സാധിക്കുക.

നിങ്ങളുടെ ആഗ്രഹം എന്ത് തന്നെ ആയാലും, അതിപ്പോള്‍ കാര്‍ ആയാലും വീട് ആയാലും നിങ്ങള്‍ അതിനോട് ആഗ്രഹം പുലര്‍ത്തി മുന്നോട്ട് പോയാല്‍ ഉറപ്പായും അത് നേടാന്‍ സാധിക്കുമെന്നും ബാല പറയുന്നു.

Anu B